സ്വദേശികൾക്ക് വൻ ഭവന നിർമാണ പദ്ധതിയുമായി ദുബൈ
അടുത്ത നാല് വർഷത്തിനുള്ളിൽ എമിറേറ്റിലെ പൗരന്മാർക്ക് 15,800 വീടുകളാണ് നിർമിച്ചു നൽകുക
സ്വദേശികൾക്ക് വൻ ഭവന നിർമാണ പദ്ധതിയുമായി ദുബൈ. അടുത്ത നാല് വർഷത്തിനുള്ളിൽ എമിറേറ്റിലെ പൗരന്മാർക്ക് 15,800 വീടുകളാണ് നിർമിച്ചു നൽകുക. ഇതുമായി ബന്ധപ്പെട്ട സംയോജിത ഭവന പദ്ധതിക്ക് ദുബൈയിൽ തുടക്കമായി.
ദുബൈ അൽ വർഖ, അൽ ഖവാനീജ്-2 എന്നിവിടങ്ങളിലായി നിർമിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർവഹിച്ചു. ഇരു പ്രദേശങ്ങളിലെ പദ്ധതികളും അദ്ദേഹം അവലോകനം ചെയ്തു. പാർപ്പിടങ്ങളുടെ ഗുണനിലവാരം അദ്ദേഹം വിലയിരുത്തി.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കാൻ സിറ്റിസൺസ് അഫയേഴ്‌സ് ആൻഡ് ഡെവലപ്‌മെന്‍റ് കമ്മിറ്റിയുമായി ചേർന്ന് ഒരു കൂട്ടം കമ്മ്യൂണിറ്റി പ്രോജക്ടുകൾ ഇവിടങ്ങളിൽ ആരംഭിക്കുമെന്നും ശൈഖ് ഹംദാൻ അറിയിച്ചു. പദ്ധതിയുടെ ലക്ഷ്യം പൗരന്മാർക്ക് വീടുകൾ നിർമിച്ചു നൽകുക മാത്രമല്ല. സംയോജിത റസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ വികസിപ്പിക്കുക, ഉയർന്ന ജീവിത നിലവാരം നൽകുക, കുടുംബ സ്ഥിരത ഉറപ്പാക്കുന്ന ഒരു സാമൂഹിക സംവിധാനം സൃഷ്ടിക്കുക എന്നിവയും അധികൃതർ മുന്നിൽ കാണുന്നുണ്ട്.
പൗരന്മാർക്ക് ഉയർന്ന നിലവാരമുള്ള ഭവനങ്ങൾ നൽകുന്നത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പ്രധാന മുൻഗണനയാണെന്നും ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു.