പാരാസെറ്റമോളിന്‍റെ ദൈനംദിന ഉപയോഗം രക്തസമ്മര്‍ദം കൂട്ടുമെന്ന് പഠനം

ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയുള്ള ആളുകൾക്ക് പാരസെറ്റമോൾ നിർദേശിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണമെന്ന് ഗവേഷകർ ഡോക്ടർമാരോട് ആവശ്യപ്പെട്ടു

Update: 2022-02-08 05:43 GMT
Editor : Jaisy Thomas | By : Web Desk
Advertising

പാരസെറ്റമോളിന്‍റെ ദൈനംദിന ഉപയോഗം രക്തസമ്മർദം കൂട്ടുകയും ഹൃദയാഘാത സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് പഠനം. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയുള്ള ആളുകൾക്ക് പാരസെറ്റമോൾ നിർദേശിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണമെന്ന് ഗവേഷകർ ഡോക്ടർമാരോട് ആവശ്യപ്പെട്ടു.

എഡിൻബർഗ് സർവകലാശാലയിലെ വിദഗ്ധർ ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടായിരുന്ന 110 രോഗികളെ കേന്ദ്രീകരിച്ച് പഠനം നടത്തിയിരുന്നു. രണ്ട് ഗ്രൂപ്പായി തിരിച്ച് ഒരു ഗ്രാം പാരസെറ്റമോൾ ഒരു ദിവസം നാല് തവണ അല്ലെങ്കിൽ രണ്ടാഴ്ചത്തേക്ക് ഒരു ഗ്രൂപ്പിന് നല്‍കിയിരുന്നു. നാല് ദിവസത്തിനുള്ളിൽ, പാരസെറ്റമോൾ ഉപയോഗിച്ച ഗ്രൂപ്പിൽ രക്തസമ്മർദം ഗണ്യമായി വർധിച്ചു. ഇത് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത 20 ശതമാനം വർധിപ്പിച്ചു. പ്രായപൂർത്തിയായ മൂന്നിൽ ഒരാൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉള്ളതിനാൽ, യുകെയിൽ ഏകദേശം 10 പേരിൽ ഒരാൾക്ക് വിട്ടുമാറാത്ത വേദനക്ക് പരിഹാരമായി ദിവസവും പാരസെറ്റമോൾ നിർദേശിക്കപ്പെടുന്നുണ്ട്.

''രക്തസമ്മർദം കൂട്ടുമെന്ന് പറയുന്ന ഇബുപ്രോഫെൻ പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നത് നിർത്താൻ രോഗികളെ ഉപദേശിക്കാൻ ശ്രമിക്കുകയാണെങ്കിൽ പാരസെറ്റമോൾ സുരക്ഷിതമായ ബദലാണെന്ന് ഞങ്ങൾ എപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാൻ സാധ്യതയുള്ള രോഗികളിൽ പാരസെറ്റമോൾ ഉപയോഗിക്കുന്നത് നിർത്തണം''എഡിൻബർഗ് സർവകലാശാലയിലെ തെറാപ്പിറ്റിക്സ് ആൻഡ് ക്ലിനിക്കൽ ഫാർമക്കോളജി ചെയർ പ്രൊഫസർ ഡേവിഡ് വെബ് പറഞ്ഞു. വിട്ടുമാറാത്ത വേദനയ്ക്ക് പാരസെറ്റമോൾ ആവശ്യമുള്ള ആളുകൾ അവരുടെ രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ പ്രത്യേക മരുന്നുകൾ ഉപയോഗിക്കണമെന്ന് ഗവേഷകർ നിര്‍ദേശിച്ചു.

''പാരസെറ്റമോൾ ഉപയോഗിച്ചുള്ള രണ്ടാഴ്ചത്തെ ചികിത്സ ഉയർന്ന രക്തസമ്മർദം വർധിപ്പിക്കും, ഇത് പ്രധാനമാണ്, കാരണം ഉയർന്ന രക്തസമ്മർദം ഹൃദയാഘാതത്തിനും സ്ട്രോക്കിനും ഒരു അപകട ഘടകമാണെന്ന് ഞങ്ങൾക്കറിയാം'' എഡിൻബർഗ് സർവകലാശാലയിലെ ക്ലിനിക്കൽ ഫാർമക്കോളജിയുടെ പെഴ്സണല്‍ ചെയര്‍ പ്രൊഫസർ ജെയിംസ് ഡിയർ പറഞ്ഞു. ഉയർന്ന രക്തസമ്മർദ്ദം വളരെ സാധാരണമാണ്. മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് രക്തസമ്മർദമുണ്ട്, പ്രായത്തിനനുസരിച്ച് അത് വർധിക്കുന്നു, പാരസെറ്റമോൾ കഴിക്കുന്നത് വളരെ സാധാരണമാണെന്ന് നമുക്കറിയാം'' ജെയിംസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വല്ലപ്പോഴും പാരസെറ്റമോൾ കഴിക്കുന്നവർ ആശങ്കപ്പെടേണ്ടതില്ലെന്ന് എൻഎച്ച്എസ് ലോതിയനിലെ ക്ലിനിക്കൽ ഫാർമക്കോളജി ആൻഡ് നെഫ്രോളജി കൺസൾട്ടന്‍റായ ഡോ.ഇയാൻ മക്കിന്‍റൈര്‍ പറഞ്ഞു. പനിയോ തലവേദനയോ മാറാന്‍ പാരാസെറ്റമോള്‍ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍ ഇത് ദീർഘകാലത്തേക്ക് പതിവായി കഴിക്കുന്ന ആളുകൾക്ക് വിട്ടുമാറാത്ത വേദനയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇയാന്‍ വ്യക്തമാക്കി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News