Writer - razinabdulazeez
razinab@321
ദുബൈ: ദുബൈ മെട്രോയുടെ ബ്ലൂലൈൻ പാതയുടെ നിർമാണം 10 ശതമാനം പിന്നിട്ടതായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അഞ്ച് മാസം മുമ്പാണ് പുതിയ പാത നിർമാണം ആരംഭിച്ചത്. രണ്ട് ദിശയിലായി 30 കിലോമീറ്ററാണ് ബ്ലൂലൈൻ പാത. 14 സ്റ്റേഷനുകളും ഈ പാതയിലുണ്ടാകും.
അടുത്ത വർഷം അവസാനത്തോടെ 30 ശതമാനം നിർമാണം പൂർത്തിയാക്കുമെന്ന് ആർ.ടിഎ അധികൃതർ പറഞ്ഞു. ദുബൈ മെട്രോക്ക് 20 വയസ് പൂർത്തിയാവുന്ന 2029 സെപ്റ്റംബർ ഒമ്പതിന് പുതിയ പാതയുടെ നിർമാണം പൂർത്തിയാകും. ദുബൈയിലെ പ്രധാന താമസ, അകാദമിക, സാമ്പത്തിക, ടൂറിസം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ബ്ലൂലൈൻ മെട്രോ പാത. 3000 തൊഴിലാളികളും 500 എൻജിനീയർമാരും നിർമാണരംഗത്തുണ്ടെന്ന് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു.
14 സ്റ്റേഷനുകൾ ഉൾപ്പെടുന്ന 30 കിലോമീറ്ററാണ് ബ്ലൂലൈൻ പാതയുടെ നീളം. രണ്ട് ദിശകളിലൂടെ ഈ പാത കടന്നുപോകും. ആദ്യത്തേത് ജെദ്ദാഫിലെ ക്രീക്ക് ഇന്‍റർസെക്ഷൻ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ദുബൈ ഫെസ്റ്റിവൽ സിറ്റി, ദുബൈ ക്രീക്ക് ഹാർബർ, റാസ് അൽ ഖോർ വ്യവസായ വഴി ഇന്‍റർനാഷനൽ സിറ്റി വണ്ണിൽ എത്തും. ഒരു ഭൂഗർഭ ഇന്‍റർചേഞ്ച് സ്റ്റേഷനും ഇതിലുണ്ടാകും.
റാശിദിയ സെന്‍റർപോയിന്‍റ് ഇന്‍റർചേഞ്ച് സ്റ്റേഷനിൽ നിന്നാണ് രണ്ടാമത്തെ റൂട്ട് ആരംഭിക്കുക. മിർദിഫ്, അൽ വർഖ എന്നിവിടങ്ങളിലൂടെ ഇന്‍റർനാഷനൽ സിറ്റിയിലെ ഇന്‍റർചേഞ്ച് സ്റ്റേഷനുമായി ബന്ധിപ്പിക്കും. ഇന്റർനാഷണൽ സിറ്റി ടൂ, ദുബൈ സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി വരെ നീളുന്ന ഈ ദിശയിൽ നാലു സ്റ്റേഷനുണ്ടാകും. അൽറുവയ്യയിൽ മെട്രോ ഡിപ്പോയും പദ്ധതിയുടെ ഭാഗമാണ്.