ഡിസംബറിൽ മകളുടെ വിവാഹം; യാത്രാവിലക്കിൽ വലഞ്ഞ് മലയാളി പ്രവാസി

വർക്ക് പെർമിറ്റില്ലാത്തതിനാൽ കേസ്, 5000 ദിർഹം പിഴയടക്കണം

Update: 2026-10-27 16:19 GMT

ദുബൈ: അടുത്തമാസം നടക്കുന്ന മകളുടെ വിവാഹത്തിന് നാട്ടിലെത്താൻ വഴി തേടുകയാണ് ദുബൈയിൽ പ്രവാസിയായ കാസർകോട് മൂളിയാർ സ്വദേശി മുഹമ്മദ് കുഞ്ഞി. പക്ഷേ, വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്തതിന് കോടതി വിധിച്ച 5000 ദിർഹം പിഴയടക്കണം. എങ്കിലേ, യാത്രാവിലക്ക് ഒഴിവാക്കി ഈ പ്രവാസിക്ക് നാടണയാൻ കഴിയൂ.

കുടുംബം പുലർത്താൻ 21ാം വയസിൽ ഗൾഫിലേക്ക് വിമാനം കയറിയതാണ്. ഒമാനിലും സൗദിയിലും വർഷങ്ങൾ ജോലി ചെയ്തു. രണ്ടുവർഷം മുമ്പാണ് ദുബൈയിൽ ജോലിക്കെത്തുന്നത്. കറാമയിൽ കാസർകോട് സ്വദേശികളുടെ റെസ്റ്റോറന്റിൽ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞവർഷം ജൂണിലാണ് ഏഴ് സഹപ്രവർത്തകർക്കൊപ്പം റെയ്ഡിൽ പിടിയിലാകുന്നത്. റെസ്റ്റോറന്റ് നടത്തിപ്പുകാർ വർക്ക് പെർമിറ്റ് എടുക്കാതെ ഇവരെ ജോലിക്ക് നിയോഗിച്ചു എന്നതായിരുന്നു കേസ്. കോടതി മുഹമ്മദ് കുഞ്ഞിക്ക് 5000 ദിർഹം പിഴയും യാത്രാവിലക്കും ഏർപ്പെടുത്തി. ജോലി നൽകിയവർ ഈ തുക ഏറ്റെടുക്കേണ്ടതാണെങ്കിലും ചെയ്തില്ല. ഇപ്പോൾ സുഹൃത്തുക്കളുടെ കനിവിലാണ് താമസവും ഭക്ഷണവുമെല്ലാം.

5000 ദിർഹം പിഴ അടച്ചുതീർത്താൽ ഔട്ട്പാസിൽ മകളുടെ കല്യാണത്തിന് നാട്ടിലെത്താൻ കഴിയുമെന്നാണ് മുഹമ്മദ് കുഞ്ഞിയുടെ പ്രതീക്ഷ. ഇതിനായി പ്രവാസി സംഘടനകളെയും നാട്ടിൽ എംപിമാരുടേയും സഹായം തേടിയിട്ടുണ്ടെങ്കിലും വാതിലുകളൊന്നും തുറന്ന് കിട്ടിയിട്ടില്ല.

നാട്ടിൽ നിർമാണത്തിലിക്കുന്ന വീട് ഉൾപ്പെടെ ജപ്തീ ഭീഷണിയിലാണെങ്കിലും കേസും പിഴയും തീർത്ത് മക്കളുടെ അരികിലെത്താനുള്ള ശ്രമത്തിലാണ് ഈ 42 കാരൻ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Gulf Desk

contributor

Similar News