വീഡിയോ കോളുമായി വ്യാജന്മാർ; യുഎഇയിൽ വീട്ടുജോലിക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പുകൾ വർധിക്കുന്നു
മുന്നറിയിപ്പുമായി റിക്രൂട്ട്മെന്റ് ഏജൻസികൾ
ദുബൈ: യുഎഇയിൽ വീട്ടുജോലിക്കാരെ ലക്ഷ്യമിട്ട് വീഡിയോ കോളുമായി തട്ടിപ്പ് സംഘങ്ങൾ. സർക്കാർ, പൊലീസ് ഉദ്യോഗസ്ഥരായി വേഷം മാറിയാണ് കോളുകൾ ചെയ്യുന്നതെന്ന് റിക്രൂട്ട്മെന്റ് ഏജൻസികൾ മുന്നറിയിപ്പു നൽകി. വർധിച്ചു വരുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദേശം.
തട്ടിപ്പ് സംഘങ്ങൾ വീഡിയോ, വോയ്സ് കോളുകളിൽ ഔദ്യോഗിക ലോഗോകളുടെ വ്യാജ പതിപ്പുകൾ ഉപയോഗിക്കുന്നുണ്ട്. വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ഔദ്യോഗിക യൂണിഫോമുകൾ ധരിച്ച് വ്യാജ രേഖകളും കാണിച്ചാണ് ജോലിക്കാരെ വലയിലാക്കുന്നത്. ഭയം കൊണ്ടോ ഭാഷാ പരിമിതി കൊണ്ടോ ചില ജോലിക്കാർ പാസ്പോർട്ടിന്റെ ഫോട്ടോകൾ നൽകുകയും നാടുകടത്തൽ ഒഴിവാക്കാൻ പണം കൈമാറുകയും ചെയ്തിട്ടുണ്ട്.
ഇത്തരം തട്ടിപ്പുകൾക്ക് ഒരു മില്യൺ ദിർഹം വരെ പിഴയും തടവും ലഭിക്കുമെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. യഥാർത്ഥ അധികാരികൾ കോളുകളിലോ ടെക്സ്റ്റ് സന്ദേശങ്ങളിലോ പണമോ വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെടില്ലെന്നും മുന്നറിയിപ്പ് നൽകി. കോളറുടെ ഐഡന്റിറ്റി ഔദ്യോഗിക ചാനലുകളിലൂടെ പരിശോധിക്കുകയും സംശയാസ്പദമായ സംഭവങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം പ്ലാറ്റ്ഫോമിലോ പ്രാദേശിക പൊലീസ് കമാൻഡ് സെന്ററിലോ ഉടൻ റിപ്പോർട്ട് ചെയ്യുകയും വേണമെന്ന് അധികൃതർ വ്യക്തമാക്കി.