യാത്രാ വിലക്കുണ്ടോ അറിയാം; സ്മാർട്ട് ആപ്പിന്റെയും വെബ്സൈറ്റിൻെയും നവീകരിച്ച പതിപ്പിറക്കി ദുബൈ പൊലീസ്
നിമിഷങ്ങൾക്കകം ഫയൽ സ്റ്റാറ്റസ് ലഭ്യമാകും
ദുബൈ: സർക്കുലറുകൾ ലഭ്യമായിരുന്ന സ്മാർട്ട് ആപ്പിന്റെയും വെബ്സൈറ്റിന്റെയും നവീകരിച്ച പതിപ്പിറക്കി ദുബൈ പൊലീസ്. യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടോ എന്നറിയാൻ സൗകര്യമേർപ്പെടുത്തിയാണ് നവീകരണം. ദുബൈ പൊലീസിന്റെ മൊബൈൽ ആപ്പിലെ സർവീസ് വിഭാഗത്തിൽ, എൻക്വയറീസ് ആന്റ് ഫോളോ അപ്പ് എന്ന സെക്ഷനിലാണ് യാത്രാവിലക്കുണ്ടോ എന്നറിയാൻ സാധിക്കുക.
സർക്കുലാർസ് ആന്റ് ട്രാവൽ ബാൻ എന്നതിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകിയാൽ ഏതെങ്കിലും കേസിൽ യാത്രാവിലക്കുണ്ടെങ്കിൽ യാത്രക്ക് മുമ്പേ അത് തിരിച്ചറിയാൻ സാധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടാതെ സേവനങ്ങൾ ലഭ്യമാകുന്ന സീറോ ബ്യൂറോക്രസി പദ്ധതിയുടെ ഭാഗമാണിത്.
ഇതിലൂടെ സാങ്കേതിക പരിവർത്തന പാത ശക്തിപ്പെടുകയും ഉപഭോക്തൃ നടപടിക്രമങ്ങൾ ലളിതമാകുകയും ചെയ്യും. നവീകരിച്ച പതിപ്പിലൂടെ വാടക തർക്കങ്ങളിലും മറ്റും പൊലീസ് സ്റ്റേഷനുകളിലോ നീതിന്യായ സ്ഥാപനങ്ങളിലോ ഉത്തരവാദിത്തപ്പെട്ട അധികാരികളിലോ നേരിട്ട് പോകാതെ തന്നെ ഉപഭോക്താക്കൾക്ക് മിക്ക റിപ്പോർട്ടുകളിലും തങ്ങളുടെ ക്രിമിനൽ, ഫിനാൻഷ്യൽ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.
തങ്ങളുടെ പേരിൽ ഏതെങ്കിലും റിപ്പോർട്ടുകളോ ഫിനാൻഷ്യൽ, ക്രിമിനൽ നടപടികളോ ഉണ്ടെങ്കിൽ ഏത് സ്ഥാപനത്തെ സമീപിക്കണമെന്ന് മനസ്സിലാക്കാനും കഴിയും. ദുബൈ പൊലീസ് സ്മാർട്ട് ആപ്പിലോ, www.dubaipolice.gov.ae എന്ന വെബ്സൈറ്റിലോ സേവനം തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകിയാൽ നിമിഷങ്ങൾക്കകം ഫയൽ സ്റ്റാറ്റസ് ലഭ്യമാകും.