ദുബൈ വിമാനത്താവളത്തിൽ എമിറേറ്റ്‌സ് യാത്രികർ ഇനി ക്യൂ നിൽക്കണ്ട!
ടെർമിനൽ മൂന്നിൽ 200 ഫേഷ്യൽ റെക്കഗ്‌നിഷൻ കാമറകൾ
ദുബൈയിലൂടെ എമിറേറ്റ്‌സ് വഴി സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഇനി ചെക്ക്-ഇൻ മുതൽ ബോർഡിംഗ് വരെ പാസ്പോർട്ടോ ഫോണോ എടുക്കാതെ നടക്കാം. ടെർമിനൽ മൂന്നിലുടനീളം 200-ലധികം ബയോമെട്രിക് കാമറകൾ വിന്യസിക്കുന്നതോടെയാണ് ഇത് സാധ്യമാകുക. യാത്രക്കാരുടെ നടപടികൾ വേഗത്തിലാക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനുമായി വകയിരുത്തിയ 8.5 കോടി ദിർഹം നിക്ഷേപത്തിന്റെ ഭാഗമാണിത്.
കാമറ നോക്കേണ്ട താമസം രജിസ്റ്റർ ചെയ്ത യാത്രക്കാരെ ചെക്ക്-ഇൻ, ഇമിഗ്രേഷൻ, ലോഞ്ചുകൾ, ബോർഡിംഗ് ഗേറ്റുകൾ എന്നിവയിലൂടെ കടന്നുപോകാൻ അനുവദിക്കുന്നതാണ് പുതിയ ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനർ അഫയേഴ്സ് ദുബൈ (GDRFA) ആണ് സംവിധാനം വികസിപ്പിച്ചത്.
ഒരു മീറ്റർ അകലെ നിന്ന് യാത്രക്കാരനെ ഈ സാങ്കേതികവിദ്യ തിരിച്ചറിയുമെന്നും രേഖകൾ കാണിക്കാതെ തന്നെ മുന്നോട്ടുപോകാൻ അനുവദിക്കുമെന്നും എമിറേറ്റ്‌സ് പറയുന്നു.
യുഎഇ നിവാസിയോ സന്ദർശകനോ ആകട്ടെ ഏതൊരു എമിറേറ്റ്‌സ് ഉപഭോക്താവിനും എമിറേറ്റ്‌സ് ആപ്പ്, സെൽഫ്-സർവീസ് കിയോസ്‌ക്ക്, ചെക്ക്-ഇൻ കൗണ്ടർ എന്നിവയിലൂടെ രജിസ്റ്റർ ചെയ്യാം. ഒരിക്കൽ സൈൻ അപ്പ് ചെയ്തുകഴിഞ്ഞാൽ, ദുബൈയിൽ നിന്നോ എയർപോർട്ട് വഴിയോ സഞ്ചരിക്കുമ്പോഴെല്ലാം അവർക്ക് പ്രത്യേക ബയോമെട്രിക് പാതകൾ ഉപയോഗിക്കാം.
ക്യൂ ഒഴിവാക്കാൻ എങ്ങനെ രജിസ്റ്റർ ചെയ്യാം?
ഘട്ടം 1: രജിസ്റ്റർ ചെയ്യുക
എമിറേറ്റ്‌സ് ആപ്പിലോ ചെക്ക്-ഇന്നിലോ സൈൻ അപ്പ് ചെയ്യുക. യാത്രക്കാർ എമിറേറ്റ്‌സ് സ്‌കൈവാർഡ്‌സ് അംഗങ്ങളായിരിക്കണം, അവരുടെ പാസ്പോർട്ട് സ്‌കാൻ ചെയ്യുകയും ബയോമെട്രിക് ഉപയോഗത്തിന് സമ്മതം നൽകുകയും വേണം. 18 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ.
ഘട്ടം 2: ചെക്ക്-ഇൻ
രേഖകൾക്ക് പകരം കിയോസ്‌ക്കുകളിൽ മുഖം തിരിച്ചറിയൽ സൗകര്യം ഉപയോഗിക്കുക. ഫ്‌ളൈറ്റ് ട്രാൻസ്ഫറുകൾക്കും ബയോമെട്രിക്‌സ് ഉടൻ ലഭ്യമാകും.
ഘട്ടം 3: ഇമിഗ്രേഷൻ
പാസ്പോർട്ട് കൺട്രോളിലൂടെ സഞ്ചരിക്കാൻ ടെർമിനൽ മൂന്നിൽ GDRFA സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കുക. യുഎഇ പൗരന്മാരും താമസക്കാരും, ജിസിസി പൗരന്മാരും ബയോമെട്രിക് പാസ്പോർട്ടുള്ള വിസ-ഓൺ-അറൈവൽ സന്ദർശകരും യോഗ്യരായ യാത്രക്കാരിൽ ഉൾപ്പെടുന്നു.
ഘട്ടം 4: ലോഞ്ച് ആക്സസ്
യോഗ്യരായ യാത്രക്കാർക്ക് കോൺകോഴ്സ് ബിയിലെ എമിറേറ്റ്സ് ലോഞ്ചുകളിൽ അഞ്ച് ഗേറ്റുകളിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ വഴി പ്രവേശിക്കാം.
ഘട്ടം 5: ബോർഡിംഗ്
കോൺകോഴ്സ് എ, ബി, സി എന്നിവയിലുടനീളമുള്ള തിരഞ്ഞെടുത്ത ഡിപ്പാർച്ചർ ഗേറ്റുകളിൽ ബയോമെട്രിക് ബോർഡിംഗ് അനുവദിക്കും. ബോർഡിംഗ് പാസ് കാണിക്കേണ്ട ആവശ്യമില്ല.
വിവരങ്ങൾ എങ്ങനെ ഉപയോഗിക്കും?
യാത്രക്കാരന് GDRFAD-യിൽ നേരത്തെ ബയോമെട്രിക് റെക്കോർഡ് ഉണ്ടെങ്കിൽ, രജിസ്റ്റർ ചെയ്ത ശേഷം എമിറേറ്റ്സ് അത് ഒത്തുനോക്കുന്നു. പുതിയ സന്ദർശകർക്ക് ഒരു താത്കാലിക പ്രൊഫൈൽ ലഭിക്കും. ദുബൈയിൽ പ്രവേശിച്ചതിന് ശേഷം സ്ഥിരം GDRFAD റെക്കോർഡിലേക്ക് അത് മാറ്റും.