ശൈത്യകാലം: ചൊവ്വാഴ്ച മുതൽ യുഎഇയിൽ കൂടുതൽ മഴ പ്രതീക്ഷിക്കാം
തണുപ്പുള്ള കാലാവസ്ഥയും ആരംഭിക്കും
ദുബൈ: ശൈത്യകാലം ആരംഭിക്കാനിരിക്കേ യുഎഇയിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം). തണുപ്പുള്ള കാലാവസ്ഥയും ആരംഭിക്കും. വേനൽക്കാലത്തിനും ശൈത്യകാലത്തിനുമിടയിലുള്ള അസ്ഥിര കാലാവസ്ഥയാണ് ഇപ്പോൾ പ്രദേശത്തുള്ളത്.
അബൂദബി, ദുബൈ, ഷാർജ, റാസൽഖൈമ, ഫുജൈറ തുടങ്ങിയ നിരവധി എമിറേറ്റുകളിൽ നിലവിൽ കനത്തതോ മിതമായതോ ആയ മഴ, ശക്തമായ കാറ്റ്, തണുത്ത താപനില എന്നിവ അനുഭപ്പെടുന്നുണ്ട്.
'അടുത്ത ആഴ്ച, ഒക്ടോബർ 21 നും അതിനുശേഷവും, യുഎഇയുടെ കിഴക്കൻ, തെക്കൻ ഭാഗങ്ങൾ മേഘാവൃതമായിരിക്കും. അത് മഴ പെയ്യാനിടയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ പ്രദേശങ്ങളിൽ മേഘങ്ങൾ രൂപം കൊള്ളും. ഏകദേശം ഒരു ആഴ്ച മുമ്പ്, അറേബ്യൻ കടലിൽ നിന്നുള്ള ഒരു ന്യൂന മർദം നമ്മുടെ പ്രദേശത്തെ ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്' എൻസിഎം കാലാവസ്ഥാ നിരീക്ഷകൻ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു.
'ഇത് ഉയർന്ന ആർദ്രതയും മേഘങ്ങളും കൊണ്ടുവരും, പ്രത്യേകിച്ച് രാവിലെ, ചിലപ്പോൾ പർവതങ്ങളിലും തെക്കുകിഴക്കൻ പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് കാരണമാകും' അദ്ദേഹം വ്യക്തമാക്കി.
'ശൈത്യകാലം ഔദ്യോഗികമായി ഡിസംബർ 21 നാണ് ആരംഭിക്കുക, പക്ഷേ അസ്ഥിര കാലാവസ്ഥ ഇതിനകം തന്നെ കാണാൻ തുടങ്ങിയിട്ടുണ്ട്. പകൽ മേഘങ്ങൾ വർധിക്കുകയാണ്' ഹബീബ് ചൂണ്ടിക്കാട്ടി.