ജബൽഅലി തുറമുഖ തീപിടിത്തം: ദുബൈ സമഗ്രാന്വേഷണം പ്രഖ്യാപിച്ചു
തീപിടിത്തത്തിൽ ആളപായമില്ലെന്നും സംഭവം തുറമുഖത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു
ദുബൈ ജബൽഅലി തുറമുഖത്തിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ തുറമുഖ അധികൃതർ സമഗ്രാന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, അഗ്നിബാധ തുറമുഖത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും സംഭവത്തിൽ ആളപായമില്ലെന്നും സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.
യുഎഇ സമയം ഇന്നലെ രാത്രി 12നുശേഷമാണ് ജബൽഅലി തുറമുഖത്ത് വൻതീപിടിത്തമുണ്ടായത്. തുറമുഖത്ത് നങ്കുരമിട്ട ചരക്കുകപ്പലിലെ കണ്ടെയ്‌നറിൽനിന്നാണ് തീപടർന്നത്. തീപിടിത്തവും സ്‌ഫോടനശബ്ദവും രാത്രി നഗരവാസികളെ ആശങ്കയിലാക്കി. എന്നാൽ, 40 മിനിറ്റിനകം തീയണയ്ക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു. നിമിഷങ്ങൾക്കകം കപ്പലുകളിലെ ജീവനക്കാരെ ഒഴിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
HH Sheikh @MaktoumMohammed, today morning, visited Jebel Ali Port to direct efforts to ensure undisrupted continuation of the facility's operations. pic.twitter.com/g0kd1xiEEP
— Dubai Media Office (@DXBMediaOffice) July 8, 2021
തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കൾ കയറ്റിവന്ന കപ്പലിൽനിന്നാണ് അഗ്നിബാധയുണ്ടാതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ചെറുകപ്പലുകൾ എത്തുന്ന ടെർമിനൽ ഒന്നിലായിരുന്നു സംഭവം. വലിയ കപ്പലുകളെത്തുന്ന മറ്റ് മൂന്ന് ടെർമിനലുകളെ ഇത് ബാധിച്ചിട്ടില്ല. തീപിടിത്തമുണ്ടായ സമയത്തടക്കം തുറമുഖത്തിന്റെ പ്രവർത്തനം തടസപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
രക്ഷാപ്രവർത്തകരെ രാഷ്ട്രനേതാക്കൾ അഭിനന്ദിച്ചു. ദുബൈ രാജകുമാരൻ ശൈഖ് മക്തൂം ബിൻ മുഹമ്മദ് അൽ മക്തൂം ഉൾപ്പെടെയുള്ളവർ തുറമുഖത്ത് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.