ചിക്കൻ സ്ഥിരമായി കഴിക്കാറുണ്ടോ? ഈ ഭാഗങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണികിട്ടും

ചിക്കന്റെ എല്ലാ ഭാഗങ്ങളും ശരീരത്തിന് പ്രോട്ടീൻ നൽകണമെന്നില്ല

Update: 2026-10-24 04:39 GMT

നോൺ വെജ് വിഭവങ്ങൾ ഇഷ്ടപ്പെടാത്തവരായി അധികമാരും തന്നെ ഉണ്ടാകില്ല. ചിക്കൻ, മട്ടൺ, ബീഫ്... എന്നാൽ, മിക്കവരും കൂടുതൽ കഴിക്കുന്നതും ഫേവറേറ്റ് ലിസ്റ്റിലുള്ളതും ചിക്കനായിരിക്കും. ഫിറ്റ്‌നസ് പ്രേമികളും ജിമ്മിൽ പോകുന്നവരും പ്രോട്ടീൻ കിട്ടാൻ കൂടുതലും ചിക്കൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുമുണ്ട്. 100 ​ഗ്രാം വേവിച്ച, തൊലി കളഞ്ഞ ചിക്കൻ ബ്രെസ്റ്റിൽ ഏകദേശം 31 ​ഗ്രാം അളവിലാണ് പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്. എന്നാൽ, ചില ആരോ​ഗ്യപ്രശ്നങ്ങളുള്ളവർ ചിക്കൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ഏത് ഭാ​ഗം ആർക്കൊക്കെയാണ് കഴിക്കാൻ പാടില്ലാത്തതെന്നും എത്ര അളവിൽ കഴിക്കണം എന്ന് നോക്കാം.

Advertising
Advertising

ചിക്കന്റെ എല്ലാ ഭാ​ഗവും കഴിക്കാമോ?

ചിക്കൻ ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും, ഇതിന്റെ എല്ലാ ഭാഗങ്ങളും ശരീരത്തിന് പ്രോട്ടീൻ നൽകണമെന്നില്ല. അതായത്, ചില ഭാ​ഗങ്ങൾ ഒഴിവാക്കണമെന്നർഥം. ചിക്കൻ തൊലിയിൽ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർധിപ്പിക്കാനും കൊളസ്ട്രോളിനും ഹൃദയാരോ​ഗ്യം തകർക്കാനും കാരണമായേക്കാം. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തൊലി ഒഴിവാക്കി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ചിക്കനിൽ പ്യൂരിൻ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നതിനും സന്ധികളിൽ കഠിനമായ വേദനയ്ക്കും നീർവീക്കത്തിനും കാരണമായേക്കാം.

കൂടാതെ പാചക രീതിയിലും വേണം പ്രത്യേക ശ്രദ്ധ. അമിതമായി എണ്ണയിലോ വെണ്ണയിലോ ക്രീമിലോ പൊരിച്ചും ഗ്രേവികളായും ചിക്കൻ കഴിക്കുന്നത് ആരോഗ്യത്തിന് ​ഗുണം ചെയ്യില്ല. ഇത് ശരീരത്തിൽ കൊഴുപ്പും കലോറിയും വർധിപ്പിക്കാൻ കാരണമായേക്കാം. ഇങ്ങനെ കഴിക്കുന്നതിന് പകരം ഗ്രിൽ ചെയ്തോ, ബേക്ക് ചെയ്തോ, കുറഞ്ഞ എണ്ണ ഉപയോഗിച്ചോ പാകം ചെയ്ത് കഴിക്കതാണ് ആരോ​ഗ്യത്തിന് നല്ലത്. ഇതുവഴി കൂടുതൽ കൊഴുപ്പ് ശരീരത്തിൽ എത്തില്ല.

ചിക്കന്റെ ലിവർ (കരൾ) കഴിക്കാൻ പറ്റുമോ?

ചിക്കന്റെ കരൾ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്. അയേൺ, വിറ്റാമിൻ B12, വിറ്റാമിൻ A എന്നിവയാൽ സമ്പന്നമാണ് ലിവർ. ഈ ​ഗുണങ്ങളെല്ലാമുണ്ടെങ്കിലും ഇതിൽ വിറ്റാമിൻ A അളവ് വളരെ കൂടുതലാണെന്നും ഓർത്തിരിക്കണം. അതിനാൽ ദിവസേനയോ വലിയ അളവിലോ കഴിക്കാതിരിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്. പ്രത്യേകിച്ച് ഗർഭിണികളും സപ്ലിമെന്റുകൾ കഴിക്കുന്നവരും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.

നന്നായി വേവിക്കാം

ചിക്കൻ കഴിക്കുന്നതിൽ മാത്രമല്ല വേവിക്കുന്നതിലും ശ്രദ്ധ വേണം. കാരണം വേവാത്ത ചിക്കനിൽ സാൽമോണല്ല, കാമ്പിലോബാക്ടർ തുടങ്ങിയ ബാക്ടീരിയകൾ അടങ്ങിയിരിക്കാം. ഇതുവഴി നിങ്ങൾക്ക് വയറുവേദന, പനി, ഛർദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നതനുസരിച്ച്, ചിക്കന്റെ ഉള്ളിലെ താപനില 74 ഡിഗ്രി സെൽഷ്യസ് എത്തുമ്പോൾ മാത്രമാണ് അത് പൂർണ്ണമായും വേവിച്ചതായി കണക്കാക്കുന്നത്. ഇനി ചിക്കൻ കഴിക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി അറിഞ്ഞ് കഴിക്കാൻ ശ്രദ്ധിക്കണം.

(ശ്രദ്ധിക്കുക: ഈ ലേഖനം പൊതുവായ വിവരങ്ങൾ നൽകാൻ മാത്രമുള്ളതാണ്. ഫിറ്റ്നസുമായി ബന്ധപ്പെട്ട നിങ്ങളുടെ വ്യക്തിപരമായ സംശയങ്ങൾക്ക് എപ്പോഴും അംഗീകൃത ട്രെയിനറുടെയോ ഡോക്ടറുടെയോ ഉപദേശം തേടുക.)

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - ഹെൽത്ത് ഡെസ്ക്

contributor

Similar News