പ്രവാസി വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ആപാർ ഐ.ഡി ആവശ്യമില്ലെന്ന് സിബിഎസ്ഇ തീരുമാനം

ഇന്ത്യയിലെ വിദ്യാർഥികൾക്ക് മാത്രമാകും ആപാർ നിർബന്ധമാവുക

Update: 2025-08-28 15:53 GMT
Editor : razinabdulazeez | By : Web Desk

ദുബൈ: പ്രവാസി വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ആപാർ ഐ.ഡി ആവശ്യമില്ലെന്ന് സിബിഎസ്ഇ തീരുമാനം. ഇന്ത്യയിലെ വിദ്യാർഥികൾക്ക് മാത്രമാകും ആപാർ നിർബന്ധമാവുക. ഇത് സംബന്ധിച്ച സിബിഎസ്ഇയുടെ നിർദേശം ഗൾഫിലെ സ്കൂളുകൾക്ക് ലഭിച്ചു. ആധാർകാർഡ് ഇല്ലാത്തതിനാൽ ആപാർ ഐ.ഡി തയാറാക്കാൻ കഴിയാത്ത പ്രവാസി വിദ്യാർഥികളുടെ ആശങ്ക മീഡിയവൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സിബിഎസ്ഇയുടെ തീരുമാനം.

വിദ്യാർഥികളുടെ അക്കാദമിക രേഖകൾ 12 അക്ക ഏകീകൃത നമ്പറിന് കീഴിലാക്കുന്നതിന് ഓരോ വിദ്യാർഥികൾക്കും ആപാർ നമ്പർ തയാറാക്കാൻ ഗൾഫിലെ സ്കൂളുകൾക്കും സിബിഎസ്ഇ നിർദേശം നൽകിയിരുന്നു. ആപാർ ഐ.ഡിയിലെ വിദ്യാർഥികളുടെ പേരും മേൽവിലാസവും ആധാർ കാർഡിന്റെ അടിസ്ഥാനത്തിലാണ് ഉറപ്പാക്കേണ്ടത്. എന്നാൽ, ഭൂരിപക്ഷം പ്രവാസികൾക്കും ആധാർകാർഡില്ല. ഗൾഫിലെ സ്കൂളുകളിൽ ഇന്ത്യക്കാരല്ലാത്ത വിദ്യാർഥികളും സിബിഎസ്ഇ സിലബിൽ പഠിക്കുന്നുമുണ്ട്.

Advertising
Advertising

ഒമ്പത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ പരീക്ഷാ രജിസ്ട്രേഷന് സിബിഎസ്ഇ ആപാർ ഐ.ഡി ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു. ആധാറില്ലാത്ത പ്രവാസി വിദ്യാർഥികളും രക്ഷിതാക്കളും എങ്ങനെ ആപാർ നമ്പർ തയാറാക്കും എന്ന ആശങ്കയിലായിരുന്നു. ഇക്കാര്യം ചുണ്ടാക്കാട്ടി ഗൾഫിലെ സ്കൂളുകൾ ദുബൈയിലെ സിബിഎസ്ഇ മേഖലാ ഓഫീസിനെ സമീപിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. ഇന്നലെ, പരീക്ഷക്ക് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് സിബിഎസ്ഇ പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് പ്രവാസി വിദ്യാർഥികൾക്ക് ആപാർ നമ്പർ ബാധകമാക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. വിദേശത്തെ സ്കൂളുകളിൽ ആപാർ ഐ.ഡി തയാറാക്കാൻ ഭരണപരമായ തടസ്സങ്ങളുള്ളതിനാൽ അവരെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കുന്നു എന്നാണ് സിബിഎസ്ഇ നോട്ടിഫിക്കേഷൻ വ്യക്തമാക്കുന്നത്. തീരുമാനം പ്രവാസി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാകും.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News