ചില പേരുകള്‍, സ്ഥലങ്ങള്‍ പെട്ടെന്ന് മറന്നുപോകുന്നുണ്ടോ? മറവിരോഗത്തിന്‌റെ തുടക്കമാണോയെന്ന് ആശങ്കയുണ്ടോ?
ഓരോ വര്‍ഷവും 10 ലക്ഷം പേര്‍ക്ക് മറവിരോഗം ബാധിക്കുന്നുണ്ട്
ലോകത്താകമാനം അഞ്ചരക്കോടി ജനങ്ങള്‍ ഡിമന്‍ഷ്യ അഥവാ മറവിരോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കുകള്‍. വര്‍ഷം തോറും ഇതിന്‌റെ എണ്ണവും വര്‍ധിച്ചു വരികയാണ്. 10 ലക്ഷം പേര്‍ക്ക് ഓരോ വര്‍ഷവും മറവിരോഗം ബാധിക്കുന്നുണ്ട്. പ്രായമായവരിലാണ് ഓര്‍മക്കുറവ് പ്രധാനമായും കണ്ടുവരുന്നത്. പെട്ടെന്നുണ്ടാകുന്ന മറവി മനുഷ്യന് സ്വാഭാവികമാണെങ്കിലും ഇത് ആവര്‍ത്തിക്കുകയും പലപ്പോഴും നീണ്ടുനില്‍ക്കുകയും ചെയ്യുന്നുവെങ്കില്‍ വിദഗ്ധ ഉപദേശം തേടേണ്ടതുണ്ട്. മറവിരോഗത്തെ ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമാണെങ്കിലും നേരത്തെ തിരിച്ചറിഞ്ഞാല്‍ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.
പെട്ടെന്നുണ്ടാകുന്ന മറവികള്‍ മനുഷ്യന് സാധാരണമാണ്. താക്കോല്‍ വെച്ചത് എവിടെയെന്ന് മറന്നുപോകുക, ഒരാളുടെ പേര് മറന്നുപോകുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍. 'മെമ്മറി ലാപ്‌സ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കണ്ട സിനിമയുടെ പേര് മറന്നുപോകുക, നാവിന്‌റെ തുമ്പത്തു വരുന്ന മറ്റെന്തെങ്കിലും പേര് പറയാന്‍ പറ്റാതിരിക്കുക തുടങ്ങിയവയൊക്കെ ഇതിന്‌റെ ഭാഗമാണ്. ഇത് ആശങ്കപ്പെടേണ്ടതല്ലെന്നും സ്വാഭാവികമാണെന്നും ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ആരോഗ്യവിദഗ്ധനായ സെവില്‍ യാസര്‍ പറയുന്നു. സമ്മര്‍ദം, തിരക്കുപിടിച്ച ഒരു ദിവസം, മോശം ഉറക്കം എന്നിവയെല്ലാം ഓര്‍മയെ താല്‍ക്കാലികമായി ബാധിക്കുന്നവയാണ്. എന്നാല്‍, ഓര്‍മ നഷ്ടമാകുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും നിങ്ങള്‍ക്ക് ആശങ്ക തോന്നുകയാണെങ്കില്‍ ഒരു ഡോക്ടറെ കാണണമെന്നും ഇദ്ദേഹം പറയുന്നു.
ഒരാള്‍ക്ക് സ്വാഭാവികമായുണ്ടാകുന്ന മറവിയാണോ അതോ മറവിരോഗത്തിന്‌റെ തുടക്കമാണോ എന്ന് എങ്ങനെ മനസ്സിലാക്കാനാകും? അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവ സ്ഥിരമായി സംഭവിക്കുന്നുണ്ടെങ്കില്‍ മറവി രോഗത്തിന്‌റെ തുടക്കമായേക്കാം.
- ചില വസ്തുക്കള്‍ കയ്യില്‍ നിന്ന് നഷ്ടമാകുന്നു. എവിടെയാണെന്ന് ഓര്‍ത്തെടുക്കാനേ സാധിക്കുന്നില്ല. ചില സാധനങ്ങള്‍ അവയുടേതല്ലാത്ത സ്ഥലങ്ങളില്‍ വെക്കുക. നിങ്ങളുടെ വസ്തുക്കള്‍ എവിടെയാണ് വെച്ചതെന്ന് ഓര്‍മയില്ലാത്തപ്പോള്‍, അവ ആരെങ്കിലും മോഷ്ടിച്ചോയെന്ന് സംശയിക്കുക.
