മഴ തുണച്ചു; റാസല്‍ഖൈമയിലെ പച്ച പുതച്ച മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

ഇന്നലെ രാവിലെ ജബല്‍ ജെയ്സിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 6.5 ഡിഗ്രി സെല്‍ഷ്യസ് ദേശീയ കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയത്.

Update: 2022-01-12 14:00 GMT

റാസല്‍ഖൈമ: പുതുവര്‍ഷാരംഭത്തോടെ യുഎഇയിലുടനീളം ദിവസങ്ങളോളം പെയ്ത മഴയെ തുടര്‍ന്ന്, പുല്ലും ചെറുചെടികളും കിളിര്‍ത്ത് പച്ച പുതച്ചിരിക്കുകയാണ് റാസല്‍ഖൈമയിലെ നിരവധി പര്‍വതപ്രദേശങ്ങളും താഴ്‌വാരങ്ങളും.

ഇതോടെ, പ്രകൃതിയുടെ പച്ചപ്പ് തേടി നിരവധി പ്രവാസികളും വിനോദസഞ്ചാരികളുമാണ് ഈ പ്രദേശങ്ങളിലേക്കെത്തുന്നത്. താപനില കുറഞ്ഞ സുഖകരമായ കാലാവസ്ഥയും സഞ്ചാരികള്‍ക്ക് ഗുണകരമാകുന്നുണ്ട്.

പ്രത്യേകിച്ച് റാസല്‍ ഖൈമയുടെ വടക്ക് മസ്രാ പ്രദേശങ്ങളിലാണ്, പച്ച പൊതിഞ്ഞ മണല്‍ക്കൂനകള്‍ കൂടുതല്‍ കാണപ്പെടുന്നത്. ഇതോടെ ട്രക്കിങ്ങിനും മറ്റുമായി വരുന്ന സാഹസിക യാത്രികരും പ്രദേശത്ത് സജീവമാവുകയാണ്.

Advertising
Advertising

ശൈത്യകാലത്തടക്കം പ്രദേശം സന്ദര്‍ശിക്കാനും ക്യാമ്പ് ചെയ്യാനും കായിക വിനോദങ്ങള്‍ പരിശീലിക്കാനുമായി സ്വദേശികളും വിദേശികളും ഒരുപോലെ ഈ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കാറുണ്ട്.


 

ശബ്ദമുഖരിതമായ നഗരത്തിരക്കുകളില്‍നിന്നും അസ്വസ്ഥതകളില്‍ നിന്നും മാറി, ചിലമണിക്കൂറുകളെങ്കിലും പ്രകൃതിയിലേക്ക് അലിഞ്ഞു ചേരാനാഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും സംതൃപ്തി നേടാന്‍ കഴിയുന്നിടമാണിത്. സൈക്ലിങ്, കുതിര സവാരി, ക്യാമ്പിങ്, ട്രക്കിങ്, ഭക്ഷണം പാകല്‍ ചെയ്യല്‍ തുടങ്ങി നിരവധി ആവശ്യങ്ങശള്‍ക്കാണ് കുടുംബങ്ങളടക്കമുള്ള സന്ദര്‍ശകര്‍ ഇവിടേക്കെത്തുന്നത്.

ശൈത്യകാലത്തും അവധി ദിവസങ്ങളിലുമാണ് കുടുംബങ്ങള്‍ കൂടുതലായി പ്രദേശം സന്ദര്‍ശിക്കുന്നത്. ഇന്നലെ രാവിലെ ജബല്‍ ജെയ്സിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 6.5 ഡിഗ്രി സെല്‍ഷ്യസ് ദേശീയ കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയത്. ചില പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ഇന്നലെ നേരിയ മൂടല്‍മഞ്ഞും രൂപപ്പെട്ടിരുന്നു.

എങ്കിലും ഈ പ്രദേശത്തെത്തുന്ന ചിലര്‍ ഭക്ഷണാവശിഷ്ടങ്ങളും മറ്റും ഉപേക്ഷിച്ചു പോകുന്നത് പ്രകൃതിയുടെ സുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണയാവുകയാണ്. സന്ദര്‍ശകര്‍ ഉപേക്ഷിച്ച മാലിന്യങ്ങള്‍ ഭക്ഷിച്ച് നിരവധി മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും രോഗങ്ങളോ മരണം വരെയോ സംഭവിക്കുന്നുണ്ടെന്നാണ് സ്വദേശിയായ ജാസിം ഹമദ് അല്‍ ഖത്തേരി പറയുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News