അടിപിടി കേസിൽ അമ്മ അറസ്റ്റിലായി; കുഞ്ഞിനും അമ്മക്കും ജയിലിൽ സൗകര്യമൊരുക്കി ദുബൈ പൊലീസ്
ദുബൈ നാഇഫ് പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥരാണ് പ്രതിയുടെ അഭ്യർഥന മാനിച്ച് കുഞ്ഞിനെ അമ്മക്കരികിൽ എത്തിച്ചത്.
ദുബൈ: അറസ്റ്റിലായ അമ്മക്ക് കൈക്കുഞ്ഞിനെ എത്തിച്ചു നൽകി ദുബൈ പൊലീസ്. അടിപിടി കേസിൽ അറസ്റ്റിലായ അമ്മയുടെ അഭ്യർത്ഥനമാനിച്ച് മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെയാണ് ദുബൈ പൊലീസ് ജയിലിൽ എത്തിച്ചുനൽകിയത്. ദുബൈ നാഇഫ് പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥരാണ് പ്രതിയുടെ അഭ്യർഥന മാനിച്ച് കുഞ്ഞിനെ അമ്മക്കരികിൽ എത്തിച്ചത്.
ആഫ്രിക്കൻ സ്വദേശിയായ വനിതയാണ് അടിപിടി കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായത്. കസ്റ്റഡിയിലിരിക്കെ തനിക്ക് മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞുണ്ടെന്നും, കുഞ്ഞിനെ സംരക്ഷിക്കാൻ പുറത്ത് ആരുമില്ലെന്നും നഈഫ് പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥരെ പ്രതി അറിയിച്ചു. ഇവരുടെ അഭ്യർഥന മാനിച്ച് ഒരു മണിക്കൂറിനുള്ളിൽ ദുബൈ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കുഞ്ഞിനെ തിരിച്ചറിഞ്ഞ പൊലീസ് അമ്മക്ക് അരികിൽ കുഞ്ഞിനെ എത്തിച്ചു നൽകി. പിന്നീട് അമ്മയെയും കുഞ്ഞിനെയും ദുബൈ വനിതാ ജയിലിലേക്ക് മാറ്റി.
കുട്ടികൾ ജയിലിൽ വളരരുത് എന്നാണ് പൊലീസിന്റെ നയം എങ്കിലും അമ്മമാർ തടവിലാകുമ്പോൾ ഇത് ഒഴിവാക്കാനാവാകത്ത സാഹചര്യമുണ്ടെന്ന് വനിത ജയിൽ ഡയറക്ടർ കേണൽ ജമില അൽ സാബി പറഞ്ഞു. ജയിലിൽ അമ്മമാർക്കും കുട്ടികൾക്കുമുള്ള പ്രത്യേക ബ്ലോക്കിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ഇവിടെ പത്ത് ആയമാരെ നിയമിച്ചിട്ടുണ്ട്. ദിവസവും നിശ്ചിത സമയം അമ്മമാർക്ക് കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കാം. കുട്ടിക്ക് ഭക്ഷണം, വസ്ത്രങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, പ്രതിരോധ കുത്തിവെപ്പ് എന്നിവക്ക് ജയിലിൽ സൗകര്യം ഏർപ്പെടുത്തി.