ഹിന്ദുക്കൾ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് അറിയിപ്പ്; പരസ്യം വ്യാജമെന്ന് ദുബൈ ആസ്ഥാനമായ കമ്പനി
ജി.ബി.എം.ടി സ്റ്റീൽ സർവീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് അറിയിപ്പ് പ്രചരിപ്പിച്ചത്. സ്ഥാപനത്തിൽ സേഫ്റ്റി ഓഫീസർമാരുടെ അഞ്ച് ഒഴിവുണ്ടെന്നും ഹിന്ദു ഉദ്യോഗാർഥികൾ മാത്രം അപേക്ഷിച്ചാൽ മതിയെന്നുമായിരുന്നു അറിയിപ്പ്.
ദുബൈ: ഹിന്ദുക്കൾ മാത്രം അപേക്ഷിച്ചാൽ മതിയെന്ന അറിയിപ്പോടെ ജോലിക്കാരെ ക്ഷണിച്ച് പ്രസിദ്ധീകരിച്ച പരസ്യം വ്യാജമെന്ന് ദുബൈ ആസ്ഥാനമായ കമ്പനി. ജി.ബി.എം.ടി കമ്പനിയുടെ പരസ്യമാണ് വിവാദമായത്. മതവിവേചനം കാട്ടിയെന്ന ആരോപണമുയർന്നതോടെ കമ്പനിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
ജി.ബി.എം.ടി സ്റ്റീൽ സർവീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് അറിയിപ്പ് പ്രചരിപ്പിച്ചത്. സ്ഥാപനത്തിൽ സേഫ്റ്റി ഓഫീസർമാരുടെ അഞ്ച് ഒഴിവുണ്ടെന്നും ഹിന്ദു ഉദ്യോഗാർഥികൾ മാത്രം അപേക്ഷിച്ചാൽ മതിയെന്നുമായിരുന്നു അറിയിപ്പ്. 3000 ദിർഹം മുതൽ 5000 ദിർഹം വരെയായിരുന്നു ശമ്പള വാഗ്ദാനം. സി.വി അയക്കാനുള്ള ഇ-മെയിലും ഫോൺ നമ്പറുമെല്ലാം ഇതിനൊപ്പം നൽകിയിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഇതു പ്രചരിച്ചതോടെയാണ് വിശദീകരണവുമായി കമ്പനി അധികൃതർ രംഗത്ത്‌വന്നത്.
തങ്ങൾ ഇത്തരമൊരു അറിയിപ്പ് നൽകിയിട്ടില്ലെന്നും ദുബൈ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു. ആരാണ് ഈ പരസ്യത്തിന് പിന്നിൽ എന്നറിയില്ല. സ്ഥാപനത്തെ അപകീർത്തിപെടുത്താനും അതുവഴി പണം തട്ടാനുമുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നിലെന്ന് കരുതുന്നതായും കമ്പനി പ്രതികരിച്ചു. യു.എ.ഇ രാജകുടുംബാംഗം ശൈഖ ഹിന്ദിൻ അടക്കം പലരും ഈ അറിയിപ്പിന്റെ സ്‌ക്രീൻഷോട്ട് ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടായി ദുബൈ ഇൻവസ്റ്റ്‌മെന്റ് പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ജി.ബി.എം.ടി സ്റ്റീൽ. അബൂദബിയിലും കമ്പനിക്ക് ഫാക്ടറിയുണ്ട്.