കേരളത്തിൽ വീണ്ടും കോളറ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിൽ കോളറ സ്ഥിരീകരിച്ചിരിക്കുകയാണ്. കേരളത്തിൽ ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ കേസാണ് ആലപ്പുഴയിലേത്. പകർച്ച വ്യാധിയായ കോളറയെ തടയാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

Update: 2025-05-15 06:45 GMT
Editor : RizwanMhd | By : Web Desk

ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിൽ കോളറ സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗബാധിതനായ രഘു പി ജി എന്ന 48- കാരൻ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽകോളജിൽ വെന്‍റിലേറ്ററില്‍ ചികിത്സയിലാണ്. കേരളത്തിൽ ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ കേസാണ് ആലപ്പുഴയിലേത്. ഏപ്രിലിൽ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ കേസിൽ, കോളറ ബാധിച്ച 63 കാരൻ മരിച്ചിരുന്നു.

ലോകത്താകമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത ബാക്ടീരിയയാണ് കോളറ. അതുകൊണ്ടുതന്നെ അത് പടരുന്ന ഇടങ്ങളിലെല്ലാം അതീവ ജാഗ്രത ഉണ്ടാകേണ്ടതും അത്യാവശ്യമാണ്. പകർച്ച വ്യാധിയായ കോളറയെ തടയാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? പരിശോധിക്കാം.

Advertising
Advertising

ലക്ഷണങ്ങൾ എന്തെങ്കിലും ശ്രദ്ധയിൽ പെടുന്ന ഉടൻ ചികിത്സ തേടുകയാണെങ്കിൽ ഭേദമാക്കാൻ സാധിക്കുന്ന ഒരു അസുഖം മാത്രമാണ് കോളറ. എന്നാൽ അശ്രദ്ധ മരണത്തിലേക്ക് എത്തിക്കും. ആദ്യം കോളറ എന്താണെന്നും അതെങ്ങനെയാണ് പടരുന്നതെന്നും നോക്കാം..

പ്രധാനമായും മലിനമായ ജലത്തിലൂടെ പടരുന്ന ബാക്ടീരിയ അണുബാധയാണ് കോളറ. വിബ്രിയോ കോളറ എന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണമാകുന്നത്. മലിനമായ വെള്ളം ഭക്ഷണം എന്നിവ വഴി ഇവ പെട്ടെന്ന് പടരും. രോഗാണു ശരീരത്തിലെത്തിയാൽ മണിക്കൂറുകൾ കൊണ്ടോ അല്ലെങ്കിൽ അഞ്ച് ദിവസത്തിനുള്ളിലോ കോളറ ബാധിക്കാവുന്നതാണ്. കുട്ടികളെയും മൂർത്തീർന്നവരെയും ഇത് ഒരുപോലെ ബാധിക്കും.

പെട്ടെന്നുള്ള കഠിനമായ വയറിളക്കമാണ് പ്രധാന രോഗലക്ഷണം. സാധാരണ ഉണ്ടാകുമ്പോൾ വയറുവേദന ഉണ്ടാകില്ലെങ്കിലും മലവിസർജനം വെള്ളം പോലെയായിരിക്കും, ഛര്ദിയുമുണ്ടാകും. അതുകൊണ്ടുതന്നെ ശരീരത്തിൽ വളരെ പെട്ടെന്ന് നിർജലീകരണം ഉണ്ടാകുകയും രോഗബാധിതർ അവശരാകുകയും ചെയ്യും. ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനടി ചികിത്സ തേടുക എന്നതാണ് രോഗത്തെ മറികടക്കാനുള്ള ഏകവഴി. സമയം കഴിയുംതോറും അപകടസാധ്യതയും വർധിക്കും.

ഇനി കോളറ വരാതിരിക്കാനുള്ള മാർഗങ്ങൾ നോക്കാം. അതിൽ പ്രധാനം ശുചിയായ വെള്ളം കുടിക്കുക എന്നതാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്. ഭക്ഷണമായാലും വെള്ളമായാലും തുറന്നുവയ്ക്കാൻ പാടില്ല. കൂടാതെ നന്നായി വേവിച്ച് വേണം ഭക്ഷിക്കാനും. ചുരുക്കത്തിൽ ഭക്ഷ്യ സാധനങ്ങളും കുടിവെള്ളത്തിലും എല്ലാം നല്ലപോലെ ശുചിത്വം പാലിക്കണം എന്നർത്ഥം.

പഴങ്ങളും പച്ചക്കറികളും കഴിക്കും മുൻപ് നല്ലപോലെ ശുദ്ധജലത്തിൽ കഴുകണം. മലമൂത്ര വിസർജനത്തിന് ശേഷം, ആഹാരം കഴിക്കും മുൻപ് എല്ലാം സോപ്പ് ഉപയോഗിച്ച് കൈകൾ നല്ലപോലെ കഴുകണം.

വയറിളക്കം അനുഭവപ്പെട്ടാൽ, നല്ലപോലെ പാനീയങ്ങൾ കുടിക്കാൻ ശ്രമിക്കുന്നതും നല്ലതാണ് എന്നതാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതിലൂടെ നിര്ജ്ജലീകരണത്തെ ഒരു പരിധി വരെ തടയാനും സാധിക്കും. അതേസമയം, ഉയർന്ന പഞ്ചസാര അടങ്ങിയ ജ്യൂസ്, സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്ക് എന്നിവ കുടിക്കുന്നത് വയറിളക്കം കൂടുതലാക്കും. അതുകൊണ്ടുതന്നെ അവ ഒഴിവാക്കാൻ ശ്രദ്ധിക്കണം,

റീഹൈഡ്രേഷൻ തെറാപ്പി ആണ് കോളറയ്‌ക്കെതിരെയുള്ള പ്രധാന ചികിത്സ. വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, എന്നിവ കുടിക്കുക. രോഗ ലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽനിന്ന് രോഗം പകരാനുള്ള സാധ്യതയും ഉണ്ട്.

കേരളത്തിൽ കോളറ കേസുകൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ പത്ത് വർഷത്തിനിടെ ആകെ രണ്ടുമരണം മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു. 2017 ലും 2025 ലുമായിരുന്നു അത്. അതേസമയം, ലോകത്താകമാനം കോളറ ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് 2024 ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കാലാവസ്ഥ വ്യതിയാനവും മോശം ശുചീകരണ പ്രവർത്തനങ്ങളുമാണ് അതിന് കരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News