നാല് വിദ്യാർഥികളെ മർദിച്ചു; അധ്യാപകന് രണ്ട് വർഷം തടവ്, ഒപ്പം നാടുകടത്തലും
ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങളിൽ വിദ്യാർഥികളോടുള്ള അതിക്രമം വ്യക്തം
അബൂദബി: സ്വകാര്യ സ്കൂളിലെ നാല് വിദ്യാർഥികളെ മർദിച്ച അധ്യാപകന് തടവും നാടകടത്തലും ശിക്ഷ വിധിച്ച് അബൂദബി ക്രിമിനൽ കോടതി. രണ്ട് വർഷം തടവാണ് ശിക്ഷ. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോടതി ചെലവുകളും പ്രതി വഹിക്കണം അബൂദബിയിലെ സ്വകാര്യ സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെയാണ് സംഭവം. അധ്യാപകന്‍റെ മർദനത്തിൽ നാല് വിദ്യാർഥികൾക്കും പരിക്കേറ്റു. പരിക്ക് കാരണം 20 ദിവസത്തിൽ കവിയാത്ത കാലയളവിൽ ഇവർക്ക് പതിവ് ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായതായി കോടതി വ്യക്തമാക്കി. അന്വേഷണത്തിനിടെയും കോടതിയിലും പ്രതി കുറ്റം സമ്മതിച്ചിരുന്നു. ക്ലാസിൽ വിദ്യാർഥികൾ ബഹളമുണ്ടാക്കുന്നതും പഠനം തടസ്സപ്പെടുത്തുന്നതും ഒഴിവാക്കി അച്ചടക്കം നിലനിർത്താനാണ് ഇടപെട്ടതെന്നായിരുന്നു വിശദീകരണം. ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പ്രതിയുടെ മൊഴി സ്ഥിരീകരിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളോട് അധ്യാപകൻ അതിരുകടന്ന ക്രൂരതയും ബലപ്രയോഗവും നടത്തിയതായി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പാഠം നടന്നുകൊണ്ടിരിക്കെ സ്കൂളിൽ നടന്ന അതിക്രമം പൊതുസമാധാനത്തിന്റെയും സുരക്ഷയുടെയും ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചാണ് ശിക്ഷ വിധിച്ചത്