ഈ പച്ചക്കറികൾ ഒരിക്കലും പച്ചക്ക് കഴിക്കരുത്...!

മാരകമായ കീടനാശിനികൾ തളിച്ചിട്ടാണ് പല പച്ചക്കറികളും ഇന്ന് വില്‍പ്പനക്കെത്തുന്നത്

Update: 2023-08-22 11:49 GMT
Editor : Lissy P | By : Web Desk
Advertising

പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമാണ് ആരോഗ്യമുള്ള ജീവിതത്തിന് വേണ്ട പ്രധാനപ്പെട്ടൊരു കാര്യം. പഴങ്ങളാകട്ടെ, പച്ചക്കറികളാകട്ടെ കൃത്യമായ അളവിൽ ഓരോരുത്തരും കഴിക്കണം. ചില പച്ചക്കറികളും പഴങ്ങളും പച്ചക്ക് കഴിച്ചാലാണ് അതിന്റെ പോഷക ഗുണങ്ങൾ മുഴുവൻ കിട്ടുക. എന്നാൽ ചിലതാകട്ടെ, ഒരിക്കലും പാകം ചെയ്യാതെ പച്ചക്ക് കഴിക്കരുത്.

പച്ചക്ക് കഴിക്കാൻ പാടില്ലാത്ത നാല് പച്ചക്കറികളെക്കുറിച്ച് പറയുകയാണ് ആയുർവേദ വിദഗ്ധയായ ഡോ.ഡിംപിൾ ജംഗ്ദ. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പല പച്ചക്കറികളും പാകം ചെയ്യാതെ കഴിക്കുന്നത് മൂലം അവയിൽ ഒളിച്ചിരിക്കുന്ന പല വിരകളും ബാക്ടീരിയകളും ശരീരത്തിലേക്ക് കടക്കും.  പലതും നമ്മുടെ കണ്ണുകൊണ്ട് കാണാന്‍ പറ്റാത്തവയായിരിക്കും.  ഈ ബാക്ടീരിയകൾ കുടലിലേക്കും തലച്ചോറിലേക്കും കരളിലേക്കും കടന്നാൽ  സിസ്റ്റിസെർക്കോസിസ്, അപസ്മാരം, തലവേദന, കരൾ രോഗങ്ങൾ തുടങ്ങിയവക്ക് കാരണമാകുമെന്നും ഡോ.ഡിംപിൾ ജംഗ്ദ പറയുന്നു.  കൂടാതെ ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന പല പച്ചക്കറികളിലും മാരകമായ കീടനാശിനികൾ തളിച്ചിട്ടുണ്ടാകും. ഇവ എത്ര കഴുകിയാലും പോകില്ല, അതുകൊണ്ട് പച്ചക്ക് പച്ചക്കറികൾ കഴിക്കുന്നത് ഏറെ ശ്രദ്ധിക്കണമെന്നും അവർ പറയുന്നു. പാകം ചെയ്യാതെ കഴിക്കാൻ പാടില്ലാത്ത നാല് പച്ചക്കറികൾ ഏതെന്ന് നോക്കാം....


ചേമ്പിലകൾ (കൊളോക്കാസിയ)

ചേമ്പിൾ താളുകൾ കേരളത്തിലെ പലയിടത്തും കറികളായും ഉപ്പേരിയായും ഉപയോഗിക്കാറുണ്ട്. കൊഴുപ്പും ഫൈബറുമടക്കം ശരീരത്തിന് ആവശ്യമായ നിരവധി ആരോഗ്യ ഗുണങ്ങളുള്ളതാണ് ചേമ്പിലയടക്കമുള്ള താളുകൾ. എന്നാൽ ഇവ വേവിക്കാതെ കഴിക്കാൻ പാടില്ലെന്നാണ് ഡോ.ഡിംപിൾ ജംഗ്ദ പറയുന്നത്. ഈ ഇലകളിൽ ഓക്‌സലേറ്റ് അഥവാ ഓക്‌സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉപയോഗിക്കുന്നതിന് മുമ്പ് ചൂടുവെള്ളത്തിലിട്ട് തിളപ്പിക്കണം. ഇല്ലെങ്കിൽ ഇത് വൃക്കയിലെ കല്ലിന് കാരണമാകും.

