സൊട്രോവിമാബ് ചികിൽസ വൻ വിജയം: 97.4% ഫലപ്രദമെന്ന് യുഎഇ ആരോഗ്യമന്ത്രാലയം
സൊട്രോവിമാബ് എന്ന ആന്റിബോഡി ഉപയോഗിച്ചുള്ള കോവിഡ് ചികിത്സ വൻ വിജയമാണെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം
സൊട്രോവിമാബ് എന്ന ആന്റിബോഡി ഉപയോഗിച്ചുള്ള കോവിഡ് ചികിത്സ വൻ വിജയമാണെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം. ഈ ചികിത്സാ രീതിക്ക് ആദ്യം അംഗീകാരം നൽകിയ രാജ്യമാണ് യു.എ.ഇ. 658 പേരിലാണ് ഈ മരുന്ന് പരീക്ഷിച്ചത്. സൊട്രോവിമാബിൻ ഉപയോഗിച്ചുള്ള ചികിത്സ 97.3 ശതമാനം വിജയകരമാണെന്നാണ് യു.എ.ഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
ഒരു മാസം മുൻപാണ് സൊട്രാവിമാബ് ഉപയോഗിച്ചുള്ള കോവിഡ് ചികിത്സക്ക് യു.എ.ഇ അംഗീകാരം നൽകിയത്. ജൂൺ 16 മുതൽ 29 വരെ 658 രോഗികളിൽ മരുന്ന് പരീക്ഷിച്ചു. ഇവരിൽ 46 ശതമാനം പേർ യു.എ.ഇ പൗരൻമാരും 54 ശതമാനം പേർ പ്രവാസികളുമായിരുന്നു.
രോഗികളിൽ 59 ശതമാനം പേരും 50 വയസിന് മുകളിലുള്ളവരായിരുന്നു. 97.3 ശതമാനം പേർക്കും അഞ്ച് മുതൽ ഏഴ് ദിവസത്തിനുള്ളിൽ രോഗാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടായി. ഒറ്റത്തവണ നൽകേണ്ട മോണോകുലാർ ആന്റിബോഡിയാണ് സൊട്രോവിമാബ്.
രക്താണുക്കളിൽ ക്ലോണിങ് നടത്തി വേർതിരിച്ചെടുക്കുന്ന ആന്റിബോഡി അടിയന്തരഘട്ടങ്ങളിലാണ് രോഗികളിൽ പരീക്ഷിക്കുന്നത്. ഒരു ദിവസത്തെ ആശുപത്രിവാസത്തിനുള്ളിൽ കോവിഡ് രോഗികളെ സുഖപ്പെടുത്താമെന്നാണ് മരുന്ന് നിർമാതാക്കൾ അവകാശപ്പെട്ടിരുന്നത്.