സി.ബി.എസ്.ഇ പരീക്ഷാ ഫലം: യു.എ.ഇയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് മികച്ച വിജയം

യു.എ.ഇയിലെ ഒട്ടുമിക്ക സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ 90 ശതമാനത്തിലേറെ മാര്‍ക്ക് നേടി

Update: 2023-05-12 18:36 GMT
Editor : ijas | By : Web Desk

ദുബൈ: സി.ബി.എസ്.ഇ.പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ യു.എ.ഇയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. യു.എ.ഇയിലെ ഒട്ടുമിക്ക സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ 90 ശതമാനത്തിലേറെ മാര്‍ക്ക് നേടി. നിരവധി സ്കൂളുകൾ നൂറ് മേനി കൊയ്തു.

യു.എ.ഇയിൽ ജെംസ് എജ്യൂക്കേഷന്‍റെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ആകെ 2212 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 99.9 ശതമാനവും വിജയം നേടി. ജെംസ് ഗ്രൂപ്പില്‍ പത്താം തരത്തില്‍ 675 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 81.1 ശതമാനം വിജയം കൈവരിച്ചു. ഡല്‍ഹി പ്രൈവറ്റ് സ്‌കൂളില്‍ 210 വിദ്യാര്‍ഥികള്‍ സി.ബി.എസ്.ഇ.പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതി. അതില്‍ 94.8 ശതമാനം പേര്‍ ഡിസ്റ്റിഗ്ഷന്‍ നേടി. 30 ശതമാനം വിദ്യാര്‍ഥികള്‍ 100 ശതമാനം മാര്‍ക്ക് നേടി പാസ്സായി.

Advertising
Advertising

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ റാസല്‍ഖൈമ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ 100 ശതമാനം വിജയം നേടി. സയന്‍സ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ 40 കുട്ടികളില്‍ 32 പേര്‍ ഡിസ്റ്റിങ്ഷനും എട്ട് പേര്‍ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. 31 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കൊമേഴ്സ് വിഭാഗത്തില്‍ 15 വിദ്യാര്‍ഥികള്‍ ഡിസ്റ്റിങ്ഷനും 14 പേര്‍ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. വിജയികളെ സ്‌കൂള്‍ ചെയര്‍മാന്‍ റെജി സ്‌കറിയ, പ്രിന്‍സിപ്പല്‍ ജിഷ ജയന്‍ എന്നിവര്‍ അഭിനന്ദിച്ചു.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളും ഇത്തവണ മികവാര്‍ന്ന വിജയം നേടി. പരീക്ഷയെഴുതിയ 588 വിദ്യാര്‍ഥികളില്‍ 39 പേര്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. ദുബൈയിലെ ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ 100 ശതമാനം വിജയിച്ചു. പരീക്ഷയെഴുതിയ 83 പേരും ഫസ്റ്റ് ക്ലാസ് നേടി വിജയിച്ചു. അല്‍ഐന്‍ ഇന്ത്യന്‍ സ്‌കൂളും സയന്‍സ്, കൊമേഴ്‌സ് വിഭാഗങ്ങളില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി തിളങ്ങി. ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ 43 പേര്‍ സയന്‍സ് വിഭാഗത്തിലും 52 പേര്‍ കൊമേഴ്‌സ് വിഭാഗത്തിലും പരീക്ഷയെഴുതിയിരുന്നു. 100 ശതമാനം വിജയമാണ് സ്‌കൂള്‍ കരസ്ഥമാക്കിയത്.

റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ സയന്‍സ്, കൊമേഴ്‌സ് വിഭാഗത്തിലായി പരീക്ഷയെഴുതിയ 152 പേരും മികച്ച വിജയം നേടി. 69 പേര്‍ ഡിസ്റ്റിഗ്ഷനും 47 പേര്‍ ഫസ്റ്റ് ക്ലാസും സ്വന്തമാക്കി. ഷാര്‍ജ ദി എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 128 പേരും മികച്ച വിജയം നേടി. ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ സയന്‍സ്, കൊമേഴ്‌സ് വിഭാഗത്തില്‍ നിന്നുള്ള 80 പേരും നല്ല മാര്‍ക്ക് വാങ്ങി വിജയിച്ചു. 44 പേര്‍ ഡിസ്റ്റിഗ്ഷനും 35 പേര്‍ ഫസ്റ്റ് ക്ലാസും നേടി.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News