സവാളക്ക് പുറത്ത് കറുത്ത പൊടി കാണാറുണ്ടോ? ഇത് പാകം ചെയ്യാമോ? യാഥാര്‍ഥ്യമറിയാം...
ഒരുപാട് സവാള ഒരുമിച്ച് വാങ്ങിവെക്കാതെ ആവശ്യത്തിന് മാത്രം വാങ്ങി വെക്കുന്നതാണ് എപ്പോഴും നല്ലത്
ഇന്ത്യൻ ഭക്ഷ്യവിഭവങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സവാള.പെട്ടന്ന് കേടുവരാത്തതിനാൽ മിക്കവരും ഇത് കൂടുതൽ വാങ്ങി സൂക്ഷിക്കാറുമുണ്ട്. എന്നാൽ ചില സവാളകളുടെ തൊലിക്ക് പുറത്തും അകത്തുമായി കറുത്ത പൊടി കാണാറുണ്ട്. ഇത് യഥാർഥത്തിൽ പൊടിയല്ല.
ആസ്പർജില്ലസ് നൈഗർ എന്നറിയപ്പെടുന്ന ഒരു തരം ഫംഗസാണ്. ഈർപ്പമുള്ള സ്ഥലങ്ങളിൽ സവാള സൂക്ഷിക്കുമ്പോഴാണ് ഈ ഫംഗസ് വ്യാപിക്കുന്നത്. മണ്ണിൽ കാണപ്പെടുന്ന ഈ ഫംഗസ് സവാളയിലേക്കും പെരുകുന്നതാണ്. അത് വളരെ അപകടകാരിയല്ലെന്ന് ഡോക്ടർമാർ പറയുന്നു. ഫംഗസ് നീക്കം ചെയ്യാനായി ശ്രദ്ധാപൂർവം തൊലി കളഞ്ഞ് നന്നായി കഴുകിയ ശേഷം വേവിക്കണം. കറുത്ത പൊടി കൂടുതൽ പാളികളിൽ കണ്ടാൽ ആ ഭാഗങ്ങൾ ഒഴിവാക്കുകയും വേണം.നന്നായി കഴുകിയിട്ടും കറുത്ത പൊടി പോകുന്നില്ലെങ്കിലും സവാളക്ക് ദുർഗന്ധമോ മറ്റോ തോന്നുകയാണെങ്കിലും അവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
ഈ ഫംഗസ് അപകടകാരിയല്ലെങ്കിലും ചിലപ്പോൾ ചിലരിൽ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന വിഷവസ്തുക്കളെ ഉൽപാദിപ്പിക്കുമെന്നും ഡോക്ടർമാർ പറയുന്നു. ചിലർക്ക് ഓക്കാനം,തലവേദന,വയറുവേദന,അലർജി പോലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഈ ഫംഗസ് കാരണം ഉണ്ടായേക്കും.അങ്ങനെയെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഡോക്ടറെ കണ്ട് വൈദ്യസഹായം തേടണ്ടത് അത്യാവശ്യമാണ്.
കറുത്ത പൊടിയുള്ള സവാള അരിയുമ്പോൾ ശ്രദ്ധിക്കേണ്ടത്...?
കറുത്ത ഫംഗസ് സവാള മുറിച്ചതിന് ശേഷം കൈകളും കത്തിയും കട്ടിങ് ബോർഡും എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകണം.കുറച്ച് കറുത്ത പൊടി മാത്രമേ ഉള്ളൂ അതുകൊണ്ട് അത്രയൊക്കെ കഴുകിയാൽ മതി എന്ന് കരുതരുത്. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഡോ.നന്ദിത അയ്യർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. എത്ര കുറവാണെങ്കിലും ഇവ ശ്രദ്ധയോടെ കഴുകിയില്ലെങ്കിൽ മറ്റ് ഭക്ഷണ വസ്തുക്കളിലേക്ക് വ്യാപിക്കുകയും അവയെ മലിനമാക്കുകയും ചെയ്യും. കൂടാതെ സവാളകൾ വാങ്ങി പ്ലാസ്റ്റിക് കവറുകളിലോ പ്ലാസ്റ്റിക് പെട്ടികളിലോ അടച്ചു വെക്കുന്നതിന് പകരം മെഷ് ബാസ്‌കറ്റുകളിൽ സവാള സൂക്ഷിക്കാം.കൂടാതെ ഒരുപാട് സവാള ഒരുമിച്ച് വാങ്ങിവെക്കാതെ ആവശ്യത്തിന് മാത്രം വാങ്ങി വെക്കുക.വാങ്ങുമ്പോൾ പരമാവധി ഫ്രഷ് സവാള തെരഞ്ഞെടുക്കാൻ ശ്രമിക്കുക.
കറുത്ത പൊടിയുള്ള സവാള കഴിക്കുന്നതിന്റെ 'അപകടങ്ങളെ'ക്കുറിച്ചുള്ള നിരവധി വാദങ്ങള്‍ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാകാം.എന്നാല്‍ ആശങ്കയ്ക്ക് പകരം അവബോധത്തിന് മുൻഗണന നൽകുക. കൃത്യമായ ഭക്ഷ്യസുരക്ഷാ രീതികൾ പാലിക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക മാത്രമല്ല, അനാവശ്യമായ ഭക്ഷണം പാഴാക്കുന്നത് തടയുകയും ചെയ്യാം.