മുഖം മിനുക്കി ദുബൈയിലെ ബസ് സ്റ്റേഷനുകൾ; 22 സ്റ്റേഷനുകളിൽ പുതിയ സൗകര്യങ്ങൾ
ദുബൈ: മുഖം മിനുക്കി ദുബൈയിലെ ബസ് സ്റ്റേഷനുകൾ. നഗരത്തിലെ 22 ബസ് സ്റ്റേഷൻ നവീകരിക്കുന്ന ജോലികൾ പൂർത്തിയായതായി ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
16 യാത്രാ സ്റ്റേഷനുകളിലും ആറ് ബസ് ഡിപ്പോകളുമാണ് കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ചത്. ദേരയിലെ ഒമ്പത് യാത്രാ സ്റ്റേഷനുകളിലും ബർദുബൈയിലെ ഏഴ് സ്റ്റേഷനുകളിലുമാണ് വികസന പദ്ധതി നടപ്പാക്കിയത്. 110 റൂട്ടുകളിലേക്ക് സർവീസ് നടത്തുന്ന സ്റ്റേഷനുകളാണിത്.
യാത്രക്കാരുടെ കാത്തിരിപ്പ് സ്ഥലം, നടപ്പാത, കെട്ടിടങ്ങളുടെ പുറംഭാഗ എന്നിവയെല്ലാം നവീകരിച്ചു. ചില സ്ഥലങ്ങളിൽ പ്രാർഥനാ മുറികളും ഉൾപ്പെടുത്തി. അൽ ഖവാനീജ്, അൽ ഖിസൈസ്, അൽ റുവൈദ, അൽ അവീർ, ജബൽ അലി, അൽ ഖൂസ് എന്നിവിടങ്ങളിലെ ഡിപ്പോകളാണ് നവീകരിച്ചത്. വർക്ഷോപ്പുകൾ, അറ്റകുറ്റപ്പണികൾക്കും പരിശോധനകൾക്കുമായി പ്രത്യേകമായ ബേകൾ, ഡ്രൈവർമാരുടെ താമസ സ്ഥലം എന്നിവയും നവീകരിച്ചിട്ടുണ്ട്.