ഗസ്സൻ ജനതയ്ക്ക് 2100 ടൺ സഹായവുമായി യുഎഇ കപ്പൽ

ഇസ്രായേൽ ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തിനിടെയാണ് ഫലസ്തീനികൾക്കുള്ള യുഎഇയുടെ സഹായം

Update: 2025-06-12 16:59 GMT

ദുബൈ: ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിലേക്ക് അടിയന്തര സഹായവുമായി വീണ്ടും യുഎഇ. രണ്ടായിരത്തിലേറെ ടൺ അവശ്യവസ്തുക്കൾ അടങ്ങുന്ന കപ്പൽ ഗസ്സയിലെത്തി. ഇസ്രായേൽ ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തിനിടെയാണ് ഫലസ്തീനികൾക്കുള്ള യുഎഇയുടെ സഹായം.

ഭക്ഷണം, മരുന്ന്, ധാന്യങ്ങൾ അടക്കമുള്ള 2100 ടൺ അവശ്യവസ്തുക്കളുമായി യുഎഇയിൽനിന്നുള്ള കപ്പൽ ഇസ്രായേലിലെ അഷ്‌ദോദ് തുറമുഖത്താണ് നങ്കൂരമിട്ടത്. ഇവിടെ നിന്ന് 123 ട്രക്കുകളിൽ സഹായങ്ങൾ ഗസ്സയിലെ ദുരിതബാധിത പ്രദേശങ്ങളിലെത്തിക്കും. ഈ മാസം യുഎഇ ഗസ്സയിലെത്തിക്കുന്ന രണ്ടാമത്തെ സഹായമാണിത്. ജൂൺ ആദ്യത്തിൽ 1039 ടൺ സഹായം യുഎഇ മേഖലയിലെത്തിച്ചിരുന്നു.

Advertising
Advertising

ദുരിതബാധിതകർക്കായി യുഎഇയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഓപറേഷൻ നൈറ്റ് ത്രീയാണ് സഹായം വിതരണം ചെയ്യുക. റെഡ്‌ക്രോസ് അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും വിതരണത്തിന്റെ ഭാഗമാകും. ഇരുപത് ലക്ഷത്തിലേറെ ഫലസ്തീനികൾ ആവശ്യത്തിന് മരുന്നും ഭക്ഷണവും കിട്ടാതെ ദുരിതത്തിലാണ് എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

ഇസ്രായേൽ ഉപരോധം മൂലം ഗസ്സ അതിർത്തിയിൽ ഒന്നരലക്ഷം ടണ്ണിലേറെ സഹായ വസ്തുക്കൾ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. ഗസ്സയിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങൾക്ക് തടയിടുന്ന ഇസ്രായേൽ നിലപാടിനെതിരെ ഈയിടെ യുഎഇയുടെ നേതൃത്വത്തിൽ അറബ് രാഷ്ട്രങ്ങൾ രംഗത്തെത്തിയിരുന്നു.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News