ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതി: ദുബൈയിൽ ഇനി ഗതാഗതക്കുരുക്കില്ലാതെ പോകാം...

അൽ ഖൈൽ -ശൈഖ് സായിദ് റോഡുകൾക്കിടയിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ

Update: 2026-01-13 11:42 GMT

ദുബൈയിലെ ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ ആദ്യ ഘട്ടം റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) തുറക്കുന്നതോടെ അൽ ഖൈൽ-ശൈഖ് സായിദ് റോഡുകൾക്കിടയിലെ ഗതാഗതക്കുരുക്ക് കുറയുമെന്ന് പ്രതീക്ഷ. 4.5 കിലോമീറ്റർ ദൂരം ഇരു ദിശകളിലേക്കും നാല് വരികളായാണ് വീതികൂട്ടിയിരിക്കുന്നത്. അൽ അസായിൽ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ് എന്നിവയുമായുള്ള ഇന്റർസെക്ഷനുകളിൽ പുതിയ പാലങ്ങൾ നിർമിച്ചു.

പദ്ധതിയുടെ 90 ശതമാനവും ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ഇന്റർസെക്ഷൻ നവീകരണങ്ങൾ, പുതിയ സൈക്ലിങ് ട്രാക്കുകൾ തുടങ്ങിയ അവശേഷിക്കുന്ന ജോലികൾ ഈ വർഷം രണ്ടാം പാദത്തിൽ പൂർത്തിയാകും.

Advertising
Advertising

അൽ സുഫൂഹ് 2, അൽ ബർഷ, ജുമൈറ വില്ലേജ് സർക്കിൾ തുടങ്ങിയ പ്രധാന മേഖലകളിൽ ഈ വികസനം സഹായകമാകും. 2030 ആകുമ്പോഴേക്കും ജനസംഖ്യ 640,000 കവിയുമെന്ന് പ്രതീക്ഷിക്കുന്നയിടങ്ങളാണിത്. നിർമാണം പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 8,000 ൽ നിന്ന് 16,000 വാഹനങ്ങളായി റോഡിന്റെ ശേഷി ഇരട്ടിയാകും.

അൽ സുഫൂഹിനെ ദുബൈ ഹിൽസുമായി ബന്ധിപ്പിക്കുന്ന 13.5 കിലോമീറ്റർ സൈക്ലിങ്, ഇ-സ്‌കൂട്ടർ ട്രാക്കും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ദുബൈ ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനുമായി നേരിട്ട് ബന്ധവുമുണ്ട്. ശൈഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും മുകളിലൂടെയുള്ള പ്രത്യേക പാലങ്ങൾ ഈ റൂട്ടിൽ ഉണ്ട്.

ദുബൈയുടെ റോഡ് ശൃംഖല വികസിപ്പിക്കാനും നഗര, ജനസംഖ്യാ വളർച്ചയ്ക്കൊപ്പം മുന്നേറാനുമുള്ള തുടർശ്രമങ്ങളുടെ ഭാഗമാണ് 690 മില്യൺ ദിർഹമിന്റെ പദ്ധതിയെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനുമായ മതർ അൽ തായർ പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News