ദുബൈയിൽ എക്സ്​പോ സിറ്റി മാൾ ഒരുങ്ങുന്നു; 190ലധികം ഔട്​ലെറ്റുകൾ

3,85,000 ചതുരശ്ര അടി വിസ്തീർണമുള്ള എക്‌സ്‌പോ സിറ്റി മാളാണ് പുതിയതായി ഒരുങ്ങുന്നത്

Update: 2023-04-11 19:08 GMT

ദുബൈ നഗരത്തിലെ താമസക്കാർക്കും സന്ദർശകർക്കും വേണ്ടി പുതുതായി ഒരു മാൾ കൂടി ഒരുങ്ങുന്നു. 3,85,000 ചതുരശ്ര അടി വിസ്തീർണമുള്ള എക്‌സ്‌പോ സിറ്റി മാളാണ് പുതിയതായി ഒരുങ്ങുന്നത്. അടുത്ത വർഷത്തോടെ മാൾ സന്ദർശകർക്കായി തുറന്ന് കൊടുക്കും.

190ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളും ആയിരത്തിലധികം പാർക്കിങ്​ സ്ഥലങ്ങളും മാളിലുണ്ടാകും. സന്ദർശകർക്ക്​ എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള​ സൗകര്യങ്ങൾ ഒരുക്കി വരികയാണ്​​. ഇതിന്‍റെ ഭാഗമായി ശൈഖ്​ മുഹമ്മദ് ബിൻ സായിദ് റോഡ്, എക്‌സ്‌പോ റോഡ്, ജബൽ അലി റോഡ്, ദുബൈ മെട്രോ എന്നിവയിലൂടെ പുതിയ ഷോപ്പിങ്​ സെന്‍ററിലേക്ക് എത്തിച്ചേരാൻ സംവിധാനമുണ്ടാകും.

Advertising
Advertising

ദുബൈ വലിയ മാളുകളുടെ നിർമാതാക്കളായ ഇമാർ ഗ്രൂപ്പാണ്​ എക്സ്​പോ സിറ്റി മാളിന്‍റെ ഒരുക്കങ്ങളും നിർവഹിക്കുന്നത്​. എക്സ്പോ സിറ്റി മാൾ അടുത്ത വർഷം ആദ്യം സന്ദർശകർക്കായി വാതിലുകൾ തുറക്കുമെന്ന്​ ഇമാർ ഗ്രൂപ്പ്​ അറിയിച്ചു. എന്നാൽ ഇത് ഇമാറിന്‍റെ മറ്റു ഷോപ്പിങ്​ മാളുകളായ ദുബൈ മാൾ, ദുബൈ ഹിൽസ് മാൾ എന്നിവയേക്കാൾ ചെറുതായിരിക്കും.

കഴിഞ്ഞ വർഷം ഒക്​ടോബറിൽ തുറന്ന എക്​സ്​പോ സിറ്റി നിലവിൽ തന്നെ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ്​. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കോൺഫറൻസുകളും പരിപാടികളും നഗരിയിൽ അടുത്ത വർഷങ്ങളിൽ നടക്കുകയും ചെയ്യും. എക്സ്​പോ 2020ദുബൈ ​മേളക്ക്​ വേണ്ടി ഒരുക്കിയ സംവിധാനങ്ങളുടെ 80ശതമാനവും നിലനിർത്തിയാണ്​ എക്സ്​പോ സിറ്റി സന്ദർശകർക്കായി തുറന്നത്​. എക്സ്​പോയുടെ നെടുംതൂണായ അൽവസ്​ൽ ഡോമും ജൂബിലി പാർക്കുമെല്ലാം നിലനിർത്തിയിട്ടുണ്ട്​. ഇവിടെ ലോകകപ്പ്​ ഫുട്​ബാളിന്‍റെ ഫാൻ സോൺ ഒരുക്കിയിരുന്നു. നഗരിയിലേക്ക്​ പ്രവേശനത്തിന്​ ടിക്കറ്റെടുക്കേണ്ടതില്ല. ഭാവിയിൽ എക്‌സ്‌പോ സിറ്റിയിലെത്തുന്നവർക്ക് പുതിയ മാൾ പ്രധാന ആകർഷണവും ഷോപ്പിങ്​ ഡെസ്റ്റിനേഷനുമായിരിക്കും.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News