മികച്ച ഹോം ഗാർഡനുണ്ടോ, ദുബൈയിൽ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷങ്ങൾ
എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 21
ദുബൈ: മികച്ച ഹോം ഗാർഡനുണ്ടോ, ദുബൈയിൽ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷങ്ങളാണ്. ദുബൈ മുനിസിപ്പാലിറ്റിയാണ് നിങ്ങൾക്കായി വലിയ അവസരങ്ങൾ സമ്മാനിക്കുന്നത്. ദുബൈയിലെ മികച്ച ഹോം ഗാർഡനുകൾക്ക് മൂന്ന് ലക്ഷം ദിർഹമിന്റെ സമ്മാനങ്ങൾ നൽകും. ദുബൈ മുനിസിപ്പാലിറ്റി തങ്ങളുടെ ഹോം-ഗാർഡൻ മത്സരത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ആരംഭിച്ചിരിക്കുകയാണ്. താമസക്കാർക്ക് അവരുടെ ഇടങ്ങളെ സുസ്ഥിരവും, വെള്ളം കാര്യക്ഷമമായി ഉപയോഗിക്കുന്നതുമായ മിനി-ഒയാസിസുകളാക്കി മാറ്റാൻ ഈ മത്സരം അവസരമൊരുക്കുന്നു.
'ദുബൈയിലെഏറ്റവും മനോഹരമായ സുസ്ഥിര ഹോം ഗാർഡൻ' എന്ന് പേരിൽ സംഘടിപ്പിക്കുന്ന ഈ മത്സരം, കാലാവസ്ഥക്ക് അനുയോജ്യമായ സസ്യങ്ങൾ നടുന്നതിനും ജലം സംരക്ഷിക്കുന്നതിനും സാധ്യമാകുന്നിടത്തെല്ലാം പുനരുപയോഗ ഊർജ്ജം ഉപയോഗിക്കുന്നതിനും വീടുടമകളെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഔട്ട്ഡോർ ഗാർഡൻ സ്ഥലമുള്ള വില്ലകളിൽ താമസിക്കുന്ന ദുബൈ നിവാസികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വില്ല ഉടമകൾക്കും വാടകക്കാർക്കും പങ്കെടുക്കുന്നതിന് തടസ്സമില്ല. ഇൻഡോർ ഗാർഡനുകൾക്കും റൂഫ്‌ടോപ്പ് ഗാർഡനുകൾക്കും മത്സരത്തിൽ പങ്കെടുക്കാൻ പറ്റില്ല. എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 21 ആണ്. വിജയികളെ 2026 മാർച്ചിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും.