പ്രവാസികളുടെ ജീവിതാനുഭവം പറഞ്ഞ് 'ടു മെൻ'; സിനിമയിൽ യു.എ.ഇ റേഡിയോ താരങ്ങളും

Update: 2022-08-12 10:50 GMT
Advertising

ഏതൊരു പ്രവാസിക്കും സ്വന്തം അനുഭവങ്ങളോട് ചേർത്തു നിർത്താവുന്ന സിനിമയാണ് കെ സതീഷ് സംവിധാനം ചെയ്ത ടൂ മെൻ എന്ന ചിത്രമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുക്കാൽ ഭാഗവും യു.എ.ഇയിൽ ചിത്രീകരിച്ച സിനിമ ഗൾഫിലെ തിയേറ്ററുകളിലും പ്രദർശനം തുടങ്ങിയിട്ടുണ്ട്.

റോഡ് ത്രില്ലർ മൂവി വിഭാഗത്തിലുള്ള സിനിമയാണ് ടു മെൻ. നടൻ ഇർഷാദ്, എം.എ നിഷാദ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

യു.എ.ഇയിലെ റേഡിയോ പ്രവർത്തകനായിരുന്ന മുഹാദ് വെമ്പായത്തിന്റേതാണ് ടൂ മെന്നിന്റെ തിരക്കഥ. മികച്ച നാടകരചനയ്ക്കും നാടകഗാന രചനയ്ക്കും സംസ്ഥാന സർക്കാർ പുരസ്‌കാരങ്ങൾ നേടിയ മുഹാദ് വെമ്പായം തിരക്കഥയെഴുതി പുറത്തിറങ്ങുന്ന ആദ്യ സിനിമയാണിത്. മുഹാദിന്റെ നാടക ഗാനങ്ങളും ശ്രദ്ധേയമാണ്.

യു.എ.ഇയിലെ റേഡിയോ അവതാരകരായ മിഥുൻ രമേശ്, അർഫാസ് ഇഖ്ബാൽ, സമീറ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംവിധായകൻ കെ. സതീഷ്, നിർമാതാവ് ഡാർവിൻ, അഭിനേതാക്കളായ കൈലാഷ്, സോഹൻ സീനുലാൽ, അനുമോൾ, ഡോണി ഡാർവിൻ തുടങ്ങിയവരും വാർത്താസമ്മേളത്തിൽ പങ്കെടുത്തു. സ്റ്റാർസ് ഹോളിഡേ ഫിലിംസാണ് ടു മെൻ ഗൾഫിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News