വെള്ളം താഴ്ന്നു തുടങ്ങി; ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാസ ലബോറട്ടറികൾ ഉണ്ട്. ലബോറട്ടറിയിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ ചുറ്റുവട്ടത്തെ നൂറു മീറ്ററിനിനുള്ളിലുള്ള കിണറുകളിലെ വെള്ളം ഉപയോഗിക്കരുത്

Update: 2018-08-20 10:30 GMT
മുരളി തുമ്മാരുകുടി : മുരളി തുമ്മാരുകുടി

വെള്ളപ്പൊക്കം കഴിഞ്ഞു തിരിച്ചു ചെല്ലുമ്പോൾ കുടിവെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്ന് പലരും ചോദിക്കുന്നുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡോക്ടർമാർ കൈകാര്യം ചെയ്യട്ടെ എന്ന് വിചാരിച്ചിട്ടാണ് ഞാൻ അതിനെക്കുറിച്ച് എഴുതാത്തത്.

കിണർ വൃത്തിയാക്കുന്നത് മുതൽ കുടി വെള്ളം ടെസ്റ്റ് ചെയ്യുന്നത് വരെയുള്ള വിഷയങ്ങൾ ശ്രദ്ധിക്കാനുണ്ട്. കേരളത്തിലെ ഒരു പ്രധാന പ്രശ്നം, സാധാരണ വികസിത രാജ്യങ്ങളിൽ ശരാശരി ചെയ്യേണ്ട കാര്യങ്ങൾ ഇവിടെ ചെയ്യണമെന്ന് പറഞ്ഞാൽ അതിനുള്ള സൗകര്യങ്ങൾ നമുക്കില്ല. കുടിവെള്ളം ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാൽ അടുത്ത നാല് ദിവസത്തിനകം പതിനായിരം കിണറുകളിലെ വെള്ളം ടെസ്റ്റ് ചെയ്യണം. ഇതിന് എളുപ്പത്തിലുള്ള സംവിധാനങ്ങൾ ഉണ്ട്. വാസ്തവത്തിൽ കുറഞ്ഞ ചിലവിൽ വെള്ളം ശുദ്ധീകരിക്കുകയും വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയും ചെയ്യുന്നതിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ അതോറിട്ടി ആയിട്ടുള്ളത് ഐ ഐ ടി യിലെ പ്രൊഫസറായ എൻറെ സുഹൃത്ത് ലിജി ആണ്. കേരളത്തിന് വേണ്ടി എന്തും ചെയ്യാൻ അവരും സന്നദ്ധയാണ്. അവരുടെ അടുത്ത് പോയി അവരുടെ നിർദേശങ്ങൾ ഒരു വീഡിയോ ആയി എടുക്കുക, ടെസ്റ്റിംഗിന് അഞ്ഞൂറ് പേരെ പരിശീലിപ്പിക്കുക, അൻപതിനായിരം ടെസ്റ്റ് കിറ്റ് ഉണ്ടാക്കുക ഇതൊക്കെ വേറെ ആരെങ്കിലും ചെയ്യണം. അങ്ങനെ ചെയ്യാൻ കൃത്യമായ ഒരു പദ്ധതിയോടെ സർക്കാരിനോ സർക്കാരിന് പുറത്തോ (എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർത്ഥികൾ, മെഡിക്കൽ വിദ്യാർഥികൾ, നേഴ്‌സുമാർ എന്നിങ്ങനെ) ആരെങ്കിലും മുന്നോട്ടു വന്നാൽ അടുത്ത ഇരുപത്തി നാല് മണിക്കൂറിനകം നമുക്ക് ഇത് സെറ്റ് അപ്പ് ചെയ്യാം. ‘ഇപ്പോൾ ശരിയാക്കി തരാം’ എന്ന് പറഞ്ഞ് ആരും എന്നെയോ ലിജിയെയോ വിളിക്കരുത്. മറിച്ച് സാങ്കേതിക വിദ്യ കിട്ടിയാൽ കേരളത്തിലെ എല്ലാ വാർഡുകളിലും അവ എത്തിക്കുമെന്ന് ചിന്തിച്ച് ഒരു പ്ലാൻ ഉണ്ടാക്കാൻ കഴിവുള്ളവർ ഉടൻ മുന്നോട്ട് വരൂ. ആദ്യം നല്ല പ്ലാനുമായി വരുന്നവരെ ഞാൻ ബന്ധിപ്പിക്കാം.

Advertising
Advertising

രണ്ടു കാര്യങ്ങൾ തൽക്കാലം പറയാം. വെള്ളപ്പൊക്ക കാലത്തെ പ്രധാന കുടിവെള്ള പ്രശ്നം അതിലെ രാസവസ്തുക്കൾ അല്ല, വെള്ളം കലങ്ങിയിരിക്കും (ഒരാഴ്ചയോളം). ബാക്റ്റീരിയൽ കണ്ടാമിനേഷൻ ഉണ്ടായിരിക്കും. ഇത് രണ്ടും എളുപ്പത്തിൽ ശരിയാക്കാവുന്ന കാര്യങ്ങളാണ്. ഇന്ന് വൈകീട്ട് വരെ ആരും ഈ വിഷയം ഏറ്റെടുത്തില്ലെങ്കിൽ ഞാൻ ഇതിലേക്ക് തിരിച്ചു വരാം.

