പോക്കറ്റിൽ ശതകോടികൾ; ഗൾഫ് സന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങി

സൗദിക്കും ഖത്തറിനും പുറമേ യുഎഇയിലും ശതകോടി ഡോളറിന്റെ നിരവധി കരാറുകൾ ഒപ്പുവച്ച ശേഷമാണ് ട്രംപിന്റെ മടക്കം

Update: 2025-05-16 15:48 GMT

അബൂദബി: മൂന്നു ദിവസത്തെ ഗൾഫ് സന്ദർശനം പൂർത്തിയാക്കി യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് നാട്ടിലേക്ക് തിരിച്ചു. അബൂദബി വിമാനത്താവളത്തിൽ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ട്രംപിനെ യാത്രയാക്കി. സൗദിക്കും ഖത്തറിനും പുറമേ യുഎഇയിലും ശതകോടി ഡോളറിന്റെ നിരവധി കരാറുകൾ ഒപ്പുവച്ച ശേഷമാണ് ട്രംപിന്റെ മടക്കം. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടു മണിക്കാണ് എയർഫോഴ്‌സ് വൺ വിമാനത്തിൽ ട്രംപ് യാത്ര തിരിച്ചത്.




 


സന്ദർശനത്തിന്റെ അവസാന ദിനമായ വെള്ളിയാഴ്ച അബൂദബി സാദിയാത് ഐലന്റിലെ അബ്രഹാമിക് ഫാമിലി ഹൗസ് ട്രംപ് സന്ദർശിച്ചു. ഒരേ കോമ്പൗണ്ടിൽ മസ്ജിദും ചർച്ചും സിനഗോഗും ഉൾക്കൊള്ളുന്ന സമുച്ചയമാണ് അബ്രഹാമിക് ഹൗസ്. ഇവിടത്തെ സന്ദർശക പുസ്തകത്തിൽ അദ്ദേഹം ഒപ്പുവയ്ക്കുകയും ചെയ്തു. 'സംഘർഷത്തിന് പകരം സഹകരണവും ശത്രുതയ്ക്കു പകരം സൗഹൃദവും ദാരിദ്ര്യത്തിന് പകരം ക്ഷേമവും നിരാശയ്ക്ക് പകരം പ്രതീക്ഷയും മനുഷ്യരാശി തിരഞ്ഞെടുക്കുന്നുവെങ്കിൽ ഞാനീ ഭവനത്തിൽ പ്രത്യാശ കാണുന്നു' എന്ന് ട്രംപ് പുസ്തകത്തിൽ കുറിച്ചു. അബ്രഹാമിക് ഹൗസിലെ മസ്ജിദും ചർച്ചും സിനഗോഗും അദ്ദേഹം നടന്നു കണ്ടു. യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്‌യാൻ മുബാറക് അദ്ദേഹത്തെ അനുഗമിച്ചു.

Advertising
Advertising

 

ഇരുരാഷ്ട്രങ്ങളിലെയും വമ്പൻ കമ്പനികൾ യോജിച്ചുപ്രവർത്തിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി കരാറുകളാണ് ട്രംപിന്റെ സന്ദർശനത്തിനിടെ യാഥാർഥ്യമായത്. എണ്ണ, പ്രകൃതിവാതക ഉൽപാദനം, വ്യോമയാനം, എഐ മേഖലകളിലാണ് ഇരുരാഷ്ട്രങ്ങളും സുപ്രധാന കരാറുകൾ ഒപ്പുവച്ചത്. ഊർജ മേഖലയിൽ 44,000 കോടി ഡോളറിന്റെ കരാറാണ് ഇതിൽ പ്രധാനപ്പെട്ടത്. 2035 നുള്ളിലാണ് മേഖലയിൽ യുഎഇ നടത്തുന്ന നിക്ഷേപം പൂർണമാകുക. നിലവിലെ ഏഴായിരം കോടി ഡോളറിൽ നിന്നാണ് നിക്ഷേപം അരലക്ഷം കോടിയിലേക്ക് കുതിക്കുക.

 

പ്രകൃതിവാതക മേഖലയിൽ യുഎസ് ബഹുരാഷ്ട്ര ഭീമന്മാരായ എക്‌സോൺ മൊബിൽ, ഓക്‌സിഡന്റൽ പെട്രോളിയം, ഇഒജി റിസോഴ്‌സസ് എന്നീ കമ്പനികളുമായി അഡ്‌നോക് 6000 കോടി ഡോളറിന്റെ കരാർ ഒപ്പുവച്ചിട്ടുണ്ട്. ബോയിങ് വിമാനങ്ങൾ വാങ്ങാൻ അബൂദബി ആസ്ഥാനമായ ഇത്തിഹാദ് 14,50 കോടി ഡോളറിന്റെ കരാറിലുമെത്തി.

 

അബൂദബിയിൽ ഇരുരാഷ്ട്രങ്ങളും ചേർന്ന് അഞ്ച് ജിഗാവാട്ട് ശേഷിയുള്ള കൂറ്റൻ ആർടിഫിഷ്യൽ ഇന്റലിജൻസ് ക്യാംപസ് തുറക്കാനും ധാരണയായി. ഇതിന്റെ ആദ്യഘട്ടം ട്രംപും ശൈഖ് മുഹമ്മദും ചേർന്ന് ഉദ്ഘാടനം ചെയ്തു. യുഎഇ ആസ്ഥാനമായ ജി ഫോർട്ടി ടുവും മൈക്രോസോഫ്റ്റും ചേർന്നാണ് ക്യാംപസ് നിർമിക്കുന്നത്. ചിപ് നിർമാണ കമ്പനി എൻവീഡിയ അടക്കം നിരവധി സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കും. പത്തു വർഷത്തിനുള്ളിൽ യുഎസിൽ യുഎഇ 1.4 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം നടത്താൻ നേരത്തെ ധാരണയായിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News