ഇന്ത്യൻ രൂപക്ക് റെക്കോർഡ് മൂല്യത്തകർച്ച
ഗൾഫ് കറൻസികളുടെ വിനിമയമൂല്യം കുത്തനെ ഉയർന്നു
ദുബൈ: ഇന്ത്യൻ രൂപക്ക് റെക്കോർഡ് മൂല്യത്തകർച്ച. ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം 87 രൂപ 95 പൈസയിലെത്തി. ഇതോടെ ഗൾഫ് കറൻസികളുടെ വിനിമയമൂല്യം കുത്തനെ ഉയർന്നു. യുഎഇ ദിർഹത്തിന് 23 രൂപ 96 പൈസ എന്ന നിലയിലേക്ക് വരെ രൂപയുടെ മൂല്യം ഇടിഞ്ഞു.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് കൂടുതൽ നികുതിയും പിഴചുങ്കവും ചുമത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയിൽ വീണ്ടും അടിപതറുകയാണ് ഇന്ത്യൻ രൂപ. ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ തകർച്ചയിലാണ് ഇന്ന് രാവിലെ ഇന്ത്യൻ രൂപയുടെ വിനിമയമാരംഭിച്ചത്. യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം 23 ദിർഹം 96 പൈസ എന്ന എക്കാലത്തേയും താഴ്ന്ന നിലയിലേക്ക് വീണു. പിന്നീട് റിസർവ്ബാങ്കിന്റെ ഇടപെടലിൽ അൽപമൊന്ന് നില മെച്ചപ്പെടുത്തി 23 ദിർഹം 92 പൈസയിലേക്ക് എത്തി. വൈകാതെ ഡോളറുമായുള്ള വിനിമയ മൂല്യം 88 രൂപ എന്ന റെക്കോർഡ് മൂല്യത്തകർച്ചയിലേക്ക് രൂപ എത്തിയേക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് ഉയർന്ന ചുങ്കത്തിന് പുറമേ പിഴച്ചുങ്കവും അമേരിക്ക ചുമത്തുമെന്ന വാർത്തകളാണ് രൂപയുടെ കരുത്ത് ചോർത്തിയത്. ക്രൂഡ് ഓയിൽ വിലയിലെ മുന്നേറ്റവും രൂപയെ ദുർബലപ്പെടുത്തി. സൗദി റിയാൽ, ഖത്തർ റിയാൽ, ഒമാനി റിയാൽ, ബഹ്‌റൈൻ ദീനാർ, കുവൈത്ത് ദീനാർ എന്നിവയുടെ മൂല്യവും റെക്കോർഡ് നിലയിലേക്ക് ഉയർന്നിട്ടുണ്ട്. രൂപയുടെ മൂല്യമിടിയുമ്പോൾ കൂടുതൽ പണം നാട്ടിലേക്ക് അയക്കാൻ പ്രവാസികൾക്ക് അവസരം ലഭിക്കും. എന്നാൽ, നാട്ടിലെ കുടുംബത്തിന്റെ ജീവിതചെലവ് വർധിക്കുമെന്നതിനാൽ ദീർഘകാലത്തേക്ക് ഇത് പ്രവാസികൾക്കും ഗുണകരമാവില്ല.