ദുബൈയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു; വേനലവധിയിൽ നാട്ടിലെത്തുക ദുഷ്‌കരം

സർവീസുകൾ കുറഞ്ഞതും തിരിച്ചടി

Update: 2023-05-23 18:42 GMT
Advertising

ദുബൈ: വേനലവധിക്ക് ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ സെക്ടറിൽ വിമാന നിരക്ക് കുതിച്ചുയരുന്നു. ദുബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് 2000 മുതൽ 3200 ദിർഹം വരെ ഉയർന്നു. സർവീസുകളുടെ ലഭ്യത കുറഞ്ഞതും അമിതമായ നിരക്കുവർധനക്ക് വഴിയൊരുക്കുന്ന ഘടകമാണ്.

ജൂൺ 28 ന് ബലിപെരുന്നാളിന് സാധ്യതയുള്ളതിനാൽ യു.എ.ഇയിൽ ഒരാഴ്ച അവധി ലഭിക്കുമെന്ന കണക്കുകൂട്ടലിൽ നാടുപിടിക്കാൻ ശ്രമിക്കുന്ന പ്രവാസികൾ ധാരാളം. ജൂൺ അവസാനത്തോടെ വേനലവധിക്കായി സ്‌കൂളുകൾ അടക്കുന്നതിനാൽ കുടുംബസമേതം നാട്ടിലെത്താൻ ആഗ്രഹിക്കുന്നവരും ഏറെയാണ്. എന്നാൽ കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്ക് ഇവരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി മാറുകയാണ്. ജൂൺ അവസാന വാരം മുതൽ ബജറ്റ് വിമാന കമ്പനികളുടെ ടിക്കറ്റിനു വരെ രണ്ടായിരമോ അതിലേറെയോ ചെലവിടേണ്ട അവസ്ഥയാണുള്ളത്.

ഇൻഡിഗോയും സ്പൈസ് ജെറ്റുമടക്കം 2000 ദിർഹം മുതൽ 3200 ദിർഹംവരെ ഈടാക്കുന്നുണ്ട്. കണ്ണൂർ പ്രവാസികളാണ് ശരിക്കും കുടുങ്ങുക. കണ്ണൂരിൽ നിന്ന് ദുബൈയിലേക്കും ഷാർജയിലേക്കും എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ജൂൺ അവസാനവാരം മിക്ക ദിവസങ്ങളിലും ഉയർന്ന നിരക്കാകും വിമാന കമ്പനികൾ ഈടാക്കുക.

ഗോ ഫസ്റ്റ് സർവീസുകൾ താൽക്കാലികമായി നിർത്തിയതിനാൽ ആ വിമാനത്തിൽ ടിക്കറ്റ് എടുത്തവരും വെട്ടിലായി. സർവീസ് പുനരാരംഭിച്ചില്ലെങ്കിൽ പുതിയ ടിക്കറ്റുകളെടുക്കാൻ ഇവരും നിർബന്ധിതമാകും. എയർ ഇന്ത്യ കോഴിക്കോട്ടേക്കുള്ള സർവീസുകൾ മാർച്ച് അവസാനം മുതൽ പൂർണമായും നിർത്തിയതും വിമാന നിരക്കിലെ വർധനക്ക് കാരണമായിട്ടുണ്ട്.


Full View

Flight ticket prices from Dubai to India are skyrocketing

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News