ഷാർജയിൽ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റിവെച്ചു
കോൺസുലേറ്റ് ഇടപെടലിനെ തുടർന്നാണ് തീരുമാനം
ഷാർജ: ഷാർജയിൽ മരിച്ച കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റിവെച്ചു. സംസ്‌കാരം നടക്കുന്നതിന് തൊട്ടുമുമ്പ് കുഞ്ഞിന്റെ മൃതദേഹം വീണ്ടും മോർച്ചറിയിലേക്ക് മാറ്റി. ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടതോടെയാണിത്. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിൽ സംസ്‌കരിക്കാൻ അനുവദിക്കണമെന്ന് വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടിരുന്നു.
ഷാർജയിലെ വീട്ടിലാണ് വിപഞ്ചികയേയും ഒന്നേകാൽ വയസുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്തിരുന്നു. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിൽ കുണ്ടറ പൊലീസാണ് കേസെടുത്തത്. ഭർത്താവ് നിതീഷിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആർ.
ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കേസിൽ നിതീഷ് ഒന്നാം പ്രതി, സഹോദരി നീതു രണ്ടാം പ്രതി, അച്ഛൻ മൂന്നാം പ്രതിയുമാണ്.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ ഗുരുതര ആരോപണവുമായി അമ്മ ഷൈലജ രംഗത്തെത്തിയിരുന്നു. മകൾ വിപഞ്ചികയെ ഭർത്താവ് നിതീഷും ഭർതൃ പിതാവും ഭർതൃ സഹോദരിയും ചേർന്ന് കൊലപ്പെടുത്തിയതെന്നായിരുന്നു അമ്മയുടെ പരാതി. സ്ത്രീധനത്തിൻറെ പേരിൽ ഭർത്താവും വീട്ടുകാരും കൊല്ലാക്കൊല ചെയ്തുവെന്ന് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.
ഷാർജയിൽ വച്ച് ഭർത്താവ് നിതീഷും വീട്ടുകാരും ചേർന്ന് വിപഞ്ചികയെ ശരീരികമായും മാനസികമായും പീഡിപ്പിച്ച വിവരങ്ങൾ എല്ലാം ആത്മഹത്യാക്കുറിപ്പിൽ കൃത്യമായി പറയുന്നു. ഭർത്താവിന്റെ അടുത്ത് നിന്ന് രക്ഷപെട്ട് മകളുമായി നാട്ടിൽ വരാൻ ശ്രമിച്ച വിപഞ്ചികയെ നിതീഷ് തടഞ്ഞുവെന്ന് അമ്മ പറയുന്നു. ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉള്ള വിപഞ്ചികയുടെ ചിത്രങ്ങളും കുടുംബത്തിന് ലഭിച്ചു. മൃതദേഹം നാട്ടിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്താൻ ആണ് കുടുംബത്തിന്റെ നീക്കം.