കൊറോണക്കാലത്ത് മലിനീകരണം കുറഞ്ഞു, വെനീസിലെ കനാലുകളില്‍ ഡോള്‍ഫിനുകള്‍ വീണ്ടുമെത്തി
വെനീസിലെ കനാലുകളില്‍ 60 വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഡോള്‍ഫിനുകളെ കണ്ടതെന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്...
കൊറോണ വൈറസ് പരത്തുന്ന ഭീതിയെക്കുറിച്ചുള്ള വാര്‍ത്തകളാണ് എവിടെയും. ഒരുഭാഗത്ത് ഭീതി പടര്‍ത്തുമ്പോഴും അപൂര്‍വ്വമെങ്കിലും ചില പ്രതീക്ഷയുടെ വാര്‍ത്തകളും കൊറോണ വൈറസിനെ പിന്തുടര്‍ന്ന് വരുന്നുണ്ട്. കോവിഡ് 19 ഇപ്പോഴും വന്‍ നാശം വിതക്കുന്ന ഇറ്റലിയിലെ വെനീസിലെ കനാലുകളില്‍ പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായി മാലിന്യം കുറഞ്ഞു. തെളിഞ്ഞ കനാലുകളിലേക്ക് ഒട്ടും വൈകാതെ ഡോള്‍ഫിനുകള്‍ അടക്കമുള്ള മത്സ്യങ്ങള്‍ എത്തി.
കോവിഡ് 19 വന്‍ ഭീതി പരത്തുന്ന വടക്കന്‍ ഇറ്റലിയിലും ചൈനയിലെ പ്രദേശങ്ങളിലും മലിനീകരണം വളരെയേറെ കുറഞ്ഞിരിക്കുകയാണ്. ഇവിടെയെങ്ങും ആഴ്ച്ചകളായി ജനങ്ങള്‍ പുറത്തിറങ്ങാത്തതാണ് മലിനീകരണത്തിന്റെ തോത് കുറച്ചത്. കനാലുകളുടെ പേരില്‍പ്രസിദ്ധമായ ഇറ്റലിയിലെ വിനോദസഞ്ചാര നഗരമായ വെനീസില്‍ നിന്നും സമാനമായ വാര്‍ത്തകള്‍വരുന്നുണ്ട്.
നേരത്തെ മാലിന്യം നിറഞ്ഞ അവസ്ഥയിലായിരുന്ന ഇറ്റലിയിലെ വെനീസിലെ കനാലുകള്‍ ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെനീസില്‍ നിന്നുമുള്ള ഈ തെളിഞ്ഞ കനാല്‍ കാഴ്ച്ചകളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തലങ്ങും വിലങ്ങും പ്രചരിക്കുന്നുണ്ട്.
അഡ്രിയാറ്റിക് കടലുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നവയാണ് വെനീസിലെ കനാലുകള്‍. മാലിന്യം വളരെയേറെ കുറഞ്ഞ കനാലുകളിലേക്ക് ഇപ്പോഴിതാ ഡോള്‍ഫിനുകളും എത്തിതുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രകൃതി തന്നെ സ്വയം ശുചിയാക്കാന്‍ അമര്‍ത്തിയ ബട്ടണാണ് കോവിഡ് 19 എന്നായിരുന്നു ഇത് ട്വിറ്ററില്‍ പങ്കുവെച്ച ഒരാള്‍ അഭിപ്രായപ്പെട്ടത്.
60 വര്‍ഷത്തിനിടെ ആദ്യമായാണ് വെനീസിലെ കനാലുകളില്‍ ഡോള്‍ഫിനുകളെ കണ്ടതെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.