അണിയറയിൽ വമ്പൻ പ്രോജക്ടുകൾ, ട്രംപിന്റെ സന്ദർശനം യുഎഇക്ക് നിർണായകം
അമേരിക്കയിൽ ലക്ഷം കോടി ഡോളറിന് മുകളിൽ നിക്ഷേപമിറക്കാൻ യുഎഇ പദ്ധതിയിട്ട സാഹചര്യത്തിൽ കൂടിയാണ് ട്രംപിന്റെ വരവ്
ദുബൈ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനം യുഎഇക്ക് നിർണായകം. അമേരിക്കയിൽ ലക്ഷം കോടി ഡോളറിന് മുകളിൽ നിക്ഷേപമിറക്കാൻ കഴിഞ്ഞ മാസം അറബ് രാഷ്ട്രം പദ്ധതിയിട്ട സാഹചര്യത്തിൽ കൂടിയാണ് ട്രംപിന്റെ വരവ്.
യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് താനൂൻ ബിൻ സായിദ് അൽ നഹ് യാനും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിക്ഷേപത്തിന് ധാരണയായിരുന്നത്. അടുത്ത പത്തു വർഷത്തിൽ 1.4 ലക്ഷം കോടി യുഎസ് ഡോളറിന്റെ നിക്ഷേപം നടത്താനാണ് പദ്ധതി. നിർമിത ബുദ്ധിയുടെ അടിസ്ഥാന സൗകര്യം, സെമികണ്ടക്ടർ, ഊർജം, ഉത്പാദനം എന്നീ മേഖലയിലാണ് യുഎഇ പണമിറക്കുക.
അബൂദബി ആസ്ഥാനമായ എഡിക്യുവും അമേരിക്കൻ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എനർജി ക്യാപിറ്റൽ പാട്‌ണേഴ്‌സും തമ്മിലുള്ള 25 ബില്യൺ യുഎസ് ഡോളറിന്റെ കരാറാണ് നിക്ഷേപങ്ങളിൽ പ്രധാനപ്പെട്ടത്. കഴിഞ്ഞ വർഷം അബൂദബിയിലെ ടെക്‌നോളജി കമ്പനിയായ എംജിഎക്‌സ് എഐ മേഖലയിൽ മൈക്രോസോഫ്റ്റ്, ബ്ലാക്‌റോക് കമ്പനികളുമായി കൈകോർക്കാൻ തീരുമാനിച്ചതും എടുത്തു പറയേണ്ടതാണ്. മുപ്പത് ബില്യൺ ഡോളറാണ് എംജിഎക്‌സിന്റെ നിക്ഷേപം. ചിപ് നിർമാണ ഭീമനായ എൻവീഡിയയും ഇലോൺ മസ്‌കിന്റെ എക്‌സ്എഐയും പദ്ധതിയിൽ സഹകരിക്കുന്നുണ്ട്.
സുശക്തമായ വ്യാപാര ബന്ധം നിലനിൽക്കുന്ന രാഷ്ട്രങ്ങളാണ് യുഎസും യുഎഇയും. 2024 സാമ്പത്തിക വർഷത്തിൽ 34.4 ബില്യൺ യുഎസ് ഡോളറാണ് യുഎഇയും യുഎസും തമ്മിലുള്ള എണ്ണയിതര വ്യാപാരം. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് 50 ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം. 1500ലേറെ യുഎസ് കമ്പനികളാണ് യുഎഇയിൽ പ്രവർത്തിക്കുന്നത്. അമ്പതിനായിരത്തിലേറെ അമേരിക്കക്കാർ രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷം സെപ്തംബറിൽ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് യുഎസിലെത്തിയിരുന്നു. പ്രസിഡണ്ടായി ചുമതലയേറ്റ ശേഷമുള്ള ശൈഖ് മുഹമ്മദിന്റെ ആദ്യ യുഎസ് സന്ദർശനമായിരുന്നു ഇത്. യുഎസിന്റെ ദീർഘകാല സുരക്ഷാ പങ്കാളി കൂടിയാണ് യുഎഇ.