തിരക്ക് വേണ്ട.. ആഹാരം ചവച്ചരച്ച് തന്നെ കഴിക്കണം: കുടലിന്റെ ആരോഗ്യം വർധിപ്പിക്കാൻ അഞ്ച് വഴികൾ

ശാരീരിക മാറ്റങ്ങൾ മാത്രമല്ല മാനസികമായ പ്രശ്നങ്ങളും കുടലിന്റെ ആരോഗ്യം മോശമാകുന്നത് മൂലം നേരിടേണ്ടി വന്നേക്കാം

Update: 2022-12-01 12:55 GMT
Editor : banuisahak | By : Web Desk
Advertising

ദഹനവ്യവസ്ഥയുടെ നിലനിൽപ്പിന് കുടലിന്റെ ആരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണം നിയന്ത്രിക്കുന്നതിൽ നിർണായക പങ്കാണ് ഈ അവയവം വഹിക്കുന്നത്. കുടലിന്റെ ആരോഗ്യം മോശമായാൽ ദഹനവ്യവസ്ഥ മാറിമറിയുകയും ശരീരത്തിന്റെ മറ്റ് പല പ്രവർത്തനങ്ങൾ തടസപ്പെടുകയും ചെയ്യും. കുടലും തലച്ചോറും തമ്മിൽ ബന്ധമുള്ളതായി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, ശാരീരിക മാറ്റങ്ങൾ മാത്രമല്ല മാനസികമായ പ്രശ്നങ്ങളും കുടലിന്റെ ആരോഗ്യം മോശമാകുന്നത് മൂലം നേരിടേണ്ടി വന്നേക്കാം. കുടലിന്റെ ആരോഗ്യം വർധിപ്പിക്കാനും സംരക്ഷിക്കാനും സഹായിക്കുന്ന അഞ്ച് വഴികൾ ഏതൊക്കെയെന്ന് നോക്കിയാലോ...

സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കാം..

സംസ്കരിച്ച ഭക്ഷണങ്ങൾ പലരുടെയും ശീലമായിക്കഴിഞ്ഞു. ഭക്ഷണപദാർത്ഥങ്ങൾ സംസ്കരിക്കപ്പെടുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ കൂടിയാണ് നഷ്ടമാകുന്നത്. പല ആരോഗ്യപ്രശ്‌നങ്ങൾക്കും ഇത് കാരണമാകും. ഇത്തരം ഭക്ഷണങ്ങളിൽ നാരുകൾ കുറവായിരിക്കും. ദഹനപ്രശ്‌നങ്ങൾ ഉണ്ടാകാൻ മറ്റുവഴികൾ വേണ്ടല്ലോ! മൈദയാണ് സംസ്കരിച്ച ഭക്ഷണങ്ങളിൽ ഏറ്റവും അപകടകാരി. മിക്ക ആളുകളും ദിവസേന കഴിക്കുന്ന ആഹാരത്തിൽ മൈദയുടെ അളവ് വളരെ കൂടുതലാണ്. ഒട്ടുമിക്ക ബേക്കറി ഉൽപന്നങ്ങളിലും മൈദയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് പരമാവധി ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. ദഹനം തടസപ്പെടുത്തുക മാത്രമല്ല കുടൽവീക്കം വർധിപ്പിക്കാനും ഇത് കാരണമാകും. 

 പ്രീബയോട്ടിക് ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം...

വയറുവീക്കം, ​ഗ്യാസ്, വയറിളക്കം, വയറുവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ തുടർച്ചയായി ഉണ്ടാകാറുണ്ടോ? നിങ്ങളുടെ കുടലിന്റെ ആരോഗ്യം മോശമാകുന്നതിന്റെ ലക്ഷണങ്ങളാണിവ. ആരോ​ഗ്യകരമായ ബാക്ടീരിയകൾ അടങ്ങിയ ആഹാരങ്ങൾ കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇങ്ങനെ കുടലിന്റെ ആരോഗ്യം ഉറപ്പുവരുത്താൻ സഹായിക്കുന്ന പ്രത്യേക ഭക്ഷ്യനാരുകൾ അടങ്ങിയ ആഹാരമാണ് പ്രീബയോട്ടിക്കുകൾ. തവിടോടുകൂടിയ ധാന്യങ്ങൾ, പച്ചക്കറികൾ, പയറുവർ​ഗങ്ങൾ, പഴവർ​ഗങ്ങൾ എന്നിവ പ്രീബയോട്ടിക്കുകളാൽ സമ്പന്നമാണ്. കൂടാതെ ഉള്ളി, വെളുത്തുള്ളി, വാഴപ്പഴം, ശതാവരി എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. 

 ഉറക്കവും കുടലും തമ്മിൽ എന്ത് ബന്ധം?

ഭക്ഷണം ദഹിപ്പിക്കുക മാത്രമാണ് കുടലിന്റെ ജോലിയെന്ന് വിചാരിക്കുന്നെങ്കിൽ നിങ്ങൾക്ക് തെറ്റി. മേൽ പറഞ്ഞത് പോലെ തലച്ചോറും കുടലും തമ്മിൽ ബന്ധമുണ്ട്. കുടലും തലച്ചോറും ദശലക്ഷക്കണക്കിന് നാഡീകോശങ്ങളാൽ ബന്ധപ്പെട്ടിരിക്കുന്നു. വികാരങ്ങളെ നിയന്ത്രിക്കുന്നതിലും വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നതിൽ കുടലിന്റെ പങ്ക് ചെറുതല്ല. 

കുടലിന്റെ ആരോഗ്യം മോശമാകുമ്പോൾ വിഷാദവും ഉത്കണ്ഠയും അടക്കമുള്ള കാര്യങ്ങൾ ഉണ്ടാകുന്നു. ആരോഗ്യവിദഗ്ധർ നിരന്തരം പറയുന്നത് പോലെ ഉറക്കമാണ് നമ്മുടെ ആരോഗ്യത്തിന്റെ ഏറ്റവും പ്രധാനഘടങ്ങളിൽ ഒന്ന്. പോഷകാഹാരം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ജീവിതശൈലി നിയന്ത്രിക്കേണ്ടതും. 

 തിരക്ക് വേണ്ട... ചവച്ചരച്ച് തന്നെ കഴിക്കണം 

ദഹനപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ഭക്ഷണം പതിയെ ചവച്ചരച്ച് തന്നെ കഴിക്കണമെന്ന് സ്‌കൂൾ പഠനകാലത്ത് തന്നെ നാം കേട്ടിട്ടുണ്ടാകും. എന്നാൽ, ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിന് ഈ ഒരു ഗുണം മാത്രമല്ല. ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കും. പൊണ്ണത്തടിയിൽ നിന്ന് സംരക്ഷണം നൽകാനും ശരീരഭാരം ആരോഗ്യകരമായ രീതിയിൽ നിലനിർത്താനും ഇത് സഹായിക്കും. കൂടാതെ, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അവയവങ്ങളിലെ രക്തയോട്ടം വർധിപ്പിക്കാനും ആഹാരം ചവച്ചരച്ച് കഴിക്കുന്നത് ശീലമാക്കാം. 

 മനസ് ശാന്തമാക്കാം

സമ്മർദ്ദം ഒഴിവാക്കേണ്ടത് കുടലിന്റെ മാത്രമല്ല ശരീരത്തിന്റെ മുഴുവൻ ആരോഗ്യവും നിലനിർത്താൻ അത്യാവശ്യമാണ്. യോഗ, ധ്യാനം പോലെയുള്ളവ ശീലിക്കുന്നത് പ്രയോജനം ചെയ്യും. 

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News