മലയാളം മിഷൻ അധ്യാപക പരിശീലനം മെയ് 20, 21 ദിവസങ്ങളിൽ

Update: 2023-05-12 18:41 GMT
Advertising

അബൂദബി: സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന മലയാളം മിഷൻ അബൂദബി ചാപ്റ്ററിലേക്കുള്ള അധ്യാപകരുടെ സൗജന്യ പരിശീലനം മെയ് 20, 21 (ശനി, ഞായർ) ദിവസങ്ങളിൽ അബൂദബി കേരള സോഷ്യൽ സെന്ററിൽ വെച്ച് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 10 മുതലായിരിക്കും പരിശീലനം ആരംഭിക്കുക. രജിസ്ട്രേഷൻ രാവിലെ 9.30 ന് ആരംഭിക്കും. മലയാളം മിഷൻ രജിസ്ട്രാറും കവിയുമായ വിനോദ് വൈശാഖി, ഭാഷാധ്യാപകൻ ടി. സതീഷ്‌കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും.

'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന സന്ദേശവുമായി ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷൻ.

മലയാളം മിഷൻ അബൂദബി ചാപ്റ്ററിനു കീഴിൽ കീഴിൽ കേരള സോഷ്യൽ സെന്റർ, അബൂദബി മലയാളി സമാജം, അബൂദബി സിറ്റി, ഷാബിയ, ബദാസായിദ്, അൽ ദഫ്റ എന്നീ മേഖലകളിൽ എഴുപതിലേറെ സെന്ററുകളിലായി തൊണ്ണൂറോളം നിസ്വാർത്ഥരായ അധ്യാപകരുടെ കീഴിൽ രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ മലയാള ഭാഷയുടെ മാധുര്യം സൗജന്യമായി നുകർന്നുവരുന്നുണ്ട്.

Full View

വിവിധ മേഖലകളിൽ പുതുതായി ചേർന്ന വിദ്യാർത്ഥികൾക്കായി മെയ് 22ന് സംഘടിപ്പിക്കുന്ന പ്രവേശനോത്സവത്തിലൂടെ ആരംഭിക്കുന്ന സെന്ററുകളിലേയ്ക്ക് വേണ്ട അധ്യാപകരെ പരിശീലിപ്പിച്ചെടുക്കുന്നതിനാണ് അധ്യാപക പ്രതിശീലനക്കളരി സംഘടിപ്പിക്കുന്നത്.

അബൂദബി, മുസഫ, ബനിയാസ്, ബദാസായിദ്, അൽ ദഫ്റ പ്രദേശങ്ങളിൽ മലയാളം മിഷന്റെ പാഠ്യപദ്ധതിയനുസരിച്ച് സൗജന്യമായി മലയാള ഭാഷ പഠിപ്പിക്കുവാൻ താത്പര്യമുള്ളവർ മെയ് 18 നകം കേരള സോഷ്യൽ സെന്റർ (02 6314455), അബൂദബി മലയാളി സമാജം (050 2688458), ഇന്ത്യൻ ഇസ്ലാമിക് സെന്റർ (02 6424488) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മലയാളം മിഷൻ അബൂദബി ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News