ഹൃദയസ്തംഭനം മൂലം ഒരാൾ കുഴഞ്ഞുവീണാൽ സിപിആര്‍ നൽകുന്നതെങ്ങനെ?അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ഹൃദയസ്തംഭനം ഉണ്ടാകുന്ന വ്യക്തികളില്‍ നടത്തുന്ന അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആര്‍

Update: 2025-09-28 11:04 GMT

സിപിആർ നൽകുന്നു (Ai generated images)

മുന്നിലൊരാൾ ഹൃദയം തകർന്നു പിടഞ്ഞു വീഴുമ്പോൾ നിസ്സഹായവരായി നിൽക്കേണ്ടവരല്ല നമ്മൾ. ആ നിമിഷത്തിലെ ചെറിയൊരു ഇടപെടൽ കൊണ്ടോ പരിചരണം കൊണ്ടോ അയാളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ നമ്മൾക്കാവും. ഇതിനായുള്ള പ്രാഥമിക ശുശ്രൂഷ രീതി അറിഞ്ഞിരിക്കുക എന്നതാണ് പ്രധാനം.

2025 ലേക്ക് എത്തുമ്പോൾ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇതിൽ ഏറ്റവും പ്രധാനം യുവാക്കളിൽ ഹൃദയസ്തഭനം മൂലം മരിക്കുന്നവരുടെ എണ്ണത്തിലുള്ള വർധനവാണ്. എല്ലാ ഹൃദയപ്രശ്നങ്ങളും വ്യക്തമായ മുന്നറിയിപ്പ് അടയാളങ്ങളോടെ ഉണ്ടാകുന്നതല്ല. ഹൃദയാരോഗ്യത്തെ പ്രായമോ പ്രത്യക്ഷമായ ഘടകങ്ങളോ മാത്രമല്ല സ്വാധീനിക്കുന്നത് എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ വർദ്ധനവ്. മെഡിക്കൽ മൂല്യനിർണ്ണയവുമില്ലാതെ ഉയർന്ന തീവ്രതയുള്ള വ്യായാമത്തിലോ അത്യധികമായ കായികവിനോദങ്ങളിലോ ഏർപ്പെടുന്നത് അടുത്തിടെ കൂടുതൽ ചർച്ചയായി. കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രത്യാഘാതങ്ങൾ, ജീവിതശൈലിയിലുണ്ടായ മാറ്റം, ലഹരി ഉപയോഗം, മാനസികമായും ശാരീരികമായും ഉണ്ടാകുന്ന സമ്മർദ്ദങ്ങൾ, പാരിസ്ഥിതിക സമ്മർദ്ദം, വൈകിയുള്ള രോഗനിർണയങ്ങൾ തുടങ്ങിയവയൊക്കെ ഹൃദയസ്തഭനം കൂടാനുള്ള കാരണങ്ങളായി പറയുന്നു.

Advertising
Advertising

 

എന്താണ് CPR ? , എന്തിനാണ് CPR ?

ഹൃദയസ്തംഭനം എന്നത് പെട്ടെന്ന് ജീവൻ അപകടത്തിൽപെടുത്തുന്ന ഒരു അവസ്ഥയാണ്. ഹൃദയം ശരീരത്തിലേക്കും തലച്ചോറിലേക്കും ഫലപ്രദമായി രക്തം പമ്പ് ചെയ്യുന്നത് നിർത്തുകയും ഉടനടി ബോധം നഷ്ടപ്പെടുന്നതിനും ശ്വസനം നഷ്ടപ്പെടുന്നതിനും കാരണമാകുകയും. രക്തപ്രവാഹം തടസ്സപ്പെടുന്നതിലൂടെ ഉണ്ടാകുന്ന ഹൃദയാഘാതത്തിൽ നിന്ന് വ്യത്യസ്തമായി, ഹൃദയത്തിന്റെ വൈദ്യുത സംവിധാനം തകരാറിലാകുകയും ഹൃദയമിടിപ്പ് നിലയ്ക്കുകയും ചെയ്യുമ്പോൾ ഹൃദയസ്തംഭനം സംഭവിക്കുന്നു. പെട്ടന്നുള്ള ചികിത്സയാണ് ജീവൻ തിരിച്ചു കിട്ടാനുള്ള ഏക മാർഗം.

