ഗർഭാവസ്ഥയിലുള്ള വിവേചനം കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെ ബാധിക്കുമെന്ന് ഗവേഷകർ

യേൽ, കൊളംബിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ

Update: 2023-12-01 13:46 GMT
Advertising

ഗർഭാവസ്ഥയിൽ വിവേചനം അനുഭവിക്കുന്നത് അമ്മയുടെ ആരോഗ്യത്തെ മാത്രമല്ല കുഞ്ഞിന്റെ തലച്ചോറിന്റ ആരോഗ്യത്തെയും ബാധിക്കുമെന്ന് റിപ്പോർട്ട്. യേൽ, കൊളംബിയ സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഗർഭിണികൾ നേരിടുന്ന വേദനാജനകമായ അനുഭവങ്ങൾ അവരുടെ കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തെ ബാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

ന്യൂറോ സൈക്കോഫാർമക്കോളജി ജേണലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. പഠനത്തിനായി 38 സ്ത്രീകളിലാണ് ഗവേഷകർ പരീക്ഷണം നടത്തിയത്. കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ മനസിലാക്കാൻ എം.ആർ.ഐ (മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ്) ആണ് ഉപയോഗിച്ചത്.

വളരെ ഉയർന്ന രീതിയിലുള്ള സ്‌ട്രെസ്സും വിഷാദവുമെല്ലാം അതനുഭവിക്കുന്ന വ്യക്തിക്ക് മാത്രമല്ല, ഗർഭാവസ്ഥയിൽ അനുഭവപ്പെട്ടാൽ അത് അവരുടെ കുട്ടികളിൽ ദീർഷകാലം നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നേരത്തെ ഗവേഷകർ കണ്ടെത്തിയിരുന്നു.

ഗർഭാവസ്ഥയിലുള്ള സമ്മർദങ്ങൾ മനുഷ്യ വികാരങ്ങളെ പ്രോസസ് ചെയ്യുന്ന തലച്ചോറിലെ പ്രത്യേക ഭാഗമായ അമിഗ്ഡാലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. നേരത്തെയുണ്ടായ മോശം അനുഭവങ്ങളും അമിഗ്ഡാലയെ പ്രശ്‌നത്തിലാക്കും. അമിഗ്ഡാലയും തലച്ചോറിന്റെ മറ്റുഭാഗങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രീഫ്രോണ്ടൽ കോർട്ടെക്‌സിനെയും ഇത് പ്രശ്‌നത്തിലാക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഗർഭാവസ്ഥയിൽ വിവേചനം അനുഭവിച്ച ആളുകളുടെ കുട്ടികൾക്ക് തലച്ചോറിന്റെ ഈ ഭാഗങ്ങൾ തമ്മിലുള്ള ബന്ധം വളരെ ദുർബലമാണെന്നാണ് ഗവേഷകർ കണ്ടെത്തൽ.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കണ്ടെത്താനായില്ല. ഇത്തരത്തിൽ മാതാപിതാക്കളുടെ പ്രതികൂല അനുഭവങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്ന ജൈവിക സംവിധാനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് യേൽ സ്‌കൂൾ ഓഫ് മെഡിസിനിലെ റേഡിയോളജി, ബയോമെഡിക്കൽ ഇമേജിംഗ് അസോസിയേറ്റ് പ്രൊഫസർ ഡസ്റ്റിൻ ഷൈനോസ്റ്റ് പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News