ദുബൈയിലെ വമ്പൻ റോഡ് വികസന പദ്ധതി; ഫാൽക്കൻ ഇന്റർചേഞ്ച് 55% പൂർത്തിയായി
ആർ ടി എ നിലവിൽ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നായ അൽഷിന്ദഗ കൊറിഡോർ പദ്ധതിയുടെ ഭാഗമാണ് ഫാൽക്കൻ ഇന്റർചേഞ്ച്
അബുദാബി: ദുബൈ നഗരത്തിൽ നടപ്പാക്കുന്ന വൻ റോഡ് വികസന പദ്ധതിയായ ഫാൽക്കൻ ഇന്റർചേഞ്ച് പദ്ധതി പകുതിയിലേറെ പൂർത്തിയായതായി റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ആർ ടി എ നിലവിൽ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നായ അൽഷിന്ദഗ കൊറിഡോർ പദ്ധതിയുടെ ഭാഗമാണ് ഫാൽക്കൻ ഇന്റർചേഞ്ച്.
ഏഴ് ഘട്ടങ്ങളായി നടപ്പാക്കുന്ന ഷിന്ദഗ കൊറിഡോർ പദ്ധതിയുടെ ആറ് ഘട്ടങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. നിർമാണം പുരോഗമിക്കുന്ന ഫാൽക്കൻ ഇന്റർചേഞ്ച് 55 ശതമാനം പിന്നിട്ടതായി ആർ ടി എ ചെയർമാൻ മതാർ അൽതായർ പറഞ്ഞു. അൽ ഖലീജ്, ഖാലിദ് ബിൻ അൽ വലീദ്, അൽ ഗുബൈബ സ്ട്രീറ്റുകൾക്ക് ഇടയിലാണ് ഫാൽക്കൺ ഇന്‍റർചേഞ്ച് പദ്ധതി. ഷിന്ദഗയിലെ ഇൻഫിനിറ്റി പാലത്തിന് സമീപമുള്ള ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.
റാശിദ് തുറമുഖത്തിന് എൻട്രി, എക്‌സിറ്റ് പോയിന്‍റുകൾ നൽകുകയും പുതിയ പാലത്തിന് കീഴിൽ കൂടുതൽ പാർക്കിങ് സ്ഥലങ്ങളുണ്ടാക്കുന്നതും ഇതിന്റെ ഭാഗമാണ്. ഷിന്ദഗ ടണലിനെ ഇൻഫിനിറ്റി പാലവുമായും ദേര മേഖലയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. പദ്ധതിക്ക് കീഴിലെ പാലങ്ങളുടെയും തുരങ്കങ്ങളുടെയും ശേഷി മണിക്കൂറിൽ 28,800 വാഹനങ്ങളാണ്.
അൽ ഖലീജ് സ്ട്രീറ്റിൽ രണ്ട് പാലങ്ങൾ നിർമിക്കുന്നതും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആദ്യത്തെ പാലം 750 മീറ്റർ വടക്ക് ഭാഗത്തേക്കും രണ്ടാമത്തേത് 1,075 മീറ്റർ തെക്കുഭാഗത്തേക്കും നീളുന്നതാണ്. രണ്ട് ദിശകളിലുമായി മണിക്കൂറിൽ 24,000 വാഹനങ്ങൾ വരെ സഞ്ചരിക്കാൻ കഴിയുന്ന പാലങ്ങളാണിത്. ഓരോ ദിശയിലും ആറ് വരി റോഡുകളാണ് ഇതിനുണ്ടാവുക.