യു.എ.ഇയിൽ കനത്ത മഴ; റോഡ് ഗതാഗതം മുതൽ വിമാന സർവീസുകൾ വരെ താളം തെറ്റി

ദുബൈ മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മെട്രോ സർവീസുകളും റദ്ദാക്കി.

Update: 2024-04-16 16:30 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: കനത്ത മഴയിൽ യു.എ.ഇയിലെ ജനജീവിതം താളംതെറ്റി. റോഡ് ഗതാഗതം മുതൽ വിമാന സർവീസുകളെ വരെ മഴ ബാധിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം അരമണിക്കൂറോളം നിർത്തിവെക്കേണ്ടി വരികയും 45 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. ദുബൈ മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മെട്രോ സർവീസുകളും റദ്ദാക്കി. റെഡ്‌ലൈനിൽ യു.എ.ഇ എക്‌സ്‌ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു.

ഏഴ് എമിറേറ്റുകളിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. തെക്കൻ അൽഐനിൽ കനത്ത ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. പലയിടങ്ങളിലും റോഡിന് നാശനഷ്ടം നേരിട്ടത്തിനാൽ പാതകൾ അടച്ചു. റാസൽഖൈമയിലും, ഉമ്മുൽഖുവൈനിലും മണ്ണിടിച്ചിലിൽ റോഡുകൾ തകരുകയും കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിടുകയും ചെയ്തു. മേൽക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളിൽ വരെ ചോർച്ചയും അനുഭവപ്പെട്ടു. വെള്ളക്കെട്ടിൽ നൂറുകണക്കിന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മഴ ശക്തമാകുമെന്നതിനാൽ വീടുകളിൽ തന്നെ തുടരാനാണ് യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതിയുടെ നിർദേശം. രാത്രിയും വ്യാപക മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് സ്‌കൂൾ പഠനം ഓൺലൈനിലേക്ക് മാറ്റിയിരുന്നു. സർക്കാർ ജീവനക്കാർക്ക് നാളെയും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. ഗൾഫ് മേഖലയിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ ഫലമായി യു.എ.ഇയിക്ക് പുറമേ ഒമാൻ, ബഹ്‌റൈൻ, ഖത്തർ, സൗദി എന്നിവിടങ്ങളിലും മഴ തുടരുന്നുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News