പാസ്‌പോർട്ടിൽ ആശയക്കുഴപ്പം; ട്രാൻസ്‌ജെൻഡർ രഞ്ജു വിമാനത്താവളത്തിൽ കുടുങ്ങിയത് 30 മണിക്കൂർ

ഇന്ത്യൻ കോൺസുലേറ്റും ദുബൈ ഇമിഗ്രേഷൻ മേലുദ്യോഗസ്ഥരും ഇടപെട്ടു

Update: 2022-10-12 12:37 GMT
Editor : Dibin Gopan | By : Web Desk

ദുബൈ: പാസ്‌പോർട്ടിലെ ആശയക്കുഴപ്പം മൂലം ട്രാൻസ്‌ജെൻഡർ രഞ്ജു രഞ്ജിമാർ ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയത് 30 മണിക്കൂർ. തിങ്കളാഴ്ച രാവിലെ ആറിന് നാട്ടിൽ നിന്ന് ദുബൈ വിമാനത്താവളത്തിലെത്തിയ രഞ്ജു ചൊവ്വാഴ്ച രാവിലെ പത്തിനാണ് പുറത്തിറങ്ങിയത്. പഴയ പാസ്‌പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും രേഖപ്പെടുത്തിയിരുന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.

മുൻപും രഞ്ജു ദുബൈയിൽ എത്തിയിട്ടുണ്ടെങ്കിലും പ്രശ്‌നമുണ്ടായിരുന്നില്ല. പാസ്‌പോർട്ടിൽ കൃത്രിമം നടത്തിയതാണെന്ന സംശയം ഉടലെടുത്തതോടെ തിരിച്ച് നാട്ടിലേക്ക് പോകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. തിരിച്ചയക്കുന്നതിനായി ടിക്കറ്റെടുക്കാൻ നടപടിയും തുടങ്ങി. തുടർന്ന്, സാമൂഹിക പ്രവർത്തകൻ അഡ്വ. ഹാഷിഖ് തൈക്കണ്ടി, രഞ്ജുവിന്റെ സുഹൃത്ത് ഷീല സതികുമാർ തുടങ്ങിയവരുടെ ശ്രമമാണ് തുണയായത്. അധികൃതരുമായി നേരിട്ടും ഫോണിലും ബന്ധപ്പെട്ട ഇവർ കാര്യങ്ങൾ ബോധിപ്പിച്ചു.

ഇന്ത്യൻ കോൺസുലേറ്റും ദുബൈ ഇമിഗ്രേഷൻ മേലുദ്യോഗസ്ഥരും ഇടപെട്ടു. ഒരു രാത്രി മുഴുവൻ വിമാനത്താവളത്തിനുള്ളിൽ കഴിഞ്ഞ രഞ്ജു രാവിലെയാണ് പുറത്തിറങ്ങിയത്. മുൻപ് പുരുഷനായിരുന്ന രഞ്ജു ശസ്ത്രക്രിയയിലൂടെയാണ് സ്ത്രീയായി മാറിയത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News