ദുബൈയിൽ ഫേസ് ഐഡി ഉപയോഗിച്ച്, മൊബൈൽ ആപ്ലിക്കേഷൻ വഴി വിസക്ക് അപേക്ഷിക്കാം
നിലവിൽ വിമാനത്താവളത്തിൽ ഈ സൗകര്യമുണ്ട്
ദുബൈയിൽ ഫേസ് ഐഡി ഉപയോഗിച്ച്, മൊബൈൽ ആപ്ലിക്കേഷൻ വഴി വിസക്ക് അപേക്ഷിക്കാനുള്ള സംവിധാനം വരുന്നു. ദുബൈയിൽ പുരോഗമിക്കുന്ന ജൈറ്റൈക്സ് പ്രദർശനത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച സൂചന നൽകിയത്. നിലവിൽ ഈ സംവിധാനം ദുബൈയിലെ വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
വ്യക്തികളുടെ മുഖം തിരിച്ചറിയുന്ന ഫേഷ്യൽ ബയോമെട്രിക്ക് റെക്കഗ്നീഷ്യൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ദുബൈ താമസകുടിയേറ്റ വകുപ്പ് അഥവാ ജിഡിആർഎഫ്എ നൽകുന്ന മുഴുവൻ സേവനങ്ങളും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡയറക്ടർ ഫാത്തിമ സീലം അൽ മസ്റൂഈയെ ഉദ്ധരിച്ച് യു എ ഇ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
പദ്ധതി പൂർത്തിയാകുന്നതോടെ ജിഡിആർഎഫ്എയുടെ മൊബൈൽ ആപ്ലിക്കേഷനിൽ ഫേസ് ഐഡി ഉപയോഗിച്ച് വിസക്ക് അപേക്ഷിക്കാം. വീട്ടിൽ നിന്ന് തന്നെ വിസ, എൻട്രി പെർമിറ്റ് നടപടികൾ പൂർത്തിയാക്കാൻ അവസരം ലഭിക്കും. പാസ്പോർട്ടോ, എമിറേറ്റ്സ് ഐഡിയോ തിരിച്ചറിയൽ രേഖയായി സമർപ്പിക്കേണ്ടതില്ല എന്നതാണ് ഈ സാങ്കേതിക വിദ്യ നൽകുന്ന സൗകര്യം. നിലവിൽ ദുബൈ വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകളിൽ ഫേഷ്യൽ റെക്കഗനീഷ്യൻ സംവിധാനം ഉപയോഗിക്കുന്നുണ്ട്. പാസ്പോർട്ട് പോലുമില്ലാതെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന സംവിധാനമാണിത്. ജിഡിആർഎഫ്എ മൊബൈൽ ആപ്പിൽ എന്ന് മുതൽ ഈ സൗകര്യം ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.