ഇനി ഞാൻ പറയാൻ പോകുന്നത് കൂടുതൽ കുഴപ്പമുള്ള ജല മലിനീകരണത്തെക്കുറിച്ചാണ്. കേരളത്തിൽ പൊതുവെ രാസമലിനീകരണം അല്ല, ബയളോജിക്കൽ മലിനീകരണം ആകും പ്രധാന പ്രശ്നം. പക്ഷെ ഇതിന് ചില അപവാദങ്ങൾ ഉണ്ട്.

1. രാസ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന കമ്പനികളുടെ അടുത്ത്, ഉദാഹരണത്തിന് ഉദ്യോഗമണ്ഡലിൽ, ഇടയാറിൽ ഒക്കെ ഏറെ രാസ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന കമ്പനികളുണ്ട്. പുഴക്കരയിലുള്ള അവിടങ്ങളിൽ വെള്ളം കയറിയോ എന്നറിയില്ല. (ഞാൻ പഠിക്കുന്ന കാലത്ത് dilution is the solution to pollution എന്നത് അംഗീകരിക്കപ്പെട്ട മന്ത്രം ആയിരുന്നു. അങ്ങനെയാണ് കമ്പനികളെല്ലാം പുഴയോരത്ത് സ്ഥാപിക്കപ്പെട്ടത്. ഈ ഫാക്ടറികളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ (ഉണ്ടായിരിക്കണം എന്നാണെന്റെ അനുമാനം), അത് കമ്പനികളുടെ സമീപത്തെക്കും വ്യാപിച്ചിരിക്കണം. രാസമാലിന്യങ്ങളുടെ കുഴപ്പം, അതിനെ മനുഷ്യന്റെ സെൻസ് വച്ച് കണ്ടുപിടിക്കാൻ പറ്റണം എന്നില്ല. മെർക്കുറി ഉള്ള വെള്ളത്തിന് നിറമോ മണമോ രുചിയോ മാറ്റം ഉണ്ടാവില്ല. ആ വെള്ളം ഏറെ നാൾ കുടിച്ചാൽ പലതരം ഗുരുതര രോഗങ്ങൾ ഉണ്ടാകും.

കേരളത്തിലെ വലുതും ചെറുതുമായ എല്ലാ കമ്പനികളുടെയും പരിസരത്തുള്ള കിണറുകളിലെ ജലം രാസമാലിന്യം കലർന്നതാണെന്ന് ചിന്തിച്ചു വേണം നമ്മൾ കാര്യം തുടങ്ങാൻ. ഇതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ നല്ല കുടിവെള്ളം എത്തിക്കണം. സാധാരണ പറയുന്നതു പോലെ ആലം ഇട്ടു ക്ലീൻ ആക്കുന്നതും ക്ലോറിൻ വിതറി ബാക്ടീരിയയെ കൊല്ലുന്നതും ഇവിടെ ഫലപ്രദമല്ല. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കിണറുകളെല്ലാം അടുത്തുള്ള കമ്പനിയിലുള്ള രാസവസ്തുവിന്റെ അംശമുണ്ടോ എന്ന് ടെസ്റ്റ് ചെയ്ത് ഉറപ്പു വരുത്തിയതിന് ശേഷമേ ഈ ഉപയോഗിക്കാവൂ.

ഈ കാര്യങ്ങളിലെ ചിലവുകൾ ആ കമ്പനി വഹിക്കണം. ടെസ്റ്റിംഗ് സ്വതന്ത്രമായ ഏജൻസി ചെയ്യണം. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ മധുവിനെയോ മറ്റോ ഇത് കോർഡിനേറ്റ് ചെയ്യാൻ ഏൽപ്പിക്കണം. "ഒരു കുഴപ്പവും ഇല്ല" എന്ന കമ്പനി കണക്കുകളോ "ആശങ്ക വേണ്ട" എന്ന പൊല്യൂഷൻ കൺട്രോൾ ബോർഡ്/ആരോഗ്യ വകുപ്പ് ആശ്വാസത്തിലോ കാര്യങ്ങൾ അവസാനിപ്പിക്കരുത്.

2. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കിണറുകൾ - കേരളത്തിലെ ഹൈസ്‌കൂളുകൾ ഉൾപ്പടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാസ ലബോറട്ടറികൾ ഉണ്ട്. അവിടെയൊക്കെ ചെറിയ തോതിലാണെങ്കിലും മാരകങ്ങളായ പല രാസപദാർത്ഥങ്ങളും ഉണ്ട്. ലബോറട്ടറിയിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ അവിടുത്തെ കിണറുകളിലെ വെള്ളം ഉപയോഗിക്കരുത്, ചുറ്റുവട്ടത്ത് നൂറു മീറ്ററിനിനുള്ളിലുള്ള വീട്ടുകാരും ഇക്കാര്യം ശ്രദ്ധിക്കണം.