എന്താണ് CPR ?

ഹൃദയസ്തംഭനം ഉണ്ടാകുന്ന വ്യക്തികളില്‍ നടത്തുന്ന അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആര്‍ അഥവാ കാർഡിയോ പൾമണറി റിസസിറ്റേഷൻ. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കഴിയാത്തപ്പോൾ ഹൃദയം പുനരാരംഭിക്കാനും രക്തചംക്രമണം നിലനിർത്താനുമുള്ള ഒരു ശ്രമമാണിത്. ശരിയായ രീതിയില്‍ നല്‍കി അടിയന്തരമായി ആശുപത്രിയിലെത്തിച്ചാല്‍ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും.

സിപിആർ നൽകുന്നതെങ്ങനെ ?

1. സുരക്ഷിതമായ സ്ഥലം ആണോ എന്ന് വീക്ഷിച്ച ശേഷം വീണു കിടക്കുന്ന വ്യക്തിക്ക് ശ്വാസോച്ഛ്വാസമുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടത് ഇതിനായി മുന്നിൽ നിന്ന് ചുമലിൽ തട്ടി എന്തുപറ്റി എന്നുറക്കെ ചോദിക്കുകയും ശരിയായ ശ്വാസോച്ഛ്വാസമുണ്ടോ എന്ന് നോക്കുകയും ചെയ്യണം.

2. പ്രതികരണമില്ലെങ്കിൽ ആരെയെങ്കിലും സഹായത്തിനു വിളിക്കുകയും ആംബുലൻസ് സഹായത്തിനായി 108 നമ്പറിൽ വിളിക്കുകയും ചെയ്യുക. ആശുപത്രിയിൽ എത്തുന്നതിനു മുമ്പുള്ള സമയം നിർണായകമാണ്.

3. ശേഷം ഇടവിട്ട് നെഞ്ചിലമർത്താൻ തുടങ്ങണം. ഒരു കൈപ്പത്തിയുടെ ഉപ്പൂറ്റി നെഞ്ചിനു താഴെ മാറെല്ലിനു രണ്ടു വിരൽ മുകളിലായി വെയ്ക്കുക. മറ്റേക്കൈ അതിനുമുകളിൽ വിരലുകൾ പിണച്ചു വെയ്ക്കുക. (കൈമുട്ട് നിവർന്നിരിക്കണം, ചുമൽ രോഗിയുടെ നെഞ്ചിന്റെ മുകളിലായിരിക്കണം) അഞ്ചു മുതൽ ആറ് സെന്റിമീറ്റർ താഴോട്ട് ഒരു സെക്കൻഡിൽ 2 എന്ന കണക്കിനു അമർത്തണം (ഓരോ അമർത്തലിനു ശേഷവും മാറിടം പൂർവസ്ഥിതിയിലെത്തണം)

1, 2, 3 എന്നിങ്ങനെ 30 വരെ ഉച്ചത്തിലെണ്ണണം ഇത്തരത്തിൽ 5 ആവർത്തി ചെയ്യേണ്ടതുണ്ട്.

4. രോഗി പ്രതികരിക്കുന്നത് വരെയോ ആശുപത്രിയിലെത്തുന്നതുവരെയോ ഇത് തുടരണം. ശരീരത്തില്‍ എവിടെയെങ്കിലും സിപിആര്‍. ചെയ്യാനാവില്ല. ഹൃദയവുമായി ബന്ധപ്പെട്ടുള്ളതായതിനാല്‍ നെഞ്ചുഭാഗത്ത് തന്നെ കൃത്യമായി ചെയ്യണം.

സംസ്ഥാനത്ത് സിപിആര്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് ലോക ഹൃദയദിനമായ സെപ്റ്റംബര്‍ 29 മുതല്‍ തുടക്കം കുറിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി പ്രത്യേക ആക്ഷൻ പ്ലാനുകളും ആരോഗ്യ വകുപ്പ് നടപ്പിലാക്കും. മെഡിക്കല്‍ കോളേജുകളിലും പരിശീലനത്തിനായി കാര്‍ഡിയോളജി വിഭാഗത്തിന്റെ സഹകരണത്തോടെ സ്ഥിരം സംവിധാനമൊരുക്കും.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News