- പരിചിതമായ ചില സ്ഥലങ്ങളില്‍ വെച്ച് സ്വയം മറന്നുപോകുന്നുണ്ടോ. ഉദാഹരണത്തിന്, സ്ഥിരം പോകുന്ന വഴികളിലൂടെ ഡ്രൈവ് ചെയ്യുമ്പോഴോ ബസില്‍ പോകുമ്പോഴോ നമ്മള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് തിരിച്ചറിയാന്‍ കഴിയാതിരിക്കുക. ഈ സാഹചര്യം ഏറെ നേരം നീണ്ടുനില്‍ക്കുക. പരിചിതമായ സ്ഥലങ്ങളില്‍ വഴിതെറ്റുക. ചില മാപ്പുകള്‍ നോക്കി മനസ്സിലാക്കാന്‍ സാധിക്കാതെ വരിക. ഇവ മറവിരോഗത്തിലേക്കു നയിക്കും.
- ദിവസത്തെ കുറിച്ചും സമയത്തെ കുറിച്ചുമുള്ള ബോധം നഷ്ടമാകുക. താല്‍ക്കാലികമായി ഇത് സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഏറെ ശ്രമിച്ചിട്ടും ഇന്നത്തെ തിയതി ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് പ്രശ്‌നമാണ്. ആരെയെങ്കിലും കാണാനുള്ള കാര്യം മറന്നുപോകുകയും പിന്നീട് ഓര്‍ത്തെടുക്കാനും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. കലണ്ടറില്‍ അടയാളപ്പെടുത്തിയത് കണ്ടിട്ടും അത് എന്തിനാണെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ.
- സംഭാഷണത്തിനിടെ ഇടയ്ക്ക് നിലച്ചുപോകുന്നത് അനുഭവപ്പെടുന്നുണ്ടോ. എന്താണ് സംസാരിച്ചു കൊണ്ടിരുന്നത് എന്നതിനെ കുറിച്ച് ഓര്‍മയില്ലാതെ പോകല്‍, വാക്കുകള്‍ പറയാനും ഓര്‍ത്തെടുക്കാനും പ്രയാസപ്പെടല്‍, മറ്റാരെങ്കിലും സംസാരിക്കുന്നത് എന്തിനെ കുറിച്ചാണെന്ന് മനസ്സിലാകാതിരിക്കല്‍ എന്നിവയെല്ലാം മറവിരോഗത്തിന്‌റെ തുടക്കമാകാമെന്ന് വിദഗ്ധര്‍ പറയുന്നു. ടിവിയില്‍ പ്രോഗ്രാമുകള്‍ കാണുമ്പോള്‍ വ്യക്തത വരാത്തതുമെല്ലാം ഇതിന്‌റെ ഭാഗമാണ്.
- നിത്യജീവിതത്തില്‍ ഓര്‍മക്കുറവ് വലിയ പ്രശ്‌നമുണ്ടാക്കുന്നുണ്ടോ. എങ്കില്‍ അത് സ്വാഭാവികമായുള്ള മറവിയല്ലെന്ന് മനസ്സിലാക്കാം. അയല്‍വീട്ടിലെ വളര്‍ത്തുപൂച്ചയുടെ പേര് പെട്ടെന്ന് മറന്നുപോകുന്നത് സ്വാഭാവികമാണ്. എന്നാല്‍, രാവിലെ എന്നും ചെടികള്‍ക്ക് വെള്ളമൊഴിക്കുന്ന ഒരാള്‍ അത് മറന്നുപോകുന്നത് സ്വാഭാവികമല്ല. വീട്ടിലെ ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ തുടര്‍ച്ചയായി മറന്നുപോകുക, ബില്ലുകള്‍ അടക്കാന്‍ മറക്കുക, പാചകം ചെയ്യുന്നത് എങ്ങിനെയെന്ന് മറക്കുക തുടങ്ങിയവയെല്ലാം സ്ഥിരമായ മറവിയുടെ മുന്നോടിയായിരിക്കാം. മരുന്നുകള്‍ കഴിക്കാന്‍ മറക്കുന്നതും എവിടെയാണ് ഗുളികകള്‍ വെച്ചതെന്ന് മറക്കുന്നതും ഇതിന്‌റെ ഭാഗമാണ്.
നിങ്ങള്‍ക്കോ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കോ ഇത്തരത്തില്‍ അസ്വാഭാവികമായ മറവിപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഒരു വിദഗ്ധന്‌റെ സഹായം തേടേണ്ടതാണ്. ഇവയല്ലാതെ, പെട്ടെന്ന് ഒരാളുടെ പേരോ ഒരു സിനിമയുടെ പേരോ സ്ഥലപ്പേരോ മറന്നുപോകുന്നത് മറവിരോഗത്തിന്‌റെ ലക്ഷണമല്ല. അതിനാല്‍ ആശങ്കപ്പെടേണ്ടതുമില്ല.