എപ്പോഴും ക്ഷീണം തോന്നുന്നുണ്ടോ? പരിഹരിക്കാന്‍ ചില ടിപ്പുകൾ ഇതാ...

എപ്പോഴും ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ ചില പ്രശ്നങ്ങളുണ്ട്.

Update: 2022-08-18 15:53 GMT
Advertising

തളർന്നു. തളർന്നു. എപ്പോഴും ക്ഷീണം. ഒരുപാട് ആളുകൾ ഇതുപോലെ പരാതിപ്പെടുന്നത് കണ്ടിട്ടുണ്ട്. പക്ഷെ പരിഹരിക്കാന്‍ കാര്യമായി എന്തെങ്കിലും ചെയ്യുകയോ ഇക്കാര്യം വേണ്ടത്ര ഗൗരവത്തിൽ എടുക്കുകയോ ചെയ്യില്ല. നിങ്ങള്‍ക്ക് എപ്പോഴും ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ ചില പ്രശ്നങ്ങളുണ്ട്.

യഥാർഥത്തിൽ നിങ്ങളുടെ ഊർജം ചോർത്തുന്നതും ക്ഷീണിപ്പിക്കുന്നതും എന്താണെന്ന് കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. മൺസൂൺ നിങ്ങളുടെ ശരീരത്തിൽ ആഘാതം വിതയ്ക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതശൈലി ഊർജം നഷ്ടപ്പെടുത്തുന്നുണ്ടോ? അല്ലെങ്കിൽ നിങ്ങളുടെ ഭക്ഷണം അപര്യാപ്തമാണെന്നതാവാം ക്ഷീണത്തിന് കാരണം. എന്താണ് പ്രശ്നമെന്ന് കണ്ടെത്തി പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളണം.

വിശദീകരിക്കാനാകാത്ത ക്ഷീണം ഒരുപക്ഷേ മറഞ്ഞിരിക്കുന്ന പ്രശ്നത്തിന്‍റെ സൂചനയാവാം. അനീമിയ (ഹീമോഗ്ലോബിൻ അളവ് കുറവായതിനാൽ), തൈറോയിഡ്, കരളിന്‍റെ അല്ലെങ്കിൽ കിഡ്‌നിയുടെ പ്രശ്‌നങ്ങൾ, വൈറ്റമിൻ ഡി അല്ലെങ്കിൽ വിറ്റാമിൻ ബി 12ന്‍റെ അപര്യാപ്തത, ഹോര്‍മോണ്‍ അസന്തുലിതത്വം ഇവയിലേതെങ്കിലുമാവാം ക്ഷീണത്തിന്‍റെ കാരണം. വിവാഹമോചനം, പ്രിയപ്പെട്ട ആരുടെയെങ്കിലും മരണം എന്നിങ്ങനെയുള്ള ആഘാതകരമായ ഒരു സംഭവം നിരന്തര ക്ഷീണമെന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.

മൺസൂൺ കാലത്ത് ആവശ്യത്തിന് വെള്ളം കുടിക്കാത്തത് നിർജലീകരണത്തിലേക്ക് നയിച്ചേക്കാം. നേരിയ നിർജലീകരണം പോലും രക്തം കട്ടിയാകാൻ ഇടയാക്കും. ഇത് നിങ്ങളുടെ കോശങ്ങളിലേക്കും അവയവങ്ങളിലേക്കും രക്തം കൊണ്ടുപോകാൻ ഹൃദയത്തെ കൂടുതൽ പമ്പ് ചെയ്യാൻ നിർബന്ധിതമാക്കുന്നു. ഇത് ക്ഷീണത്തിന് കാരണമാകുന്നു. അതിനാല്‍ ധാരാളം വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ചെയ്യണം.

ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പ് ഉള്‍പ്പെടുത്തേണ്ടത് ക്ഷീണത്തോട് പൊരുതാന്‍ ആവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ കുറയ്ക്കാന്‍ ഇത് സഹായിക്കും. ആരോഗ്യകരമായ ദഹനം വളരെ പ്രധാനമാണ്. ദിവസവും ശരിയായ സമയത്ത് ഭക്ഷണം കഴിക്കണം. നല്ല നാരുകളുള്ള ഭക്ഷണം, ഓട്‌സ്, ആവശ്യത്തിന് പച്ചക്കറികളും പഴങ്ങളും എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.

സ്ഥിരമായ വ്യായാമമാണ് ക്ഷീണത്തെ ചെറുക്കുന്നതിനുള്ള മറ്റൊരു നല്ല മാർഗം. ഉറക്കം ഒഴിവാക്കുന്നതും ക്ഷീണത്തിന് കാരണമാകും. ചില ഭക്ഷണങ്ങളില്‍ നിന്നുള്ള അലര്‍ജിയും ക്ഷീണത്തിന് കാരണമായേക്കാം. നിങ്ങളുടെ ക്ഷീണം വിട്ടുമാറാത്തതും ആറ് മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്നതും നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താന്‍ കഴിയാത്തവിധം കഠിനവുമാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News