ചൂടാക്കുമ്പോൾ ഓക്‌സിലേറ്റിന്റെ അളവ് കുറയുമെന്നാണ്  ഡോ.ഡിംപിൾ ജംഗ്ദ പറയുന്നത്.പാകം ചെയ്യാതെ ഇത് കഴിക്കുന്നത് തൊണ്ടവേദനക്ക് കാരണമാകും. അതുകൊണ്ട് ഏറെ ആരോഗ്യഗുണമുള്ള ചേമ്പിൻ താളുകൾ ഉപയോഗിക്കുന്നതിന് മുമ്പ് അവ നന്നായി കഴുകി ചൂടുവെള്ളത്തിലിട്ട് തിളപ്പിക്കണമെന്നും അവർ പറഞ്ഞു.


കാബേജ്

മലയാളികളുടെ പ്രിയപ്പെട്ട പച്ചക്കറികളിലൊന്നാണ് കാബേജ്. ഉപ്പേരിയായും സാലഡുകളായും കാബേജ് ഉപയോഗിക്കാറുണ്ട്. എന്നാൽ അവ പാകം ചെയ്യാതെ കഴിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. കാബേജുകളിൽ നാട വിര( ടേപ്പ് വേം), ഇവയുടെ മുട്ടകളും ഉണ്ടാകാൻ സാധ്യതയുണ്ട്.

കീടനാശിനികൾ ഉപയോഗിച്ചാലും ചില വിരകളൊന്നും നശിച്ചുപോകില്ല. ഇനി നന്നായി കഴുകിയാലും ഇവയിൽ ചിലതെങ്കിലും അവശേഷിക്കും. പാകം ചെയ്യാതെ കഴിക്കുമ്പോൾ ഇവ ശരീരത്തിലെത്തുകയും ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ കാബേജ് ചൂടുവെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും ഡോ.ഡിംപിൾ ജംഗ്ദ പറയുന്നു.


കാപ്‌സിക്കം

ഇന്ന് മലയാളികളുടെ അടുക്കളിൽ ഏറെ സ്ഥാനം പിടിച്ചിരിക്കുന്ന പച്ചക്കറികളിലൊന്നാണ് കാപ്‌സിക്കം. വിവിധ നിറങ്ങളിലുള്ള കാപ്‌സിക്കം പാകം ചെയ്യാതെ ഉപയോഗിക്കരുത്. കാപ്‌സിക്കത്തിന്റെ വിത്തുകളിൽ ടേപ്പ് വേം മുട്ടകൾ അടങ്ങിയിരിക്കാം. ഇത് ശരീരത്തിലെത്തിയാൽ നിങ്ങളുടെ ആരോഗ്യത്തെത്തന്നെ അത് ബാധിക്കും. കാപ്‌സിക്കം ഉപയോഗിക്കുന്നതിന് മുമ്പ് അതിന്റെ മുകൾ ഭാഗം നീക്കം ചെയ്ത് നന്നായി കഴുകിയെടുക്കണം. ചൂടുവെള്ളത്തിലിട്ട് നന്നായി കഴുകിയതിന് ശേഷം മാത്രമേ ഇവ പാകം ചെയ്യാൻ പോലും എടുക്കാവൂ എന്നും ഡോ.ഡിംപിൾ ജംഗ്ദ പറയുന്നു.


വഴുതന

ഒരുപാട് പോഷകഗുണങ്ങൾ ഉള്ള പച്ചക്കറിയാണ് വഴുതന. എന്നാൽ വഴുതനയുടെ വിത്തുകളിലടക്കം നിരവധി ബാക്ടീരിയകൾ ഉണ്ടാകും. ഇവ രക്തത്തിലോ കുടലുകളിലേക്കോ കടക്കുന്നത് ഗുരുതരമായ പല രോഗങ്ങൾക്കും കാരണമാകാറുണ്ട്. അതുകൊണ്ട് നന്നായി കഴുകിയെടുത്തതിന് ശേഷം മാത്രം ഇവ പാകം ചെയ്യുക.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News