ദുബൈയിൽ രണ്ട് പുതിയ താമസമേഖലകൾ
മദീനത്തു ലത്തീഫയിലും അൽയലായിസിലുമാണ് മേഖലകൾ, 2 ലക്ഷത്തിലേറെ പേർക്ക് താമസിക്കാം
ദുബൈ:ദുബൈയിൽ രണ്ട് താമസമേഖലകൾ കൂടി വികസിപ്പിക്കുന്നു. മദീനത്ത് ലത്തീഫ, അൽ യലായിസ് എന്നിവിടങ്ങളിലാണ് വിപുല സൗകര്യങ്ങളോടെ താമസകേന്ദ്രങ്ങൾ നിർമിക്കുക. ഇതുസംബന്ധിച്ച പദ്ധതിക്ക് കിരീടാവകാശി ശൈഖ് ഹംദാൻ അംഗീകാരം നൽകി.
3000 ഹെക്ടർ സ്ഥലത്താണ് മദീനത്ത് ലത്തീഫ എന്ന താമസകേന്ദ്രം നിർമിക്കുക. ഇവിടെ 1,41,000 പേർക്ക് താമസിക്കാൻ കഴിയുന്ന 18,500 റെസിഡൻഷ്യൽ യൂനിറ്റുകളാണ് നിർമിക്കാൻ ലക്ഷ്യമിടുന്നത്. ഇവിടെ 77 പാർക്കുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.
അൽ യലായിസിൽ 1,108 ഹെക്ടറിലാണ് താമസമേഖല വികസിപ്പിക്കുക. 8,000 റസിഡൻഷ്യൽ യൂനിറ്റുകളിലായി 66,000 പേർക്ക് ഇവിടെ താമസിക്കാനാകും. 75 പാർക്കുകളും ഇവിടെ നിർമിക്കും.
രണ്ടിടത്തുമായി 33 കിലോമീറ്റർ നീളത്തിൽ കാൽനടപാത, സൈക്ലിങ് പാത എന്നിവ നിർമിക്കും. മദീനത്ത് ലത്തീഫ മേഖലയിൽ ഏകദേശം 11 ശതമാനം പ്രദേശം ഹരിത ഇടങ്ങൾക്കും തുറസ്സായ സ്ഥലങ്ങൾക്കുമായി നീക്കിവെക്കും. 12 കിലോമീറ്റർ നീളത്തിലാണ് ഇവിടെ സൈക്ലിങ് പാത നിർമിക്കുക. 77പാർക്കുകളിലേക്കും പ്രവേശനം സാധ്യമാകുന്ന രീതിയിലായിരിക്കും ഇതിന്റെ രൂപകൽപന. കൂടാതെ സ്‌കൂളുകൾ, നഴ്‌സറികൾ, പള്ളികൾ, ക്ലിനിക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങിയ സമഗ്ര സൗകര്യങ്ങളും ഒരുക്കും.