കരളേ, കരയേണ്ടിവരുമോ? ഇന്ത്യക്കാരില്‍ ഫാറ്റി ലിവര്‍ വ്യാപനം അതിവേഗം, ലോകത്ത് മൂന്നാമത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ പോലുള്ള ജീവിതശൈലീരോഗങ്ങള്‍ അനുഭവിക്കുന്നവരിലും ഫാറ്റി ലിവര്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്

Update: 2026-01-17 08:20 GMT

ചെറുപ്പക്കാരിലും മുതിര്‍ന്നവരിലും ഇന്ന് വ്യാപകമാകുന്ന ഒരു ജീവിതശൈലീ രോഗമാണ് ഫാറ്റി ലിവര്‍. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. അമിത വണ്ണം, ജീവിതശൈലിയിലെ മാറ്റം, തെറ്റായ ആഹാരശീലം, മദ്യപാനം തുടങ്ങിയവയാണ് ഫാറ്റി ലിവറിന്‌റെ പ്രധാന കാരണങ്ങള്‍. ആഗോളവ്യാപകമായി, കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട, വിട്ടുമാറാത്ത അസുഖമായി ഫാറ്റി ലിവര്‍ മാറിയെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‌റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ലോകജനസംഖ്യയില്‍ 30 മുതല്‍ 40 ശതമാനം വരെ ആളുകള്‍ക്കും ഫാറ്റി ലിവര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

Advertising
Advertising

ലോകത്ത് ഏറ്റവും കൂടുതല്‍ വേഗത്തില്‍ ഫാറ്റി ലിവര്‍ വ്യാപിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് കണക്കുകള്‍ പറയുന്നു. 2010 മുതല്‍ 2021 വരെയുള്ള കണക്ക് പ്രകാരം ഫാറ്റി ലിവര്‍ കേസുകളുടെ വര്‍ധന നിരക്ക് ഇന്ത്യയില്‍ 13.2 ശതമാനമാണ്. 16.9 ശതമാനം വര്‍ധനയുമായി ചൈനയും 13.3 ശതമാനം വര്‍ധനയുമായി സുഡാനുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. മെറ്റബോളിക് ഡിസ്ഫങ്ഷന്‍-അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവര്‍ ഡിസീസ് (എംഎഎസ്എല്‍ഡി-MASLD) എന്നറിയപ്പെടുന്ന നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ആണ് ഇന്ത്യക്കാര്‍ക്കിടയില്‍ അതിവേഗം പടരുന്നത്. അമിതവണ്ണമുള്ളവരിലും പ്രമേഹമുള്ളവരിലുമാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. അമിതവണ്ണമുള്ളവരില്‍ 70 മുതല്‍ 80 ശതമാനം വരെയും ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ 60 മുതല്‍ 70 ശതമാനം വരെയും എംഎഎസ്എല്‍ഡി ഉണ്ടെന്നാണ് കണക്ക്.

സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് എംഎഎസ്എല്‍ഡിയുടെ വ്യാപനം കൂടുതല്‍. പുരുഷന്മാരില്‍ 1,00,000 പേരില്‍ 15,731 പേര്‍ക്ക് ഈ രോഗമുണ്ടാകുമ്പോള്‍ സ്ത്രീകളില്‍ ഇത് 14,310 പേര്‍ക്കാണ്. 45 നും 50നും ഇടയിലുള്ള പുരുഷന്മാരിലാണ് ഫാറ്റി ലിവര്‍ ഏറ്റവും കൂടുതല്‍. അതേസമയം, സ്ത്രീകളില്‍ ഇത് 50 നും 55നും ഇടയിലുള്ളവരിലാണ്.

ഫാറ്റി ലിവര്‍ രണ്ടുതരം

അമിതമായി മദ്യം കഴിക്കുന്നവരില്‍ കണ്ടുവരുന്ന ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, മദ്യപാനം മൂലമല്ലാത്ത നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നിങ്ങനെ രണ്ടു തരത്തില്‍ ഫാറ്റി ലിവര്‍ കണ്ടുവരുന്നുണ്ട്. കൂടുതലായും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ആണ് കണ്ടുവരുന്നത്. പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ പോലുള്ള ജീവിതശൈലീരോഗങ്ങള്‍ അനുഭവിക്കുന്നവരിലും ഫാറ്റി ലിവര്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ചില മരുന്നുകളുടെ പാര്‍ശ്വഫലംകൊണ്ടും വില്‍സണ്‍ ഡിസീസ് പോലുള്ള അസുഖങ്ങളുടെ ഭാഗമായും ചിലരില്‍ ഫാറ്റി ലിവര്‍ കണ്ടുവരുന്നുണ്ട്.