3. രാസവള സ്റ്റോറുകൾ, കീടനാശിനി കടകൾ, കോ-ഓപ്പെറേറ്റിവ് സൊസൈറ്റികൾ എന്നിവിടങ്ങളിൽ രാസവസ്തുക്കളും കീടനാശിനികളും ഉണ്ട്. ഈ സ്ഥലങ്ങളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ അടുത്തുള്ള കിണറുകൾ ഉപയോഗിക്കരുത്. ഏതാണ്ട് ഇരുന്നൂറ്റി അൻപത് മീറ്റർ ചുറ്റളവിലുള്ളവർ ഇക്കാര്യം ശ്രദ്ധിക്കുക.

4. സൂപ്പർ മാർക്കറ്റുകൾ - ഏതെങ്കിലും സൂപ്പർ മാർക്കറ്റുകളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ അതിലുള്ള സോപ്പ് മുതൽ ക്ളീനിങ്ങ് ലിക്വിഡ് വരെയുള്ള രാസ വസ്തുക്കൾ ചുറ്റിലും പരന്നിട്ടുണ്ടാകും. ചുറ്റുമുള്ള വീടുകളിലെ കിണറുകളും ശ്രദ്ധിക്കേണ്ടതാണ്.

5. വർക്ക്‌ഷോപ്പുകളും പെട്രോൾ പമ്പുകളും - വെള്ളത്തിൽ മുങ്ങിക്കിടന്ന വർക്ക് ഷോപ്പിലും പെട്രോൾ പമ്പിലും നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ വെള്ളത്തിൽ പരക്കാൻ സാധ്യതയുണ്ട്. ഒരു ലിറ്റർ പെട്രോൾ മതി ഒരു ചതുരശ്ര കിലോമീറ്ററിൽ എണ്ണപ്പാട ഉണ്ടാക്കാൻ. എണ്ണപ്പാടകൾ കണ്ടാൽ ആ വെള്ളം കുടിക്കരുത്.

തിരക്കായതിനാൽ ഏതെങ്കിലും കാര്യങ്ങൾ വിട്ടുപോയിട്ടുണ്ടാകും. എന്റെ ഗുരുനാഥൻ ആയ ഗ്രെഷ്യസ് സാർ ഉൾപ്പടെയുള്ളവർ ഇപ്പോൾ കേരളത്തിലുണ്ട്. അവർ വിചാരിച്ചാൽ വിട്ടുപോയവ ചേർക്കാൻ സാധിക്കും. ആദ്യം തന്നെ മുൻ പറഞ്ഞ രീതിയിൽ എത്ര സ്ഥാപനങ്ങളുണ്ടെന്ന് കണ്ടുപിടിക്കുകയാണ് പ്രധാനം. ക്രൗഡ് സോഴ്സിങ് ഉപയോഗിച്ചാൽ ഗൂഗിൾ എർത്തിൽ ഒറ്റ ദിവസം കൊണ്ട് മാപ്പ് ചെയ്തെടുക്കാം. കൊച്ചിൻ യൂണിവേഴ്സിറ്റി, എം ജി യൂണിവേഴ്സിറ്റി മുതൽ പരിസ്ഥിതി സയൻസ് പഠിപ്പിക്കുന്ന കോളേജിലെ കുട്ടികളെ ഉപയോഗിച്ച് ഒരാഴ്‌ചക്കകം പണി നടത്താം. ഈ കമ്പനികളോടും സ്‌കൂൾ മാനേജർമാരോടും കോ - ഓപ്പറേറ്റിവ് സൊസൈറ്റിക്കാരോടും കാശും വാങ്ങാം.

അപകടം ഉണ്ടാക്കുന്ന ചില കാര്യങ്ങൾ... വെള്ളപ്പൊക്കം കഴിഞ്ഞു തിരിച്ചു ചെല്ലുമ്പോൾ കുടിവെള്ളത്തിന്റെ കാര്യത്തിൽ...

Posted by Muralee Thummarukudy on Monday, August 20, 2018
Tags:    

മുരളി തുമ്മാരുകുടി - മുരളി തുമ്മാരുകുടി

contributor

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി (Muralee Thummarukudy). ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്രപ്രശസ്തിയാർജ്ജിച്ച വിദഗ്ദ്ധനായ മുരളി, ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി (2004), നർഗീസ് ചുഴലിക്കാറ്റ് (മ്യാൻമാർ 2008), വെൻചുവാൻ ഭൂകമ്പം (ചൈന 2008), ഹെയ്ത്തിയിലെ ഭൂകമ്പം (2010), ടൊഹോക്കു സുനാമി (2011), തായന്റിലെ വെള്ളപ്പൊക്കം (2011) തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രധാന ദുരന്തമുഖങ്ങളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. ഇതിനു പുറമെ റുവാണ്ട, ഇറാഖ്, ലെബനൺ, പലസ്തീൻ ടെറിട്ടറികൾ, സുഡാൻ എന്നവിടങ്ങളിലെ യുദ്ധാനന്തര പാരിസ്ഥിതിക സ്ഥിതി നിർണ്ണയങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

Similar News