യുഎഇ തെരുവുകളിലും വെട്ടിത്തിരിയുമോ ഇലക്ട്രിക് ടുക് ടുക്ക്?; ശ്രമവുമായി ഗ്രീൻ പവർ ജിസിസി
റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകാരം നേടാൻ ശ്രമം
ദുബൈ: ദുബൈയിലെ അല്ലെങ്കിൽ ഷാർജയിലെ ഒരു തെരുവിൽ വെട്ടിത്തിരിഞ്ഞ് പോകുന്ന ഒരു ഇലക്ട്രിക് ടുക് ടുക്ക് കാണുമോ? ഇന്ത്യ, ഈജിപ്ത്, തായ്ലൻഡ്, മറ്റ് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഓട്ടോ റിക്ഷ അല്ലെങ്കിൽ ടുക് ടുക്ക് യുഎഇയിലുമെത്തുമോ? ചൈനീസ് ആസ്ഥാനമായുള്ള ഇലക്ട്രിക് ടുക് ടുക്ക് കമ്പനി യുഎഇയിൽ വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണെന്നാണ് വാർത്തകൾ. റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ (ആർടിഎ) നിന്ന് ഔദ്യോഗിക അംഗീകാരം നേടാനാണ് ശ്രമം. ഗ്രീൻ പവർ ജിസിസിയെന്ന കമ്പനിയാണ് യുഎഇയിലേക്ക് ഇലക്ട്രിക് ടുക് ടുക്കുകൾ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഹോട്ടലുകളും റിസോർട്ടുകളും ഗോൾഫ് കാർട്ട് പോലെ ഗതാഗതത്തിനായി ഈ ടുക് ടുക്കുകൾ ഉപയോഗിച്ചേക്കാമെന്ന് ഗ്രീൻ പവറിലെ സെയിൽസ് എക്‌സിക്യൂട്ടീവ് അഹമ്മദ് തൗസീഫ് പറയുന്നത്.
അടുത്തിടെ സമാപിച്ച ഇവോൾവ് ഫ്യൂച്ചർ മൊബിലിറ്റി ഷോയിൽ കമ്പനി ടുക് ടുക്കും ഇലക്ട്രിക് മോട്ടോർസൈക്കിളും പ്രദർശിപ്പിച്ചിരുന്നു. ഈജിപ്ത്, ചൈന തുടങ്ങിയ വിവിധ രാജ്യങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഈജിപ്തിലേക്ക് ഇരുനൂറ് സോളാർ ഇലക്ട്രിക് ട്രൈസൈക്കിളുകൾ കയറ്റി അയച്ചതായി അദ്ദേഹം പറഞ്ഞു. സൗരോർജ്ജത്തിലും വൈദ്യുതിയിലും പ്രവർത്തിപ്പിക്കുന്ന ടുക് ടുക്കുകളുണ്ട്.
കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനും കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനുമായി യുഎഇക്ക് നിരവധി 'ഹരിത' അജണ്ടകൾ സ്വീകരിച്ചുവരികയാണ്. അതിലൊന്നാണ് ദേശീയ ഇലക്ട്രിക് വാഹന നയം. ഗതാഗത മേഖലയിലെ ഊർജ്ജ ഉപഭോഗം 20 ശതമാനം കുറയ്ക്കാനും ആഗോള റോഡ് ഗുണനിലവാര റാങ്കിംഗിൽ യുഎഇയുടെ ഉന്നത സ്ഥാനം മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും ലക്ഷ്യമിടുന്നതാണ് ഈ നയം.
2023 മെയ് മാസത്തിൽ, ഊർജ്ജ മന്ത്രാലയം 'ഗ്ലോബൽ ഇവി മാർക്കറ്റ്' പദ്ധതി ആരംഭിച്ചിരുന്നു. 2050 ഓടെ യുഎഇയിലെ റോഡുകളിലെ മൊത്തം വാഹനങ്ങളുടെ 50 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കാൻ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി.