മലബന്ധം ഒഴിവാക്കാന്‍ കമ്പിളി നാരങ്ങ
പനി ബാധിച്ച ശേഷമുള്ള ശരീരവേദന മാറ്റാനും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും രക്തത്തില്‍ കൗണ്ടിന്‍റെ അളവ് വര്‍ധിപ്പിക്കാനുമുള്ള ശേഷി കമ്പിളി നാരകത്തിനുണ്ട്
നമ്മുടെ നാട്ടില്‍ സുലഭമായി കാണപ്പെടുന്ന ഒന്നാണ് കമ്പിളി നാരങ്ങ അഥവാ ബബ്ലൂസ് നാരങ്ങ. പണ്ടുകാലത്ത് തൊടികളില്‍ നിറഞ്ഞുനിന്നിരുന്ന ഇവ ഇപ്പോള്‍ മാര്‍ക്കറ്റുകളിലേക്കും ചേക്കേറിയിട്ടുണ്ട്. മറ്റു പഴവര്‍ഗങ്ങളെ അപേക്ഷിച്ച് വലിയ വിലയൊന്നുമില്ലെങ്കിലും ഗുണങ്ങളില്‍ മുന്നിലാണ് കമ്പിളി നാരങ്ങ.
പനി ബാധിച്ച ശേഷമുള്ള ശരീരവേദന മാറ്റാനും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും രക്തത്തില്‍ കൗണ്ടിന്‍റെ അളവ് വര്‍ധിപ്പിക്കാനുമുള്ള ശേഷി കമ്പിളി നാരകത്തിനുണ്ട്. നിരവധി വിറ്റാമിനുകളും പ്രോട്ടീനുകളും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി, ജലാംശം, ട്രോട്ടീന്‍, കൊഴുപ്പ്, അജം, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയവയാല്‍ സമ്പന്നമാണ് ഈ നാടന്‍ഫലം. രക്തപുഷ്ടി ഉണ്ടാക്കുവാന്‍ ഉപകരിക്കുന്ന കമ്പിളി നാരങ്ങ ദാഹത്തിനും ക്ഷീണത്തിനും നല്ലതാണ്.
മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും മലബന്ധം ഒഴിവാക്കാനും കമ്പിളി നാരങ്ങ ഉപയോഗിക്കുന്നു. കൂടാതെ, ഉറച്ച ആരോഗ്യമുള്ള പല്ലുകൾക്ക് ഇത് ഉത്തമമാണ്. ശരീരഭാരം കുറയ്‌ക്കാനും ബബ്ലൂസ് നാരങ്ങ ഉപയോഗിക്കാറുണ്ട്. വൈറ്റമിനുകളും ആന്‍റിഓക്‌സിഡന്‍റും അടങ്ങിയിട്ടുള്ള കമ്പിളി നാരങ്ങ ഹൃദയസംബന്ധമായ രോഗങ്ങൾക്കും ക്യാൻസറിനും പ്രതിവിധിയായി കണക്കാക്കുന്നു. ശരീരത്തിലെ കൊഴുപ്പ് നീക്കാൻ സഹായിക്കുന്ന ഭക്ഷണ പദാർഥം കൂടിയാണ് ബബ്ലൂസ് നാരങ്ങ. ഇതിലെ വൈറ്റമിൻ സി കൊഴുപ്പിനെ കത്തിച്ചുകളയുന്നു.
ചുവപ്പ്, വെള്ള നിറങ്ങളിലാണ് കമ്പിളി നാരകങ്ങളുള്ളത്. ചുവപ്പ് നിറമുള്ളതാണ് സാധാരണ കാണപ്പെടുന്നത്. പുളിയും മധുരവും ചവര്‍പ്പും കലര്‍ന്ന രുചിയാണ് ഉള്‍ക്കാമ്പിന്. കട്ടിയുള്ള പുറം തോട് പാകമാകുമ്പോള്‍ ഇളം മഞ്ഞ നിറമാകും. പുറംതോട് പൊളിച്ച് ഉള്‍ഭാഗം എടുക്കാം. ഉള്‍ഭാഗം നന്നായി പഴുത്ത കാമ്പിന് നല്ല മധുരവുമുണ്ടാകും. കമ്പിളി നാരങ്ങ ഉപയോഗിച്ച് ജ്യൂസ്, സ്‌ക്വാഷ് എന്നിവയുണ്ടാക്കാന്‍ കഴിയും.