ലക്ഷണങ്ങളില്ലാത്ത തുടക്കം

ഫാറ്റി ലിവര്‍ ബാധിച്ച മിക്കവരിലും പ്രകടമായ ലക്ഷണങ്ങള്‍ അനുഭവപ്പെടാറില്ല. ഇത് രോഗം തിരിച്ചറിയുന്നത് ഏറെ വൈകിപ്പിക്കുകയാണ്. എന്നാല്‍, ചിലരില്‍ വയറിന്റെ വലതു വശത്ത് മുകളിലായി അസാധാരണ വേദന അനുഭവപ്പെടാം. ഇതോടൊപ്പം ശരീരത്തിന് ക്ഷീണവും ഉണ്ടായേക്കാം. എന്നാല്‍, ചിലരില്‍ ഫാറ്റി ലിവര്‍ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ ഒന്നുംതന്നെ അനുഭവപ്പെടാതിരിക്കുകയും ലിവര്‍ സിറോസിസിലേക്ക് വഴിമാറിയശേഷം മാത്രം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്യും. കാലുകള്‍, വയര്‍ എന്നിവിടങ്ങളില്‍ നീരുകെട്ടുന്നത് ലിവര്‍ സിറോസിസ് ബാധിച്ചശേഷം കണ്ടുവരുന്ന ചില ലക്ഷണങ്ങളാണ്.

സാധാരണ മധ്യവയസ്സിനോട് അടുക്കുന്ന ഘട്ടത്തിലാണ് ഫാറ്റി ലിവര്‍ കണ്ടുവരാറുള്ളത്. എന്നാല്‍, അടുത്ത കാലങ്ങളില്‍ വളരെ പ്രായം കുറഞ്ഞവരിലും ഫാറ്റി ലിവര്‍ കണ്ടുവരുന്നുണ്ട്. പ്രാരംഭഘട്ടത്തില്‍തന്നെ രോഗനിര്‍ണയം നടത്തി ചികിത്സിക്കാതിരുന്നാല്‍ ഇത് ലിവര്‍ സിറോസിസ് പോലുള്ള ഗുരുതരാവസ്ഥയിലേക്കു നയിക്കും.

പ്രകടമാകുന്ന ലക്ഷണങ്ങള്‍

ഫാറ്റി ലിവര്‍ ബാധിച്ചയാളില്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങളുണ്ട്. പലപ്പോഴും ആദ്യ സ്‌റ്റേജ് കഴിഞ്ഞ ശേഷമായിരിക്കും ഇത്. ശരീരഭാരം വര്‍ധിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള വര്‍ധനവ്, നിരന്തരമായ ക്ഷീണം, വയറുവേദന, കൊളസ്‌ട്രോള്‍ മുതലായവ ഫാറ്റി ലിവറിന്‌റെ ലക്ഷണങ്ങളായേക്കാം. ഫാറ്റി ലിവര്‍ ഉള്ളവരുടെ ചര്‍മം വരളുകയും നിറം മങ്ങുകയും ചൊറിച്ചില്‍ ഉണ്ടാവുകയും ചെയ്യാന്‍ സാധ്യതയുണ്ട്. സംശയം തോന്നുന്ന ഘട്ടത്തില്‍ എത്രയും വേഗം ഒരു ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തുന്നതാണ് അഭികാമ്യം.


ജീവിതശൈലി നിയന്ത്രണം ഏറെ പ്രധാനം

ചികിത്സയോടൊപ്പം ആരോഗ്യകരമായ ജീവിതശൈലികൂടി ക്രമപ്പെടുത്തിയാല്‍ ഫാറ്റി ലിവര്‍ നിയന്ത്രിക്കാന്‍ കഴിയും. ആഴ്ചയില്‍ കുറഞ്ഞത് അഞ്ചു ദിവസം 30 മിനിറ്റ് നേരമെങ്കിലും ശരീരം വിയര്‍ക്കും വിധത്തില്‍ വ്യായാമം ചെയ്യുന്നത് പതിവാക്കണം. ഇതോടൊപ്പം ഭക്ഷണരീതിയിലും കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്. പ്രധാനമായും കാര്‍ബോഹൈഡ്രേറ്റ് അല്ലെങ്കില്‍ അന്നജമടങ്ങിയ അരിഭക്ഷണം പോലുള്ളവയുടെ അളവ് പരമാവധി കുറക്കണം. കൂടാതെ, പഞ്ചസാര, റെഡ് മീറ്റ്, എണ്ണയില്‍ വറുത്തെടുത്ത ആഹാരങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുന്നത് ഗുണം ചെയ്യും. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍ എന്നിവ ധാരാളമായി കഴിക്കുന്നത് നല്ലതാണ്. ഒരു ദിവസം കഴിക്കുന്ന അന്നജത്തിന്റെ അളവ് 20 ശതമാനത്തില്‍ താഴെ മാത്രമായി ചുരുക്കുന്നതാണ് അഭികാമ്യം. ഇത്തരത്തില്‍ വ്യായാമവും ഭക്ഷണവും ക്രമീകരിക്കുകയും മരുന്നുകള്‍ കഴിക്കുകയും ചെയ്താല്‍ കുറഞ്ഞ കാലംകൊണ്ടുതന്നെ ഫാറ്റി ലിവര്‍ മാറ്റിയെടുക്കാന്‍ സാധിക്കും.


Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News