ഒന്നും നോക്കണ്ട, മാസ്‌ക് എടുത്തോ...; കോവിഡ് വീണ്ടുമെത്തി, കൂടുതലും കുട്ടികളിൽ

ചെറിയ കുട്ടികളിൽ രോഗലക്ഷണങ്ങൾ വളരെ കുറവാണെങ്കിലും രോഗവ്യാപനം തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു

Update: 2023-04-10 15:31 GMT
Editor : banuisahak | By : Web Desk
Advertising

sഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. കോവിഡ് എന്ന് കേൾക്കുമ്പോഴുള്ള ഭയമോ ആശങ്കയോ ഒന്നും ഇപ്പോൾ ആരിലും കാണുന്നില്ല. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാരണം, ഇപ്പോൾ വർധിച്ചുവരുന്ന കോവിഡ് കേസുകളിൽ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് 15 വയസ്സിന് താഴെയുള്ള കുട്ടികളിലാണ്. ചെറിയ കുട്ടികളിൽ രോഗലക്ഷണങ്ങൾ വളരെ കുറവാണെങ്കിലും രോഗവ്യാപനം തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.

വൈറൽ അണുബാധകളും, ആർഎസ്‌വി (റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്), ഫ്ലൂ, അഡെനോവൈറസ് പോലെയുള്ളവയുമുള്ള കുട്ടികളാണെങ്കിൽ അതീവ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. വാക്‌സിൻ എടുക്കാൻ സാധിക്കുമെങ്കിൽ കുട്ടികൾക്ക് പ്രതിരോധ വാക്‌സിൻ എടുക്കണമെന്നും ആരോഗ്യ വിദഗ്‌ധർ നിർദേശിക്കുന്നു.

കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുകാൻ കുട്ടികളെ ശീലിപ്പിക്കണം. പുറത്തുപോകുമ്പോൾ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കണം. ചുമ, ജലദോഷം, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കാതിരിക്കുകയാണ് നല്ലത്. കൊവിഡ് കേസുകളുടെ നിലവിലെ കുതിച്ചുചാട്ടത്തെ നിസ്സാരമായി കാണരുതെന്നും വിദഗ്ധർ പറയുന്നു. പ്രത്യേകിച്ച് പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം. 

കുട്ടികളിലെ ലക്ഷണങ്ങൾ 

സാധാരണായായുള്ള കോവിഡ് ലക്ഷണങ്ങൾ തന്നെയാണ് കുട്ടികളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കടുത്ത പനി, ചുമ, തലവേദന, ശരീരവേദന, ക്ഷീണം, മൂക്കൊലിപ്പ് തുടങ്ങിയവയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ. സാധാരണ പനിയുടെ ലക്ഷണങ്ങളായതിനാൽ അധികം ആളുകളും ഇത് കാര്യമാക്കാറില്ല. എന്നാൽ, കോവിഡ് കേസുകളെ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം ലക്ഷണങ്ങളെ നിസാരമായി കണ്ട് അവഗണിക്കരുത്. സാധാരണ പനിയും കോവിഡും തമ്മിലുള്ള വ്യത്യാസം പരിശോധിച്ച് തന്നെ ഉറപ്പ് വരുത്തണം. മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികളാണെങ്കിൽ ചെറിയ പനി വന്നാൽ പോലും ജാഗ്രത പാലിക്കേണ്ടതുണ്ട്- ഡൽഹിയിലെ സികെ ബിർള ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ & പൾമണോളജി വിഭാഗം മേധാവി ഡോ. കുൽദീപ് കുമാർ ഗ്രോവർ പറയുന്നു. 

"കോവിഡ് ഒരു വൈറൽ അണുബാധയാണ്. മറ്റേതൊരു വൈറൽ അണുബാധയെയും പോലെ പനി, ജലദോഷം, ചുമ, വയറിളക്കം, ശരീരവേദന തുടങ്ങിയവയാണ് കോവിഡിന്റേയും ലക്ഷണങ്ങൾ. കഴുത്തിന്റെ പിൻഭാഗത്തോ താടിയിലോ കാണപ്പെടുന്ന വീക്കം കോവിഡുമായി ബന്ധപ്പെട്ട മറ്റൊരു ലക്ഷണമാണ്. ആദ്യം ചെറിയൊരു പനി വരികയും ക്രമേണെയത് കൂടുകയും ചെയ്യുക, പേശിവേദന, ക്ഷീണം എന്നിവ കോവിഡിനെ മറ്റ് വൈറൽ പനികളിൽ നിന്ന് വേർതിരിച്ചറിയാൻ സാധിക്കുന്ന ഒന്നാണ്'; ഡോക്‌ടർ കൂട്ടിച്ചേർത്തു. 

 ശ്രദ്ധിക്കേണ്ടത്.. 

ഉയർന്ന പനിയും ചൂടും കണ്ടാൽ ഉടൻ തന്നെ കുട്ടികൾക്ക് വൈദ്യസഹായം ലഭ്യമാക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്. അഞ്ച് ദിവസത്തിൽ കൂടുതൽ പനി നീണ്ടുനിൽക്കുകയാണെങ്കിലോ കുട്ടി ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നുവെങ്കിലോ പ്രത്യേകം ശ്രദ്ധിക്കണം. ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, ചുണ്ടുകൾ വരണ്ടതാകുകയോ അല്ലെങ്കിൽ തൊലി പോകുകയോ ചെയ്യുക ഇവയെല്ലാം നിങ്ങളുടെ കുട്ടിക്ക് ആശുപത്രി പരിചരണം ആവശ്യമായി വരാമെന്നതിന്റെ സൂചനയാണ്. 

സ്വയം ശുചിത്വം തന്നെയാണ് പ്രധാനം. കയ്യും മുഖവും കഴുകുക, കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കുക. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ മടികൂടാതെ ആർടിപിസിആർ പരിശോധനക്ക് വിധേയമാകേണ്ടതും പ്രധാനമാണെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. അഞ്ച് വയസിന് മുകളിലുള്ള കുട്ടികൾ പുറത്തുപോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. തിരക്കുള്ളയിടങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കണമെന്നും ഡോക്ടർമാർ പറയുന്നു. 

അതേസമയം, പുതുതായി 5,880 പേര്‍ക്കുകൂടിയാണ് കോവിഡ് സ്ഥിതീകരിച്ചത്. കോവിഡിന്റെ ദിനംപ്രതിയുള്ള ഉയര്‍ന്ന കണക്കുകള്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കോവിഡില്‍നിന്ന് മുക്തമായിട്ടില്ല എന്ന് തെളിയിക്കുന്നതാണ് വീണ്ടും വരുന്ന കണക്കുകള്‍. ഏപ്രില്‍ ഏഴ് വെള്ളിയാഴ്ച മാത്രം 6,050 പേര്‍ക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് ശേഷം വരുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഓരോ ദിവസത്തെയും കോവിഡ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആ വര്‍ധനവ് അതേ രീതിയില്‍ തന്നെ തുടരുന്നുണ്ട്. ആകെ കോവിഡ് രോഗികളുടെ എണ്ണം 35,199 ആയി ഉയര്‍ന്നിരിക്കുന്നു എന്ന ആശങ്കപ്പെടുത്തുന്ന കണക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്നത്.

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News