കുറഞ്ഞ വരുമാനക്കാർക്ക് ആശ്വാസം; യുഎഇയിൽ വ്യക്തിഗത വായ്പകൾക്കുള്ള പ്രത്യേക നിബന്ധന ഒഴിവാക്കി
നേരത്തെ 5,000 ദിർഹം ഉണ്ടായിരുന്ന പരിധിയാണ് എടുത്തുമാറ്റിയത്
ദുബൈ: യുഎഇയിലെ ബാങ്കുകൾ വ്യക്തിഗത വായ്പകൾ നൽകുന്നതിന് ഏർപ്പെടുത്തിയിരുന്ന ദീർഘകാലത്തെ മിനിമം ശമ്പള നിബന്ധന യുഎഇ സെൻട്രൽ ബാങ്ക് എടുത്തുമാറ്റി. നേരത്തെ 5,000 ദിർഹം ഉണ്ടായിരുന്ന പരിധി ഇനിമുതൽ ഓരോ ബാങ്കിനും അവരുടെ ആഭ്യന്തര നയങ്ങൾക്കനുരിച്ച് തീരുമാനിക്കാം. ഇതോടെ, കുറഞ്ഞ വേതനക്കാരായ തൊഴിലാളികൾ, യുവ പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് ക്യാഷ് ഓൺ ഡിമാൻഡ് അടക്കമുള്ള സാമ്പത്തിക സേവനങ്ങൾ എളുപ്പത്തിൽ നേടാൻ സാധിക്കും.
രാജ്യത്തെ എല്ലാവർക്കും സുരക്ഷിതവും നിയന്ത്രിതവുമായ ബാങ്കിങ് സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കൂടാതെ, ഈ അക്കൗണ്ടുകൾ സെൻട്രൽ ബാങ്കിന്റെ വേജ് പ്രൊട്ടക്ഷൻ സിസ്റ്റവുമായി ബന്ധിപ്പിക്കുന്നതിനാൽ, ശമ്പളം ലഭിക്കുന്ന ഉടൻ തന്നെ വായ്പയുടെ ഗഡുക്കൾ ഓട്ടോമാറ്റിക്കായി കുറയ്ക്കുന്നതിനുള്ള സംവിധാനം നിലവിൽ വരും.