ഇന്ത്യക്കാർ ഓരോ മിനുട്ടിലും ഓർഡർ ചെയ്തത് 137 ബിരിയാണി; രസകരമായ റിപ്പോർട്ട് പുറത്തുവിട്ട് സ്വിഗ്ഗി

22 ലക്ഷം പേരാണ് രാത്രി പത്ത് മണിക്ക് ശേഷം പോപ്‌കോൺ ഓർഡർ ചെയ്തത്

Update: 2022-12-17 12:26 GMT
Advertising

ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുക എന്നത് നമ്മുടെ തിരക്കു പിടിച്ച ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറികഴിഞ്ഞു. വിശക്കുന്നുണ്ടെങ്കിൽ ഫോണെടുത്തു ഓർഡർ ചെയ്താല്‍ മതി നിമിഷ നേരത്തിനുള്ളിൽ ഭക്ഷണം നമ്മുടെ വീട്ടുപടിക്കലെത്തും. അതിൽ പ്രധാനമായും നാം ആശ്രയിക്കാറുള്ളത് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയെ തന്നെയായിരിക്കും. ഇപ്പോഴിതാ, 2022-ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവത്തെ കുറിച്ചുള്ള കണക്കുകൾ പുറത്ത് വിട്ടിരിക്കുകയാണ് സ്വിഗ്ഗി.

ഈ വർഷം ഇന്ത്യക്കാർ സ്വിഗ്ഗിയിൽ നിന്ന് ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവം ബിരിയാണിയാണെന്നാണ് സ്വിഗി പുറത്തുവിട്ട വിവരം. ഓരോ സെക്കന്റിലും 2 ബിരിയാാണി വീതമാണ് സ്വിഗ്ഗിയിൽ നിന്ന് ഓർഡർ ചെയ്യുന്നത്. മിനുട്ടിൽ 137 ബിരിയാണിയാണ് ഇത്തരത്തിൽ ഡെലിവറി ചെയ്തത്. അതിൽ ചിക്കൻ ബിരിയാണിയാണ് മുന്നിൽ. തുടർച്ചയായ ഏഴാം വർഷമാണ് ചിക്കൻബിരിയാണി മുന്നിൽ നിൽക്കുന്നത് എന്നതാണ് പ്രത്യേകത.

മസാല ദോശ, ചിക്കൻ ഫ്രൈഡ് റൈസ്, പനീർ ബട്ടർ മസാല, ബട്ടർനാൻ, തുടങ്ങിയവയാണ് ബിരിയാണിക്കു പുറമെ ആളുകള്‍ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യുന്ന മറ്റു ഭക്ഷണങ്ങൾ. കൂടാതെ വിദേശ വിഭവങ്ങളായ സുഷി, മെക്സിക്കൻ ബൗൾസ്, ഇറ്റാലിയൻ പാസ്ത എന്നിവയ്ക്കും ആവശ്യക്കാർ കൂടുതലാണെന്നാണ് സ്വിഗിയുടെ വെളിപ്പെടുത്തൽ. 22 ലക്ഷം പേരാണ് രാത്രി പത്ത് മണിക്ക് ശേഷം പോപ്‌കോൺ ഓർഡർ ചെയ്തത്. അതേസമയം, ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്സേർട്ട് ഗുലാബ് ജാമൂൺ ആണെന്നും ഈ വർഷം 27 ലക്ഷം തവണയാണ് ഗുലാബ് ജാമൂൺ ഓർഡർ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ലഘു ഭക്ഷണങ്ങളിൽ സമൂസയാണ് മുന്നിൽ. 40 ലക്ഷം ഓർഡറുകളാണ് ഈ വർഷം ലഭിച്ചത്. സമൂസക്ക് പുറമെ പാവ് ബാജി, ഫ്രെഞ്ച് ഫ്രൈസ്, ഗാർലിക് ബ്രെഡ് സ്റ്റിക്‌സ്, ഹോട്ട് വിങ്‌സ് തുടങ്ങിയവയാണ് ഇന്ത്യയിൽ ആളുകൾ കൂടുതലായി ഓർഡർ ചെയ്ത മറ്റു ലഘുഭക്ഷണങ്ങൾ.  മാത്രമല്ല സ്വിഗ്ഗിയുടെ റിപ്പോർട്ട് പ്രകാരം ജൈവികമായി ഉത്പാദിപ്പിച്ച പച്ചക്കറികൾക്കും പഴങ്ങൾക്കുംവരെ ആളുകളെ സ്വിഗ്ഗിയെ ആശ്രയിക്കുന്നു. ബാംഗ്ലൂർ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണ് ഇതിന് ആവശ്യക്കാർ ഏറെ.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News